വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി: 25 ഓക്‌സിജന്‍ സിലിണ്ടറുകള്‍ നോര്‍കക്ക് കൈമാറി

ഡബ്‌ള്യുഎംസി 25 ഓക്‌സിജന്‍ സിലിണ്ടറുകള്‍ യുഎഇ നോര്‍ക റൂട്‌സ് ഡയറക്ടര്‍ ഒ.വി മുസ്തഫക്ക് കൈമാറിയപ്പോള്‍

ദുബൈ: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ള്യുഎംസി) ഇരുപത്തി അഞ്ചാം വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി മറ്റു സാംസ്‌കാരിക പരിപാടികള്‍ മാറ്റി വെച്ച് കെയര്‍ ഫോര്‍ കേരളയുടെ ഭാഗമായി നോര്‍ക റൂട്‌സുമായി കൈ കോര്‍ത്ത് ആദ്യ ഘട്ട കൈത്താങ്ങായി ഇരുപത്തിയഞ്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ യുഎഇ നോര്‍ക റൂട്ട്‌സ് ഡയറക്ടര്‍ ഒ.വി മുസ്തഫക്ക് കൈമാറി. ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം പ്രവാസികളുടെ മനസ്സ് എപ്പോഴും മലയാളികള്‍ക്കൊപ്പമാണെന്നും നോര്‍ക ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഇരുപത്തിഞ്ചാം വര്‍ഷം ഡബ്‌ള്യുഎംസി പൂര്‍ത്തിയാക്കിയതിന്റെ നിറവില്‍ നിര്‍വഹിക്കുന്നതാണെന്നും ആംബുലന്‍സ് ഉള്‍പ്പെടെ നിരവധി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സമാഹരിച്ച് നോര്‍കയുമായി ചേര്‍ന്ന് കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഡബ്‌ള്യുഎഒംസി ഗ്‌ളോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അറിയിച്ചു. ഏത് പ്രതികൂല സാഹചര്യം അതിജീവിക്കേണ്ടി വന്നാലും പ്രവാസികള്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച പാരമ്പര്യമാണ് പ്രവാസി സംഘടനകള്‍ എടുത്തിട്ടുള്ളതെന്ന് ഗ്‌ളോബല്‍ വൈസ് പ്രസിഡന്റ് ചാള്‍സ് പോള്‍ അഭിപ്രായപ്പെട്ടു. മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ചെയര്‍മാന്‍ ട.കെ വിജയന്‍, സെക്രട്ടറി സന്തോഷ് കേട്ടത്ത്, വൈസ് പ്രസിഡന്റ് വിനേഷ് മോഹന്‍, ട്രഷറര്‍ രാജീവ് കുമാര്‍, ഡോ. റെജി.കെ.ജേക്കബ്, ചാക്കോ ഊളക്കാടന്‍ സന്നിഹിതരായിരുന്നുവെന്ന് മിഡില്‍ ഈസ്റ്റ് മീഡിയ ചെയര്‍മാന്‍ വി.എസ് ബിജു കുമാര്‍ അറിയിച്ചു.