വടകരയില്‍ പാര്‍കോ കോവിഡ് ഹോസ്പിറ്റല്‍ കെ.മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു

വടകരയിലെ പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോവിഡ് 19 ആശുപത്രിയുടെ ഉദ്ഘാടനം കെ.മുരളീധരന്‍ എംപി നിര്‍വഹിച്ചപ്പോള്‍

വടകര: പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോവിഡ് 19 ആശുപത്രിയുടെ ഉദ്ഘാടനം കെ.മുരളീധരന്‍ എംപി നിര്‍വഹിച്ചു. പരവന്തലയിലെ പാര്‍കോ കോളജ് ഓഫ് നഴ്‌സിംഗ് കെട്ടിടത്തിലാണ് ആശുപത്രി സ്ഥാപിച്ചിരിക്കുന്നത്. 50 പേര്‍ക്ക് ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും 50 മറ്റ് കിടക്കകളുമാണ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പാര്‍കോ ഹോസ്പിറ്റല്‍ ചെയര്‍മാനായിരുന്ന അന്തരിച്ച പി.എ റഹ്മാന്റെ കുടുംബത്തിന്റെ മഹത്തായ സേവനത്തെ കെ.മുരളീധരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പ്രശംസിച്ചു. നിര്‍ധന രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഒരു സ്വകാര്യ ആശുപത്രി നല്‍കുന്ന സേവനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ചെയര്‍മാന്‍ പി.പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു സ്വാഗതം പറഞ്ഞു. കെ.കെ രമ എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബ ശിവറാവു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, റൂറല്‍ എസ്പി ഡോ.എ ശ്രീനിവാസ്, ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ബാലകൃഷ്ണന്‍, ഫാഷിദ, ചോറോട് പഞ്ചായത്ത് അംഗം കെ.മധു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.ജയശ്രീ, ഡോ. നവീന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അലി, ഐഎംഎ പ്രസിഡണ്ട് ഡോ. ഇസ്മത് റിഫായി, പാര്‍കോ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. പി.നസീര്‍ നന്ദി പറഞ്ഞു.
പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിലുള്ള ചികിത്സാ സൗകര്യവും ഏത് സാഹചര്യത്തെയും നേരിടാന്‍ കഴിവുള്ള വിദഗ്ധരായ ആരോഗ്യ പ്രവര്‍ത്തകരും സജ്ജമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ ആശുപത്രി പ്രവര്‍ത്തന സജ്ജമാകും.