175 രാഷ്ട്രങ്ങളില്‍ നിന്നുള്ള 40 ലക്ഷത്തിലധികം രോഗികള്‍: അപൂര്‍വ ഖ്യാതിയുമായി തുംബൈ ഹോസ്പിറ്റല്‍

അജ്മാന്‍: 175 രാഷ്ട്രങ്ങളില്‍ നിന്നുള്ള 40 ലക്ഷത്തിലധികം പൗരന്മാരുടെ രോഗീ സന്ദര്‍ശനം രേഖപ്പെടുത്തിയ ഖ്യാതിയുമായി തുംബൈ ഗ്രൂപ്പിന്റെ ആരോഗ്യ പരിചരണ വിഭാഗത്തിന് കീഴിലുള്ള പ്രഥമ അക്കാദമിക ആശുപത്രിയായ തുംബൈ ഹോസ്പിറ്റല്‍. സമൂഹത്തെ സേവിക്കാന്‍ സദാ സജ്ജരായ തന്റെ ആശുപത്രിയിലെ ആരോഗ്യ പരിചരണ പ്രൊഫഷഷനലുകളുടെ ടീം മുഖേനയാണ് ഈ മഹത്തായ നേട്ടം സ്വന്തമാക്കാനായതെന്ന് തുംബൈ ഹോസ്പിറ്റല്‍ സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍ പറഞ്ഞു. ഇതു വരെ നല്‍കിയ എല്ലാ പിന്തുണക്കും സര്‍വശക്തനായ അല്ലാഹുവിനും അജ്മാന്‍ ഗവണ്‍മെന്റിനും ഭരണാധികാരികള്‍ക്കും തങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍നുഐമി 2002 ഒക്‌ടോബര്‍ 17നാണ് അജ്മാനില്‍ തുംബെ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തത്. ഗള്‍ഫ് മേഖലയിലെ ആദ്യ സ്വകാര്യ അക്കാദമിക് ഹെല്‍ത്ത് സിസ്റ്റം ആയ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അക്കാദമിക് ഹെല്‍ത്ത് സിസ്റ്റ(ജിഎംയുഎഎച്ച്എസ്)ത്തിന്റെ ഭാഗമാണിത്. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ ക്‌ളിനിക്കല്‍ പരിശീലനം നല്‍കുന്നു. അനേകം അക്കാദമിക് ആശുപത്രികളും ഫാമിലി ക്‌ളിനിക്കുകളും ഡേ കെയര്‍ ഹോസ്പിറ്റലുകളുമടക്കം പരിചരണ സംവിധാനത്തിന്റെ വിപുലീകൃതമായ ശൃംഖലയായി പ്രാരംഭ കാലം മുതല്‍ തന്നെ തുംബൈ ഗ്രൂപ് മുന്നേറി. ഇന്ന് മേഖലയിലെ ഏറ്റവും ബൃഹത്തായ സ്വകാര്യ അക്കാദമിക് ആശുപത്രികളുടെ ഇടമാണ് തുംബൈ ഹോസ്പിറ്റലുകള്‍. ഗള്‍ഫ് മേഖലയില്‍ ഏറ്റവും വലിയ ജെസിഐ അംഗീകൃത സ്വകാര്യ അക്കാദമിക് ആശുപത്രികളുടെ ഗ്രൂപ്പുമാണിത്. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ പരിശീലന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ലക്ഷ്യവുമായാണ് തുംബൈ ഹോസ്പിറ്റല്‍ അജ്മാന്‍ നിര്‍മിച്ചത്. യുഎഇയിലും ഇന്ത്യയിലുമായി ഇന്ന് തുംബൈ ഹോസ്പിറ്റല്‍ ശൃംഖല വളര്‍ന്നു വികസിച്ചിരിക്കുന്നു. അജ്മാനിലെ തുംബൈ മെഡിസിറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് ലോക നിലവാരത്തിലുള്ള മൂന്ന് ആശുപത്രികള്‍ (തുംബൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, തുംബൈ ഫിസിക്കല്‍ തെറാപി ആന്റ് റിഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍, തുംബൈ ഡെന്റല്‍ ഹോസ്പിറ്റല്‍) തുറന്നതിലൂടെ പരിചരണം, വൈദ്യ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങി മികവിന്റെ നിരന്തര യത്‌നങ്ങള്‍ എന്ന നിര്‍ണായക നേട്ടം തുംബൈ ഗ്രൂപ് സ്വന്തമാക്കിയെന്ന് ഗ്രൂപ് ഹെല്‍ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ അവകാശപ്പെട്ടു. കഴിഞ്ഞ 19 വര്‍ഷമായി ആശുപത്രിയുടെ പ്രയാണത്തില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം, മഹാമാരിയെ മികച്ച നിലയില്‍ പ്രതിരോധിച്ച ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരമുള്ള പരിചരണം രോഗികള്‍ക്ക് നല്‍കുന്നുവെന്ന് തങ്ങള്‍ ഉറപ്പാക്കുന്നുവെന്ന് സിഒഒ ഡോ. മുഹമ്മദ് ഫൈസല്‍ പര്‍വേസ് പറഞ്ഞു. താങ്ങാനാവുന്ന നിരക്കില്‍ കുടുംബങ്ങള്‍ക്ക് പരിചരണമെന്ന ലക്ഷ്യം തങ്ങള്‍ സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.