ഖുര്‍ആന്‍ സമ്പൂര്‍ണ വിജയമാര്‍ഗം

പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത് മാനവരാശിയുടെ വിജയത്തിനാണ്. സൂറത്തു ത്വാഹാ 2, 3 സൂക്തങ്ങളിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നു: ”കഷ്ടപ്പെടാനല്ല, ഭയപ്പെടുന്നവര്‍ക്ക് ഉദ്‌ബോധനം നല്‍കാനായി മാത്രമാണ് താങ്കള്‍ക്ക് നാം ഖുര്‍ആന്‍ ഇറക്കയിരിക്കുന്നത്”. പരാജയപ്പെടാനല്ല, ജയിപ്പിക്കാന്‍ തന്നെയാണ് ദൈവ വചനങ്ങള്‍ അതവതീര്‍ണമായതെന്നര്‍ത്ഥം. ഖുര്‍ആന്‍ തന്നെയാണ് ബൃഹത്തായ വിജയ മാര്‍ഗം. എല്ലാ വിജയങ്ങള്‍ക്കുമുള്ള നിദാനം ഖുര്‍ആനിലൂടെ കണ്ടെത്താനാകും.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനെ പിന്‍പറ്റി ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തവന്‍ സന്മാര്‍ഗം ദര്‍ശിച്ചിരിക്കും. അവനെ വിജയപ്പിക്കുന്ന കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു (തഫ്‌സീറുല്‍ ത്വബ്‌രി 16/191). അല്ലാഹു തന്നെ പറയുന്നു: എന്റെയടുത്തു നിന്നുള്ള എന്തെങ്കിലും മാര്‍ഗ ദര്‍ശനം വന്നു കിട്ടുന്ന പക്ഷം, അപ്പോള്‍ ആരത് അനുധാവനം ചെയ്യുന്നുവോ അവര്‍ മാര്‍ഗ ഭ്രഷ്ടരോ ഭാഗ്യശൂന്യരോ ആയിത്തീരില്ല (സൂറത്തുത്വാഹാ 123).
ഇരു ലോകങ്ങളിലുമുള്ള വിജയം സുനിശ്ചിതമാക്കുന്നതാണ് വിശുദ്ധ ഖുര്‍ആന്‍. മനുഷ്യ മനസ്സുകള്‍ക്ക് ശാന്തിയും സമാധാനവും പ്രാപ്യമാകുന്നതും ദൈവ വചനങ്ങള്‍ കൊണ്ടു തന്നെയാണ്. ”അറിയുക, ദൈവ സ്മരണ കൊണ്ടു മാത്രമേ ഹൃദയങ്ങള്‍ക്ക് പ്രശാന്തി കൈവരൂ” എന്നാണ് ഖുര്‍ആന്‍ അറിയിപ്പ് (സൂറത്തു റഅ്ദ് 28). ഇഹ പര ലോക വിജയങ്ങളുടെ തന്ത്രങ്ങളും മന്ത്രങ്ങളും ഖുര്‍ആനില്‍ നിക്ഷിപ്തമായി കാണാം. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നത് ജീവിത വിജയത്തിന്റെ വാതായനമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. സൂറത്തു മര്‍യം 32ാം സൂക്തത്തില്‍ അല്ലാഹു ഈസാ നബി (അ) പ്രസ്താവിക്കുന്നതായി ഉദ്ധരിക്കുന്നത് കാണാം, ”മാതാവായ മര്‍യം ബീവിയോട് ഉദാത്ത സമീപനക്കാരനാക്കി, ക്രൂരനോ ഹതഭാഗ്യനോ ആക്കിയില്ല” എന്നാണ് പ്രസ്താവനാ പ്രയോഗം. ഈ പ്രയോഗത്തില്‍ ഖുര്‍ആന്‍ മാതാവിനോടുള്ള ഉദാത്ത സമീപനത്തിന് വിപരീതമായാണ് ഹതഭാഗ്യം അല്ലെങ്കില്‍ പരാജയം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഗുരുത്വവും പൊരുത്തവുമുള്ളവര്‍ക്ക് എവിടെയും വിജയം ഉറപ്പിക്കാനാകും. അത്തരക്കാര്‍ക്ക് സദാ ദൈവ കാവലുമുണ്ടാകും. മാതാ പിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി കുടി കൊള്ളുന്നതെന്നാണ് നബി (സ്വ) അരുള്‍ ചെയ്തിരിക്കുന്നത് (ബൈഹഖി, ശിഅബുല്‍ ഈമാന്‍ 7830). കോപവും തഥൈവയെന്ന് മനസ്സിലാക്കാം.
ഖുര്‍ആന്‍ പഠിപ്പിക്കുന്ന മറ്റൊരു വിജയ മരുന്നാണ് പ്രാര്‍ത്ഥന. നിത്യ ജീവിതത്തില്‍ പ്രാര്‍ത്ഥന ആയുധമാക്കിയവന്‍ വിജയശാലിയായിരിക്കും. അല്ലാഹുവിലേക്ക് അവതരിപ്പിച്ച ആവശ്യം വൃഥാവായില്ലെന്നും നിരാശപ്പെടുത്താതെ തന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് വിജയം നേടിത്തന്നുവെന്ന് സകരിയ്യ നബി (അ) പറയുന്നതും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ”നിന്നോടുള്ള പ്രാര്‍ത്ഥന നടത്തിയിട്ട് ഇന്നോളം ഞാന്‍ ഭാഗ്യശൂന്യനായിട്ടില്ല നാഥാ” (സൂറത്തു മര്‍യം 4). വിജയങ്ങള്‍ സ്വമേധയാ പൊട്ടിപ്പുറപ്പെടുന്നതല്ല. വിജയിക്കാനായി മുന്നിട്ടിറങ്ങണം. ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ അനുധാവനം, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍, കുടുംബ ബന്ധം ചേര്‍ക്കല്‍, നിരന്തര പ്രാര്‍ത്ഥന തുടങ്ങി വിജയ കാരിണികള്‍ ജീവിത ശൈലിയാക്കിയെങ്കില്‍ സുനിശ്ചിത വിജയിയായി വിലയിരുത്താനാകും.