സാമൂഹിക പ്രവര്‍ത്തകന്‍ കരീം ചോറ്റൂര്‍ ബുറൈമിയിലെ ഓണററി ഇന്ത്യന്‍ കോണ്‍സുലര്‍ ഏജന്റ്

അബ്ദുല്‍ കരീം ചോറ്റൂര്‍

നിയമനം നടത്തിയത് മസ്‌കത്ത് ഇന്ത്യന്‍ എംബസി

ബുറൈമി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ കരീം ചോറ്റൂരിനെ ബുറൈമിയിലെ ഓണററി കോണ്‍സുലര്‍ ഏജന്റായി മസ്‌കത്ത് ഇന്ത്യന്‍ എംബസി നിയമിച്ചു. ദീര്‍ഘ കാലമായി ബുറൈമിയില്‍ പൊതു സേവന രംഗത്ത് സജീവമാണിദ്ദേഹം. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ എംബസിയുമായി ബന്ധപ്പെട്ട എല്ലാ വിധ സേവനങ്ങള്‍ക്കുമുള്ള ഒരു മധ്യവര്‍ത്തിയായിരുന്നു ഈ നിയമനം വരുന്നതിന് മുന്‍പ് തന്നെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന ‘കരീംക്ക’യും ‘കരീം ഭായി’യുമായ ഇദ്ദേഹം. നിലവില്‍ ബുറൈമി കെഎംസിസിയുടെ ജന.സെക്രട്ടറിയാണ്. ബുറൈമിയിലെ മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ അബ്ദുല്‍ കരീമിനെ തേടി ഇതിനോടകം തന്നെ നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. ബുറൈമിയിലെ ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനെ തെരഞ്ഞെടുക്കാന്‍ 2020ല്‍ ‘ജനകല’യും ‘കൂട്ടം ബുറൈമി’യും നടത്തിയ പരിപാടിയിലെ അവാര്‍ഡ് ജേതാവ് കൂടിയാണ്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി ചോറ്റൂര്‍ സ്വദേശിയാണ്. ഭാര്യ: ലുബ്‌ന (ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക). മക്കള്‍: സഹല്‍, ശാമില്‍, മനാല്‍ മര്‍യം.