ജിസിസി ആസ്റ്റര്‍ സ്ഥാപനങ്ങളിള്‍ നൂതന ഡയഗ്‌നോസ്റ്റിക്‌സ് സൊലൂഷന്‍: റോഷെ ഡയഗ്‌നോസ്റ്റിക്‌സുമായി പങ്കാളിത്ത കരാറിലെത്തി

ദുബൈ: ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ വിവിധ സ്ഥാപനങ്ങളിള്‍ നൂതന ഡയഗ്‌നോസ്റ്റിക്‌സ് സൊലൂഷന്‍ ലഭ്യമാക്കാന്‍ റോഷെ ഡയഗ്‌നോസ്റ്റിക്‌സുമായി പങ്കാളിത്ത കരാറില്‍ ഒപ്പിട്ടു.
യൂറോ ഹെല്‍ത് സിസ്റ്റംസ് നയിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ യുഎഇ, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലുടനീളമുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപനങ്ങളില്‍ റോഷെ ഡയഗ്‌നോസ്റ്റിക്‌സില്‍ നിന്നുള്ള നൂതന ഡയഗ്‌നോസ്റ്റിക് നവീകരണ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് സംവിധാനങ്ങള്‍ അവതരിപ്പിക്കാനാകും.
രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മികച്ച ഫലങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആസ്റ്ററിന്റെ നിലവിലുള്ള സംവിധാനങ്ങളെ ഒരൊറ്റ പ്‌ളാറ്റ്‌ഫോമായി മാറ്റാന്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ലബോറട്ടറി ഏകീകരണ പദ്ധതി റോഷെയുടെ വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്തും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ജിസസിയിലെ സ്ഥാപനങ്ങളില്‍ ഡയഗനോസ്റ്റിക്‌സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനായുള്ള സുപ്രധാന പങ്കാളിത്ത ധാരണയാണ് ബയോടെക്‌നോളജിയിലെ ലോകോത്തര സ്ഥാപനമായ റോഷെ ഡയഗ്‌നോസ്റ്റിക്‌സുമായി ഒപ്പു വെച്ചിരിക്കുന്നത്.
മേഖലയിലുടനീളം പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ആശുപത്രികള്‍, ക്‌ളിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവയെ നവീകരിച്ച രോഗനിര്‍ണയ സംവിധാനങ്ങളും ചികിത്സാ പരിഹാരങ്ങളും ലഭ്യമാക്കാന്‍ പ്രാപ്തമാക്കുകയും അതിലൂടെ ദ്രുതഗതിയിലും കാര്യക്ഷമതയോടെയും രോഗികള്‍ക്കനുയോജ്യമായ ചികിത്സാ പരിഹാരങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുകയും ചെയ്യും. ആന്റിബോഡി കോവിഡ് 19 പരിശോധന, ഡിജിറ്റല്‍ സൊല്യൂഷനുകള്‍, കൂടാതെ, ഓട്ടോമാറ്റഡ് ലബോറട്ടറി സൊല്യൂഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഉയര്‍ന്ന നിലവാരമുള്ളതും കൃത്യവുമായ രോഗ ഫലങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമാക്കാന്‍ ആസ്റ്റര്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കും. വേഗത്തിലുള്ള രോഗ നിര്‍ണയത്തിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്ന ഈ മഹാമാരി കാലത്ത് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചു കൊണ്ട് രോഗനിര്‍ണയം വേഗത്തിലാക്കാന്‍ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടും. അതിലൂടെ ആരോഗ്യ പരിചരണ രംഗത്ത് ഒരു പടി മുന്നില്‍ നില്‍ക്കാനുമാണ് പരിശ്രമിക്കുന്നതെന്നുംആസ്റ്റര്‍ ഡി.എം ഹെല്‍ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. വിവിധ രോഗങ്ങളുടെ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ആരോഗ്യ പരിരക്ഷാ പരിഹാരങ്ങള്‍ ഉറപ്പു വരുത്താന്‍ സഹായിക്കുന്ന റോഷെ ഡയഗ്‌നോസ്റ്റിക്‌സുമായുള്ള മിഡില്‍ ഈസ്റ്റിലെ ഈ പങ്കാളിത്തം, ഞങ്ങളോട് സഹകരിക്കുന്ന മേഖലയിലുടനീളമുള്ള രാജ്യങ്ങള്‍, രോഗികള്‍, മെഡിക്കല്‍ സമൂഹം എന്നിവയോട് ഞങ്ങള്‍ക്കുള്ള സമര്‍പ്പണത്തെ അടിവരയിടുന്നതാണെന്നും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.
മേഖലയിലുടനീളം ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറുമായുള്ള പങ്കാളിത്തത്തിന്റെ ഔദ്യോഗിക തുടക്കം പ്രഖ്യാപിച്ചതില്‍ ഏറെ സന്തുഷ്ടരാണെന്ന് ദുബൈ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഹെഡ് ക്വാര്‍ട്ടേര്‍സില്‍ പങ്ക്ാളിത്ത കരാര്‍ ഒപ്പുവെച്ചശേഷം സംസാരിച്ച റോഷെ ഡയഗനോസ്റ്റിക്‌സ് മിഡില്‍ ഈസ്റ്റ് ജനറല്‍ മാനേജര്‍ ഹറാള്‍ഡ് വോള്‍ഫ് പറഞ്ഞു.
കൃത്യത ലക്ഷ്യമിട്ടുകൊണ്ട് രോഗിയുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും ഉടനടി സേവനം നല്‍കാനുമുള്ള സ്ഥാപനത്തിന്റെ കഴിവിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ പദ്ധതി.
രോഗികളില്‍ നിന്നും ഒറ്റ സാമ്പിള്‍ എടുത്തുകൊണ്ട് തന്നെ നിരവധി രോഗനിര്‍ണയ പരിശോധനകള്‍ നടത്താനുള്ള ശേഷി കൈവരിക്കാന്‍ റോഷെയുടെ ഏറ്റവും പുതിയ ഡയഗ്‌നോസ്റ്റിക് സൊല്യൂഷനുകളുടെ ഉപയോഗത്തിലൂടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപനങ്ങള്‍ക്ക് സാധ്യമാകും. രക്ത സാമ്പിള്‍ എടുക്കാന്‍ ബുദ്ധിമുട്ടുള്ളതും അപകട സാധ്യതയേറിയതുമായ രോഗങ്ങളുള്ളവര്‍ക്കും പ്രായമായവര്‍, കുട്ടികള്‍, ഹീമോഫീലിയ അല്ലെങ്കില്‍ മറ്റ് രക്തജന്യ രോഗങ്ങള്‍ പോലുള്ള രോഗബാധിതര്‍ക്കും ഇത് പ്രത്യേകിച്ചും സഹായകമാകും.
കൂടാതെ, ഹൃദയാരോഗ്യം, സ്ത്രീകളുടെ ആരോഗ്യം, പകര്‍ച്ച വ്യാധികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ രോഗ മേഖലകളിലെ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ പ്രതിജ്ഞാബദ്ധത തുടരാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളെയും റോഷെയെയും ഈ പങ്കാളിത്തം സഹായിക്കും.