‘സമീര്‍’ സിനിമ നീ സ്ട്രീം ഒടിടിയില്‍ മെയ് ഏഴ് മുതല്‍

ദുബൈ: ഗള്‍ഫ് പ്രവാസത്തിന്റെ വേറിട്ട ചിത്രീകരണത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും വമ്പിച്ച ശ്രദ്ധ നേടിയ ‘സമീര്‍’ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം വഴി ലോക പ്രേക്ഷകരിലേക്കെത്തുന്നു. നീ സ്ട്രീം ഒടിടിയില്‍ മെയ് ഏഴിന് 2.30 മുതല്‍ സംപ്രേഷണം ആരംഭിക്കും. നീ സ്ട്രീം മൊബൈല്‍ ആപ്‌ളികേഷന്‍ വഴി സ്മാര്‍ട് ഫോണിലോ ആന്‍ഡ്രോയ്ഡ് ടിവിയിലോ ചെറിയ തുകയില്‍ ചിത്രം ലോകത്തെവിടെയും കാണാന്‍ സാധിക്കും.
ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര അവാര്‍ഡ് പട്ടികയുടെ ഫൈനല്‍ റൗണ്ടില്‍ എത്തുകയും മൂന്ന് വിഭാഗങ്ങളില്‍ അന്തിമ ഘട്ടം വരെ മത്സരിക്കുകയും ചെയ്ത ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് റഷീദ് പാറക്കല്‍ എന്ന മുന്‍ പ്രവാസിയാണ്. തൊണ്ണൂറുകളുടെ അവസാന പാദത്തില്‍ കേരളത്തിലെ ഗ്രാമ്യ നന്മയില്‍ നിന്ന് തൊഴില്‍ തേടി അല്‍ ഐനിലെ ഒരു തക്കാളിത്തോട്ടത്തില്‍ എത്തിയ ഒരു ചെറുപ്പക്കാരന്‍. അവിടത്തെ ദുസ്സഹ സാഹചര്യത്തില്‍ പ്രതീക്ഷിക്കാതെ എത്തുന്ന ദുഃഖങ്ങളെയും ദുരിതങ്ങളെയും പഴിക്കാതെ, ശപിക്കാതെ ചെറു ചിരിയോടെയും സ്‌നേഹത്തോടെയും നേരിടാന്‍ ശ്രമിക്കുന്ന അയാള്‍ക്ക് പിന്നെയും വന്നു പെടുന്നത് വിചിത്രാനുഭവങ്ങള്‍. സ്വത:സിദ്ധമായ നന്മയും പ്രസന്നതയും കൈവിടാത്ത അയാള്‍ പ്രകൃതിയും പരിസരവും എത്ര മാത്രം കാഠിന്യം കാണിക്കുമ്പോഴും പ്രതീക്ഷ വറ്റാത്ത മനസ്സോടെ പ്രതിരോധിക്കാന്‍ തീരുമാനമെടുക്കുന്നു.


സത്യത്തിനും സ്വപ്നത്തിനുമിടക്കുള്ള ധര്‍മ സങ്കടങ്ങളുടെ അവസ്ഥയാണ് ജീവിതമെന്ന വിശേഷണത്തെ സ്‌നേഹത്തിനും സൗഹൃദത്തിനുമിടക്കുള്ള നിര്‍വൃതിയാണെന്ന് ബോധ്യപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച ആ ചെറുപ്പക്കാരന്റെ പേരാണ് സമീര്‍. അവന്റെ വിചിത്ര കഥയാണ് സമീര്‍ എന്ന സിനിമ. ഇതു വരെ അധികമാരും വരച്ചിടാത്ത ചില പ്രവാസാനുഭവങ്ങളെ, വ്യത്യസ്ത ഭൂഭാഗങ്ങളെ, ദേശ-ഭാഷക്കപ്പുറമുള്ള വൈവിധ്യ കഥാപാത്രങ്ങളെ സമീര്‍ നമുക്ക് പരിചയപ്പെടുത്തുന്നു. ഇതൊരു പ്രാദേശിക സിനിമയല്ല. ലോകത്തിന്റെ പരിച്ഛേദമാകുന്ന ഗള്‍ഫ് പ്രവാസ ഭൂമികയില്‍ പല തരക്കാരായ മനുഷ്യരുടെ യഥാര്‍ത്ഥ മനസ്സും ജീവിതവും എന്താണെന്ന് ബോധ്യപ്പെടുത്തുന്ന കെട്ടുകാഴ്ചകളില്ലാത്ത മാനവികതയുടെ യൂണിവേഴ്‌സല്‍ സിനിമ തന്നെയാണ് സമീര്‍.
റഷീദ് പാറക്കല്‍ നേരിട്ട സ്വന്തം ജീവിതം കോറിയിട്ട ‘ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്നങ്ങള്‍’ എന്ന നോവലില്‍ നിന്നാണ് തിരക്കഥ രൂപപ്പെടുത്തിയത്. അന്നത്തെ അതേ തോട്ടത്തിലും പരിസരങ്ങളിലുമായി തന്റെ പ്രവാസകാലത്തെ അന്തരീക്ഷവും കഥാപാത്രങ്ങളുമൊക്കെ പുനഃസൃഷ്ടിച്ചൊരുക്കിയ ‘സമീര്‍’ പക്ഷേ യാഥാര്‍ത്ഥ്യമോ അയാഥാര്‍ത്ഥ്യമോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത വിധം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. സവൈഹാനിലെ കൃഷിത്തോട്ടങ്ങളിലും മരുഭൂമികളിലും ഫുജൈറ, അല്‍ ഐന്‍ എന്നിവിടങ്ങളിലും ഏതാനും ആഴ്ചകള്‍ അഹോരാത്രം ശ്രമപ്പെട്ടാണ് റഷീദ് പാറക്കലും സംഘവും ഈ ചിത്രമൊരുക്കിയത്. നാട്ടില്‍ വടക്കാഞ്ചേരിയുടെ ഗ്രാമ പ്രദേശങ്ങളിലാണ് ബാക്കി ഭാഗം ചിത്രീകരിച്ചത്.
പ്രവാസിയായ പ്രശസ്ത ഛായാഗ്രാഹകന്‍ രൂപേഷ് തിക്കോടി അതിമനോഹരമായി രംഗങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട്. താരതമ്യേന നവാഗതനായ ആനന്ദ് റോഷന്‍ ശാരീരികമായും മാനസികമായും നടത്തിയ മാസങ്ങള്‍ നീണ്ട തയാറെടുപ്പുകള്‍ സമീര്‍ എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയിട്ടുണ്ട്. മാമുക്കോയ, ഇര്‍ഷാദ്, വിനോദ് കോവൂര്‍, അനഘ സജീവ്, മഞ്ജു പത്രോസ്, നീനാ കുറുപ്പ്, ഫിദാ തുടങ്ങിയവരും ഖല്‍ബില്‍ കൂടു വെക്കുന്ന കഥാപാത്രങ്ങളായി. പ്രവാസ ലോകത്തെ അഷ്‌റഫ് കിരാലൂര്‍, കെ.കെ മൊയ്തീന്‍ കോയ, ഗോപന്‍ മാവേലിക്കര, ബഷീര്‍ സില്‍സില, ഷാജഹാന്‍ ഒറ്റത്തയ്യില്‍, ഷെയ്ഖ സലിന്‍, അഷറഫ് പിലാക്കല്‍, മെഹ്ബൂബ് വടക്കാഞ്ചേരി, രാജു തോമസ്, എ.ആര്‍ ഷാനവാസ്, ഡോ. ആരിഫ്, ഷാനു, പ്രജീപ് ചന്ദ്രന്‍, ജിമ്മി തുടങ്ങിയ അഭിനേതാക്കളെ കഥാപാത്രങ്ങള്‍ക്കനുസൃതമായി തെരഞ്ഞെടുക്കുന്നതിലും ഉജ്വലമായി ഉപയോഗപ്പെടുത്തുന്നതിലും സംവിധായകന്‍ വലിയ അളവില്‍ വിജയിച്ചിരിക്കുന്നു. അപൂര്‍വ സുന്ദരമായ അഞ്ചോളം ഗാനങ്ങള്‍ ‘സമീറി’ന്റെ മറ്റൊരു ആകര്‍ഷണമാണ്. പ്രചാരണ ഘട്ടത്തില്‍ പുറത്തിറങ്ങിയ ”ജീവന്റെ ജീവനായി…”, ”മഴ ചാറും ഇടവഴിയില്‍…” എന്നീ പാട്ടുകള്‍ ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷോപലക്ഷങ്ങള്‍ ഈ പാട്ടുകള്‍ ആസ്വദിച്ചിരിക്കുന്നു. റഷീദ് പാറക്കല്‍ തന്നെ രചിച്ച ഗാനങ്ങള്‍ സുദീപ് പാലനാട്, ശിവറാം എന്നിവരാണ് ചിട്ടപ്പെടുത്തിയത്. ”മഴ ചാറും…” പാടിയത് മലയാളത്തിന്റെ പ്രിയ സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്ററാണ്. ‘സുഡാനി ഫ്രം നൈജീരിയ’, ‘നിത്യ ഹരിത നായകന്‍’, ‘കരിക്കിന്‍വെള്ളം’, ‘കെട്ട്യോളാണെന്റെ മാലാഖ’ തുടങ്ങി ഒട്ടേറെ സൂപര്‍ ഹിറ്റുകള്‍ എഡിറ്റ് ചെയ്ത നൗഫല്‍ അബ്ദുള്ളയാണ് ഈ ചിത്രം എഡിറ്റ് ചെയ്തത്.
കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം: റഷീദ് പാറക്കല്‍. ബിയോണ്ട് ദി റീല്‍സ് പ്രൊഡക്ഷന്‍സും പ്രവാസി കൂട്ടായ്മയായ ദുബൈ മാസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്. സാങ്കേതിക വിഭാഗത്തില്‍ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്: സനില്‍ കുമാര്‍. അസോസിയേറ്റ് ഡയറക്ടര്‍: അമീര്‍ പട്ടാമ്പി. സംവിധാന സഹായി: അന്‍സാരി കരൂപ്പടന്ന, സമീര്‍. ചമയം: സുധി സുരേന്ദ്രന്‍. വസ്ത്രാലങ്കാരം: ശിവന്‍ ഭക്തന്‍. നിര്‍മാണ നിയന്ത്രണം: താഹിര്‍ മട്ടാഞ്ചേരി. കലാ സംവിധാനം: നിസാര്‍ ഇബ്രാഹിം. നിര്‍മാണ ഏകോപനം: മെഹ്ബൂബ് വടക്കാഞ്ചേരി.