മലയാളി ഉടമസ്ഥതയിലുള്ള അരോമ കമ്പനിക്ക് നാലാം വര്‍ഷവും ദുബൈ ഗവ. തഖ്ദീര്‍ അവാര്‍ഡ്

27
ദുബൈ ഗവണ്‍മെന്റിന്റെ തഖ്ദീര്‍ അവാര്‍ഡ് അരോമ ഇന്റര്‍നാഷണല്‍ ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ സജീവ് പെര്‍മനന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്‌സ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂറില്‍ നിന്ന് സ്വീകരിച്ചപ്പോള്‍

നാലു വര്‍ഷം തുടര്‍ച്ചയായി തഖ്ദീര്‍ അവാര്‍ഡ് കരസ്ഥമാക്കുന്ന ഏക ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം

ദുബൈ: ദുബൈയില്‍ തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ സംരക്ഷണവും ഉറപ്പാക്കുന്ന മികച്ച കമ്പനികള്‍ക്കായി ദുബൈ ഗവണ്‍മെന്റ് നല്‍കി വരുന്ന തഖ്ദീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാളി ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷണല്‍ ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ് കമ്പനി തുടര്‍ച്ചയായ നാലാം വര്‍ഷവും അവാര്‍ഡ് സ്വന്തമാക്കി.
ദുബൈയിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്കായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കി വരുന്ന അംഗീകാരമാണ് തഖ്ദീര്‍ അവാര്‍ഡ്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. വിവിധ വിഭാഗങ്ങളിലായി കമ്പനികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പെര്‍മനന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്‌സ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ ഉള്‍പ്പടെയുള്ള ഗവണ്‍മെന്റ് മേധാവികളുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് സമ്മാനിച്ചു. അരോമ കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ സജീവ് അവാര്‍ഡ് സ്വീകരിച്ചു.
ഈ അവാര്‍ഡ് തന്റെ തൊഴിലാളികള്‍ക്കായി സമര്‍പ്പിക്കുകയാണെന്ന് പ്രമുഖ സിവില്‍ എഞ്ചിനീയറും കൊല്ലം സ്വദേശിയുമായ സജീവ് പറഞ്ഞു. നാല് വര്‍ഷം തുടര്‍ച്ചയായി തഖ്ദീര്‍ അവാര്‍ഡ് കരസ്ഥമാക്കുന്ന ഏക ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം എന്ന അപൂര്‍വ ബഹുമതിയും അരോമ സ്വന്തമാക്കി.
1998ല്‍ പ്രവര്‍ത്തനമാരംഭിച്ച അരോമ കമ്പനിക്ക് കീഴില്‍ വിവിധ രാജ്യക്കാരായ 3,500ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ബഹുനില കെട്ടിടങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, സ്‌കൂളുകള്‍, ഫാക്ടറികള്‍ എന്നിവയുടെ നിര്‍മാണ രംഗത്ത് 23 വര്‍ഷമായി അരോമ പ്രവര്‍ത്തിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, മികച്ച നിലവാരത്തിലുള്ള താമസ സൗകര്യം നല്‍കുക, നിര്‍മാണ സ്ഥലത്തെ തൊഴിലാളികളുടെ സുരക്ഷ, ശമ്പള വിതരണം യഥാസമയം നിര്‍വഹിക്കുക, തൊഴിലാളി ക്ഷേമം, സന്തോഷം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ മികവ് പരിശോധിച്ചാണ് കമ്പനികളെ ഓരോ വര്‍ഷവും തഖ്ദീര്‍ അവാര്‍ഡിന് തെരഞ്ഞെടുക്കുന്നത്.