കെഎംസിസി നേതാക്കള്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയെ കണ്ടു

യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, ദുബൈ കെഎംസിസി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ 'മീറ്റ് ദി അസോസിയേഷന്‍' പരിപാടിയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ദുബൈ: വിവിധ പ്രവാസി സംഘടനാ നേതാക്കളുമൊത്ത് കെഎംസിസി നേതാക്കള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയെ കണ്ടു. വിസിറ്റിംഗ് വിസയിലുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക യാത്രാ സൗകര്യമേര്‍പ്പെടുത്തണമെന്നും നേതാക്കള്‍ കോണ്‍സുല്‍ ജനറലിനോട് അഭ്യര്‍ത്ഥിച്ചു.
യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ള കുടുംബങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിനേഷന് അവസരം ലഭിക്കാത്ത സാഹചര്യമുണ്ട്. അതുകൂടാതെ, നാട്ടില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നതില്‍ ഇളവ് ലഭിക്കേണ്ടതുമുമുണ്ട്. ഇന്ത്യയിലെ വാക്‌സിന്‍ ലഭ്യതയുടെ കുറവ് യുഎഇ ഗവണ്‍മെന്റിനെ ബോധ്യപ്പെടുത്തി വാക്‌സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് തത്കാലം മാറ്റിവെക്കാനുള്ള നീക്കം നടത്തണം; പ്രാണ വായുവിനായി പിടയുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് കൂടുതല്‍ ഇടപെടലുകള്‍ നടത്തണം; കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചവരില്‍ അര്‍ഹരായ ഇന്ത്യക്കാര്‍ക്ക് സഹായ പദ്ധതി രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കെഎംസിസി നേതാക്കള്‍ കോണ്‍സുല്‍ ജനറലിനെ ബോധിപ്പിച്ചത്.
യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര,
ദുബൈ കെഎംസിസി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവരാണ് ‘മീറ്റ് ദി അസോസിയേഷന്‍’ പരിപാടിയില്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സൗജന്യ ഷിപ്‌മെന്റ് സര്‍വീസ് എയര്‍ ഇന്ത്യ വഴി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തുമെന്നും അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാന്‍ കഴിയാത്ത ഇന്ത്യക്കാരുടെ പ്രതിസന്ധി പരിഹരിക്കാന്‍ യുഎഇ അധികൃതരുമായി സംസാരിക്കുമെന്നും പ്രവാസി സംഘടനകളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി പ്രതികരിച്ചു. വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ പങ്കെടുത്ത ‘മീറ്റ് ദി അസോസിയേഷനി’ല്‍ ഒട്ടേറെ പ്രവാസി പ്രശ്‌നങ്ങളും ആശങ്കകളും വിവിധ സംഘടനകളുടെ പ്രതിനിധികള്‍ കോണ്‍സുല്‍ ജനറലുമായി പങ്കു വെച്ചു.