‘ഖുഷി’: ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ ഏക മലയാള പുസ്തകം

ഖുഷി ഡിസി ബുക്‌സ് സ്റ്റാളില്‍

ഷാര്‍ജ: ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പന്ത്രണ്ടാമത് കുട്ടികളുടെ വായനോത്സവത്തിലെ ഏക മലയാള പുസ്തകമായി ‘ഖുഷി’. ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകനായ സാദിഖ് കാവില്‍ രചിച്ച് 2017ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവല്‍ ഗള്‍ഫിലെ പരിസ്ഥിതി സംബന്ധമായ വിഷമയമാണ് പ്രമേയമാക്കിയിട്ടുള്ളത്.
ഒരു നഗരത്തിലെ പാര്‍ക്കിലും ഒമാനിലെ ഫ്‌ളാറ്റിലും നടക്കുന്ന സംഭവ വികാസങ്ങളില്‍ ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന അഞ്ചു വയസുകാരനുമാണ് പ്രധാന കഥാപാത്രങ്ങള്‍. കുട്ടികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് നോവലിന്റെ ലക്ഷ്യമെന്ന് സാദിഖ് കാവില്‍ പറഞ്ഞു. ഗള്‍ഫിലും കേരളത്തിലും വ്യാപകമായി വായിക്കപ്പെട്ട ഖുഷി മൂന്ന് എഡിഷന്‍ പിന്നിട്ട നോവലാണ്. പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിനാണ് അവതാരിക എഴുതിയിട്ടുള്ളത്.
ഉത്സവ നഗരിയിലെ ഹാള്‍ നമ്പര്‍ മൂന്നിലാണ് ഡിസി ബുക്‌സ് സ്റ്റാള്‍ ഉള്ളത്. ഇവിടെയടക്കം ഈ ഹാളിലെ ബാക്കി എല്ലാ സ്റ്റാളുകളിലും ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ലോകത്തെ പ്രശസ്തമായ കുട്ടികളുടെ ഇംഗ്‌ളീഷ് സാഹിത്യ കൃതികള്‍ ലഭ്യമാണ്.