രണ്ടു മലയാളികള്‍ക്ക് ദുബൈ ഗ്‌ളോബല്‍ വില്ലേജ് മാധ്യമ പുരസ്‌കാരം

ദുബൈ ഗ്‌ളോബല്‍ വില്ലേജ് സില്‍വര്‍ ജൂബിലി മാധ്യമ പുരസ്‌കാരവുമായി ഷിനോജ് ഷംസുദ്ദീനും അഫ്‌സല്‍ ശ്യാമും

ദുബൈ: ഗ്‌ളോബല്‍ വില്ലേജിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തെ മാധ്യമ പുരസ്‌കാരം മലയാളം ടെലിവിഷന്‍ ചാനലായ ‘മീഡിയ വണി’ന് ലഭിച്ചു. ഏഷ്യന്‍ ടെലിവിഷനുകളിലെ മികച്ച റിപ്പോര്‍ട്ടിന് മീഡിയ വണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനാണ് അവാര്‍ഡ്. 2.5 ലക്ഷം രൂപ വില മതിക്കുന്ന അവാര്‍ഡ് ഞായറാഴ്ച രാത്രി ഗ്‌ളോബല്‍ വില്ലേജിലെ വണ്‍ വേള്‍ഡ് മജ്‌ലിസില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
1998ല്‍ മാധ്യമം ദിനപത്രത്തിന്റെ ലേഖകനായാണ് ഷിനോജ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലും ഗള്‍ഫ് മാധ്യമത്തിന്റെ മസ്‌കത്ത്, ദുബൈ ബ്യൂറോകളിലും സേവനമനുഷ്ഠിച്ചു. 2013ലാണ് മീഡിയ വണിലെത്തിയത്.
മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം അറബ് ദിനപത്രമായ ‘അല്‍ഇത്തിഹാദി’ലെ മലയാളി ഫോട്ടോഗ്രാഫര്‍ അഫ്‌സല്‍ ശ്യാം കരസ്ഥമാക്കി.
തൃശൂര്‍ എടത്തിരുത്തി കുട്ടമംഗലം പരേതനായ കുഞ്ഞിമാക്കച്ചാലില്‍ ഷംസുദ്ദീന്റെയും ഹഫ്‌സാബിയുടെയും മകനാണ് ഷിനോജ്. ഭാര്യ: നാദിയ മുഹമ്മദ്. മക്കള്‍: ഇന്‍സാഫ് ഷംസുദ്ദീന്‍, ഇത്തിഹാദ് മുഹമ്മദ്.
കോഴിക്കോട് കൊയിലാണ്ടി ബക്കര്‍കുട്ടി ഹാജി-നഫീസ ദമ്പതികളുടെ മകനാണ് അഫ്‌സല്‍ ശ്യാം. ഭാര്യ ഷംന. മക്കള്‍: അയിഷ, അമിന, അയ്മന്‍.