എല്‍ജെഡിയില്‍ നേതൃമാറ്റമാവശ്യപ്പെട്ട് ജെസിസി മിഡില്‍ ഈസ്റ്റ് കമ്മിറ്റി പ്രമേയം

ദുബൈ: കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടനാ സംവിധാനമുള്ള എല്‍ജെഡി നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റില്‍ മാത്രം മല്‍സരിക്കേണ്ടി വന്നതും വടകരയും കല്‍പ്പറ്റയുമടക്കം പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയവും കണക്കിലെടുത്ത് എല്‍ജെഡിയില്‍ നേതൃമാറ്റമാവശ്യപ്പെട്ട് ജനതാ കള്‍ചറല്‍ സെന്റര്‍ (ജെസിസി) മിഡില്‍ ഈസ്റ്റ് കമ്മിറ്റി പ്രമേയം പാസ്സാക്കി. എല്‍ഡിഎഫില്‍ എല്‍ജെഡിയെക്കാളുമെത്രയോ ചെറിയ പാര്‍ട്ടികള്‍ക്ക് കിട്ടിയ പരിഗണന പോലും പാര്‍ട്ടിക്ക് കിട്ടാതിരുന്നതും സിറ്റിംഗ് സീറ്റായ വടകരയും കല്‍പ്പറ്റയും വന്‍ പരാജയം നേരിടേണ്ടി വന്നതും നേതൃത്വത്തിന്റെ അനാസ്ഥയും പിടിപ്പുകേടും മൂലമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനയോ സ്ഥാനാര്‍ത്ഥിയാകുന്നവരുടെ വിജയ സാധ്യതയോ നേതൃത്വം ശ്രദ്ധിച്ചില്ല. സംഘടനാ സംവിധാനത്തിലും ജനങ്ങളുടെ ഇടയിലും മുന്നണിയിലും പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജിച്ച് തിരിച്ചു വരാന്‍ നേതൃമാറ്റം വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ ജെസിസി പ്രസിഡന്റ് സഫീര്‍.പി ഹാരിസ് അധ്യക്ഷത വഹിച്ചു. ജെപിസിസി പ്രസിഡന്റ് ഷംഷാദ് റഹീം, ജെസിസി മീഡില്‍ ഈസ്റ്റ് കമ്മിറ്റി ഭാരവാഹികളായ ടി.ജെ ബാബു, ടി.പി അന്‍വര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായ നാസര്‍ മുഖദാര്‍ (ദുബൈ), അബ്ദുല്‍ വഹാബ്, കോയ വേങ്ങര, അനില്‍ കൊയിലാണ്ടി, ഖലീല്‍ കായംകുളം (കുവൈത്ത്), അബ്ദുല്‍ ഗഫൂര്‍ (സഊദി), പ്രണവ് (ജോര്‍ദാന്‍), ഷാജി തോട്ടിന്‍കര (ഒമാന്‍), യുകെ ബാലന്‍ (ബഹ്‌റൈന്‍) എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു