‘ലൈലത്തുല്‍ ഖദ്ര്‍’ പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന രാവ്

അതിവിശിഷ്ട രാവാണ് ‘ലൈലത്തുല്‍ ഖദ്ര്‍’. അനുഗ്രഹിക്കപ്പെട്ട രാവെന്നാണ് അല്ലാഹു ആ രാത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ”നിശ്ചയം, ഒരു അനുഗൃഹീത നിശയിലാണ് നാമതിനെ അവതരിപ്പിച്ചിരിക്കുന്നത്” (സൂറത്തുദ്ദുഖാന്‍ 3). ഈ രാവില്‍ അല്ലാഹു അടിമകള്‍ക്ക് ഇടതടവില്ലാതെ അനുഗ്രഹാശിസ്സുകള്‍ ചൊരിയുമത്രെ. ലൈലത്തുല്‍ ഖദ്ര്‍ രാവിലെ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് അതിരും പരിധിയുമില്ലാത്ത പ്രതിഫലങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്.
ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യ നിശയില്‍ മാലാഖമാര്‍ അല്ലാഹുവില്‍ നിന്നുള്ള രക്ഷയും കാരുണ്യവുമായി ഇറങ്ങി വരും. അല്ലാഹു വിവരിക്കുന്നു: ”മലക്കുകളും, വിശിഷ്യാ ജീബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങി വരുന്നു. ഉണ്‍മ പ്രഭാതോദയം വരെ അത് ശാന്തിയത്രെ” (സൂറത്തുല്‍ ഖദ്ര്‍ 4, 5). ജിബ്‌രീല്‍ (അ) അടക്കമുള്ള മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന് വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്ക് ആമീന്‍ പറയും. വിശ്വാസിയെയോ വിശ്വാസിനിയെയോ കണ്ടാല്‍ അവര്‍ നാഥനില്‍ നിന്നുള്ള രക്ഷയും ശാന്തിയും സമാധാനവും ആശംസിച്ചുകൊണ്ടുള്ള സലാം പറയും. ഇത് പ്രഭാതം ഉദിക്കും വരെ തുടരും.
ലൈലത്തുല്‍ ഖദ്ര്‍ സലാമിന്റെ രാവാണ്. രക്ഷക്കും ശാന്തിക്കുമുള്ള പ്രാര്‍ത്ഥനയായ സലാം മനസ്സിന് സമാധാനം പകരുന്ന അമൂല്യ അഭിവാദ്യമാണ്. ആദം നബി (അ) സ്വര്‍ഗത്തില്‍ വെച്ച് ആദ്യമായി പഠിച്ചത് സലാമാണ്. നബി (സ്വ) പറയുന്നു: ”അല്ലാഹു ആദമിന്റെ സൃഷ്ടി കര്‍മങ്ങള്‍ക്ക് ശേഷം അദ്ദേഹത്തോട് പറഞ്ഞു -താങ്കള്‍ ആ മലക്കുകളുടെ സംഘത്തിലേക്ക് പോയി സലാം പറയുക; എന്നിട്ട് അവര്‍ താങ്കളോട് അഭിവാദ്യം ചെയ്യുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. അതാണ് താങ്കളുടെയും താങ്കളുടെ സന്താനങ്ങളുടെയും അഭിവാദ്യം. ആദം അവരോട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: അസ്സലാമു അലൈക്കും വറഅ്മത്തുല്ലാഹ്” (ഹദീസ് ബുഖാരി, മുസ്‌ലിം). ലൈലത്തുല്‍ ഖദ്ര്‍ പുണ്യ രാവില്‍ ഭൂമിയുടെ മുഴുവന്‍ ഭാഗത്തും അല്ലാഹുവില്‍ നിന്നുള്ള രക്ഷാശിര്‍വാദമായി സലാം വ്യാപിക്കുന്നതായിരിക്കും.
റമദാനിലെ ഏറെ പുണ്യമുള്ള അവസാന പത്തു ദിനങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് ദൈവ സാമീപ്യം ഉറപ്പിക്കുന്ന പുണ്യ പ്രവര്‍ത്തനമാണ് ഫിത്വ്ര്‍ സകാത്ത്. ആണും പെണ്ണുമായ, ചെറുതും വലുതുമായ എല്ലാവര്‍ക്കും നിര്‍ബന്ധമാണ് ഈ ദാനം. താമസിക്കുന്ന പ്രദേശത്തെ ധാന്യ ഭക്ഷ്യങ്ങളില്‍ നിന്ന് ഒരു സ്വാഅ് (3.200 ലിറ്റര്‍, അല്ലെങ്കില്‍ രണ്ടര കിലോ ഗ്രാം മുതല്‍ 3 കിലോ ഗ്രാം വരെ) നല്‍കാനാണ് നബി (സ്വ) പറഞ്ഞത്. പ്രവാചകരുടെ (സ്വ) കാലത്ത് കാരക്കയോ ബാര്‍ലിയോ നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. നിശ്ചിത അളവിലെ ഭക്ഷ്യ വസ്തുക്കളുടെ മൂല്യം തുകയായി കൊടുത്താലും മതിയെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. യുഎഇ സാഹചര്യം പ്രകാരം ഒരാള്‍ 20 ദിര്‍ഹം നല്‍കിയാല്‍ സകാത്തുല്‍ ഫിത്വ്ര്‍ വീടുന്നതായിരിക്കും. ആശ്രിതരുടേത് കുടുംബ നാഥനാണ് നല്‍കേണ്ടത്. നിരാലംബരും നിരാശ്രയരുമായ ദരിദ്ര ജനമാണ് ഈ സകാത്തിന്റെ അര്‍ഹര്‍. അര്‍ഹരിലേക്ക് എത്തിക്കാന്‍ സന്നദ്ധ വ്യക്തികളെയോ സംഘത്തെയോ ഏല്‍പ്പിക്കാവുന്നതുമാണ്.