കോവിഡ്, പ്രളയ ദുരിതാശ്വാസം: കെഎന്‍എമ്മും യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും കൈ കോര്‍ക്കുന്നു

95

ദുബൈ: കോവിഡ് 19 പകര്‍ച്ചവ്യാധി, പ്രളയം എന്നിവ മൂലം ബുദ്ധിമുട്ടും പ്രയാസവുമനുഭവിക്കുന്നവരെ സഹായിക്കാനായി കേരള നദ്‌വത്തുല്‍ മുജാഹീദീന്റെ (കെഎന്‍എം) പോഷക ഘടകമായ ഐഎസ്എമ്മിന് കീഴില്‍ ഈലാഫ് വളണ്ടിയര്‍മാരുടെ സഹായത്താല്‍ വിവിധ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യുഎഇ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
ചികിത്സാ രംഗത്ത് സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ധനസഹായം, കുടിവെള്ള പദ്ധതി, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വളണ്ടിയര്‍മാര്‍ക്കാവശ്യമായ പിപിഇ കിറ്റ്, സാനിറ്റൈസര്‍, ഗ്‌ളൗസ്, മാസ്‌ക് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ വിതരണം എന്നിവ കൂടാതെ, യുഎഇയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിയത് മൂലം വിഷമമനുഭവിക്കുന്ന പ്രവാസികള്‍ക്കുള്ള സഹായം എന്നിവയാണ് പ്രധാന ദുരിതാശ്വാസ പദ്ധതികള്‍. ഇതിനായി കേരളത്തിലെയും യുഎഇയിലെയും പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ക്രൈസിസ് മാനേജ്‌മെന്റ് ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കും. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള മുഴുവന്‍ യൂണിറ്റുകളും ഈ പദ്ധതികളുമായി സഹകരിക്കാന്‍ യോഗം ആഹ്വാനം ചെയ്തു.
പ്രവര്‍ത്തക സമിതി യോഗം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യുഎഇ പ്രസിഡന്റ് എ.പി അബ്ദുസ്സമദ് നിയന്ത്രിച്ചു. വിവിധ യുണിറ്റുകളെ പ്രതിനിധികരിച്ച് അബ്ദുല്‍ റസാഖ് അന്‍സാരി, ഷഹീന്‍ അലി, എം.യു ബഷീര്‍, ശിഹാബ് ജിന്ന, റഫീഖ് എറവറാംകുന്ന്, അബൂബക്കര്‍ മണ്ണാര്‍ത്തൊടി, റിനാസ് ചെട്ടിയാങ്കണ്ടി, നിയാസ് മോങ്ങം, മുനീര്‍ കെ.സി, ഷാനവാസ്, ജലീല്‍ തലശ്ശേരി, ദില്‍ഷാദ്, അബ്ദുല്‍ വാഹിദ് തിക്കോടി, അന്‍സാര്‍ നന്മണ്ട, ഹനീഫ് സ്വലാഹി, അബൂ ഷമീര്‍, ഇസ്മായില്‍ ഒ.കെ, ഫിറോസ് ഇളയോടന്‍, കെ.എ അബ്ദുല്‍ ജലീല്‍, ഷാഫി ഫുജൈറ, ഫാറൂഖ് ഹുസൈന്‍ പങ്കെടുത്തു.
അബ്ദുല്‍ വാഹിദ് മയ്യേരി, വി.കെ സകരിയ്യ, മുഹമ്മദലി പാറക്കടവ് എന്നിവര്‍ പദ്ധതികള്‍ക്ക് രൂപരേഖ നല്‍കി. ജന.സെക്രട്ടറി ഹുസൈന്‍ ഫുജൈറ സ്വാഗതവും കെ.എ ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.