ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ മെയ് 19 മുതല്‍

ഈ വര്‍ഷത്തെ ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ സംബന്ധിച്ച പ്രഖ്യാപനം ഷാര്‍ജ ബുക് അഥോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ആമിരി നിര്‍വഹിച്ചപ്പോള്‍

ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ (എസ്‌സിആര്‍എഫ്) മെയ് 19 മുതല്‍ 29 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുമെന്ന് സംഘാടകരായ ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിത്യേന വൈകുന്നേരം 4 മുതല്‍ രാത്രി 10 മണി വരെയാണ് കുട്ടികളുടെ വായനോല്‍സവമായ എസ്‌സിആര്‍എഫിന്റെ പന്ത്രണ്ടാം എഡിഷന്‍ അണിയിച്ചൊരുക്കുന്നത്. ‘ഫോര്‍ യുവര്‍ ഇമാജിനേഷന്‍’ എന്നതാണ് 2021ലെ മേളയുടെ ആപ്തവാക്യം. കുരുന്നു മനസുകള്‍ക്ക് അറിവും അവബോധവും സാംസ്‌കാരികതയും പ്രദാനം ചെയ്യുന്ന കുട്ടികളുടെ പുസ്തക മേളയോടനുബന്ധിച്ച് നിരവധി പരിപാടികളും ശില്‍പശാലകളും സംവാദ പരിപാടികളും സംഘടിപ്പിക്കും.

എസ്‌സിആര്‍എഫ് ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഖൗല അല്‍മുജൈനി വായനോല്‍സവത്തെ കുറിച്ച് വിശദീകരിക്കുന്നു

ഇന്ത്യയടക്കം 15 രാജ്യങ്ങളില്‍ നിന്നുള്ള 172 പ്രസാധകരാണ് 11 ദിവസം നീളുന്ന മേളയില്‍ പങ്കെടുക്കുകയെന്ന് എസ്ബിഎ ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ആമിരി അറിയിച്ചു. പ്രശസ്ത കലാകാരന്മാരും വിദഗ്ധരും നയിക്കുന്ന 537 പ്രത്യേക പരിപാടികളും തിയട്രിക്കല്‍ ഷോകളും വര്‍ക് ഷോപ്പുകളും പ്രത്യേകമായി ഒരുക്കുന്നതാണ്. കോവിഡ് 19 പ്രതിരോധ നടപടികള്‍ കണിശമായും പാലിച്ചു കൊണ്ടുള്ള മേളയില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ള 27 ഗ്രന്ഥകാരന്മാര്‍ നേരിട്ടും ഓണ്‍ലൈനായും സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുക്കും.


എസ്‌സിആര്‍എഫിനോടനുബന്ധമായി ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക് ഇല്ലസ്‌ട്രേഷന്‍ എക്‌സിബിഷന്റെ ഒമ്പതാം എഡിഷനും നടക്കും. ഇതില്‍ പ്രഗല്‍ഭരായ അറബ്-രാജ്യാന്തര ഇല്ലസ്‌ട്രേറ്റര്‍മാര്‍ പങ്കെടുക്കും. 132 വര്‍ക് ഷോപ്പുകളും ആക്ടിവിറ്റികളും മുഖേന സര്‍ഗാത്മക കലയുടെ ഒരു പര്യവേക്ഷണം കൂടിയായി മാറുന്ന കോമിക് കോര്‍ണറും ഇതോടൊപ്പം ആരംഭിക്കുന്നതാണ്.
ഷാര്‍ജ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സര്‍റി അല്‍ ഷംസി, ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹസ്സന്‍ ഖലഫ്, ഇത്തിസാലാത്ത് ബിസിനസ് എന്‍ഗേജ്‌മെന്റ് ആന്റ് കസ്റ്റമര്‍ സപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ അമീമി, എസ്‌സിആര്‍എഫ് ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഖൗല അല്‍മുജൈനി എന്നിവരും മാധ്യമപ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.