മുസ്‌ലിം ലീഗിനൊപ്പം മല പോലുറച്ച് മലപ്പുറം; സമദാനിക്ക് മിന്നും ജയം

8

1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമദാനി മലപ്പുറത്ത് ലീഗിന്റെ വിജയത്തുടര്‍ച്ച ആവര്‍ത്തിച്ചത്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ‘ദേശീയ’ പോരാട്ടത്തില്‍ വിജയക്കൊടി പാറിച്ച് എം.പി.അബ്ദുസ്സമദ് സമദാനി. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമദാനി മലപ്പുറത്ത് ലീഗിന്റെ വിജയത്തുടര്‍ച്ച ആവര്‍ത്തിച്ചത്. സമദാനിക്ക് 5,38,248 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി.സാനുവിന് 4,23,633 വോട്ടും ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി.അബ്ദുല്ലക്കുട്ടിക്ക് 68,935 വോട്ടാണ് ലഭിച്ചത്.
ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി കോട്ട പോലെ കാത്ത മണ്ഡലമാണ് മലപ്പുറം.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, കര്‍ഷകവിരുദ്ധ, ന്യൂനപക്ഷവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. സ്ഥാനാര്‍ഥി സമദാനിയുടെ മതനിരപേക്ഷ വ്യക്തിത്വവും ബഹുഭാഷാ വൈദഗ്ധ്യവും രാജ്യസഭാംഗമായിരിക്കെ നടത്തിയ പ്രകടനവും ഉയര്‍ത്തിക്കാട്ടിയത് അനുകൂലഘടകമായി.