സ്വിസ് ഹോട്ടല്‍ അല്‍ഗുറൈര്‍ ടീം ഈദ് ഗിഫ്റ്റുകള്‍ വനിതാ കെഎംസിസിക്ക് കൈമാറി

ദുബൈ വനിതാ കെഎംസിസി അംഗങ്ങള്‍ക്ക് സ്വിസ് ഹോട്ടല്‍ അല്‍ഗുറൈര്‍ ടീം ഏര്‍പ്പെടുത്തിയ ഈദ് ഗിഫ്റ്റുകളുടെ വിതരണ ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.പി ബാവ ഹാജി ഉദ്ഘാടനം ചെയ്തപ്പോള്‍. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, സ്വിസ് ഹോട്ടല്‍ അല്‍ഗുറൈര്‍ പ്രതിനിധികളായ ഡൊമിനിക് ആറല്‍, എസ്തര്‍ എസ്‌കീല്‍, രവി പ്രകാശ്, വനിതാ കെഎംസിസിയുടെയും ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിയുടെയും നേതാക്കള്‍ സമീപം

ദുബൈ: ഒരു മാസം നീണ്ടുനിന്ന ആത്മ സംസ്‌കരണത്തിന്റെ വ്രതാനുഷ്ഠാനത്തിന് ശേഷം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന പ്രവാസി കുടുംബങ്ങളിലേക്ക് എത്തിക്കാന്‍ സ്വിസ് ഹോട്ടല്‍ അല്‍ഗുറൈര്‍ ടീം ഏര്‍പ്പെടുത്തിയ ഈദ് ഗിഫ്റ്റുകള്‍ ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി വിതരണത്തിനായി ദുബൈ വനിതാ കെഎംസിസി അംഗങ്ങള്‍ക്ക് കൈമാറി. ചടങ്ങ് സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ഡോ. സി.പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ മുഖ്യാതിഥിയായിരുന്നു.
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കായി പരിശുദ്ധ റമദാന്‍ തുടക്കം മുതല്‍ വിവിധ പദ്ധതികളാണ് മലപ്പുറം ജില്ലാ കെഎംസിസി നടപ്പാക്കി വന്നത്. ഭക്ഷണക്കിറ്റ്, ഇഫ്താര്‍ കിറ്റ്, ഈദ് കിറ്റ് എന്നിവയുടെ വിതരണത്തിലൂടെ ആയിരങ്ങള്‍ക്കാണ് ആശ്വാസമേകിയത്. ഇതിന് പുറമെയാണ് വനിതാ കെഎംസിസി മുഖേന പ്രവാസി ഫാമിലികള്‍ക്കായുള്ള ഈദ് ഗിഫ്റ്റ് വിതരണം.
ചടങ്ങില്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ചെമ്മുക്കന്‍ യാഹു മോന്‍, പി.വി നാസര്‍, സിദ്ദീഖ് കാലൊടി, ജലീല്‍ കൊണ്ടോട്ടി, മുജീബ് കോട്ടക്കല്‍, ബദറുദ്ദീന്‍ തറമ്മല്‍, ഇ.ആര്‍ അലി മാസ്റ്റര്‍, ഷിഹാബ് ഏറനാട്, ഫക്രുദ്ദീന്‍ മാറാക്കര എന്നിവരും സ്വിസ് ഹോട്ടല്‍ അല്‍ഗുറൈര്‍ പ്രതിനിധികളായ ഡൊമിനിക് ആറല്‍, എസ്തര്‍ എസ്‌കീല്‍, രവി പ്രകാശ് എന്നിവരും വനിതാ കെ.എംസിസി നേതാക്കളായ നജ്മ സാജിദ്, റാബിയ ബഷീര്‍, മുംതാസ് യാഹുമോന്‍, റഫീന, ഫര്‍സാന ബാനു കൊണ്ടോട്ടി എന്നിവരും സന്നിഹിതരായിരുന്നു.