യൂത്ത് ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറ്; അടിയന്തിര നടപടി വേണം: കെഎംസിസി

9

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്ററും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ കെ.എം സമീറിന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ കെഎംസിസി ശക്തമായി പ്രതിഷേധിച്ചു.
മേഖലയില്‍ സമാധാനം കൊണ്ടുവരാനും നിലനിര്‍ത്താനും വലിയ സേവനം ചെയ്ത പൊതു പ്രവര്‍ത്തകനാണ് സമീര്‍. അസമാധാനം ക്ഷണിച്ച് വരുത്താനുള്ള സാമൂഹിക ദ്രോഹികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ കരങ്ങളുണ്ടോയെന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്.

പ്രവാസി സമൂഹം കൂടുതല്‍ വസിക്കുന്ന ഈ മേഖലയില്‍ പ്രവാസി കൂടിയായ സമീറിന്റെ വീടിന് നേരയുണ്ടായ അക്രമം ആശങ്കയുണ്ടാക്കുന്നതാണ്. ബന്ധപ്പെട്ടവര്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം, സെക്രട്ടറി ഹസ്സന്‍ ചാലില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. നാദാപുരം മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ചില തല്‍പര കക്ഷികള്‍ ആസൂത്രണം ചെയ്ത അക്രമമാണിതെന്നും പൊലീസ് ജാഗ്രതയോടെ ഇടപെട്ട് അത്തരക്കാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടി നിയമ നടപടി സ്വീകരിക്കണമെന്നും സമാധാന പാലനത്തിന് അത് അത്യാവശ്യമാണെന്നം ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി കെ.പി മുഹമ്മദ് പേരോട് ആവശ്യപ്പെട്ടു. സമീറിന്റെ വീട് ആക്രമണത്തില്‍ ദുബൈ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് പറമ്പത്ത് അഷ്‌റഫ്, ജന.സെക്രട്ടറി വി.വി സൈനുദ്ദീന്‍ എന്നിവരും പ്രതിഷേധം രേഖപ്പെടുത്തി.