എം.എ യൂസഫലിയുടെ ഇടപെടലില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ബെക്‌സ് കൃഷ്ണന്‍ നാടണഞ്ഞു

ഭാര്യ വീണക്കും മകന്‍ അദ്വൈതിനുമൊപ്പം ബെക്‌സ് കൃഷ്ണന്‍ വിമാനത്താവളത്തില്‍

ദുബൈ/കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയവേ, സ്‌നേഹദൂതനായി എത്തിയ വ്യവസായി എം.എ യൂസഫലിയുടെ കാരുണ്യപൂര്‍ണമായ ഇടപെടലില്‍ തൃശ്ശൂര്‍ പുത്തന്‍ചിറ സ്വദേശി ചെറവട്ട ബെക്‌സ് കൃഷ്ണന്‍ (45) നാട്ടിലെത്തി. കഴിഞ്ഞ ദിവസം ഇത്തിഹാദ് വിമാനത്തില്‍ കൊച്ചിയിലിറങ്ങിയ ബെക്‌സ് കുടുംബാംഗങ്ങളുടെ സ്‌നേഹത്തണലിലേക്ക് അലിഞ്ഞു ചേര്‍ന്നു. മകന്‍ അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തില്‍ ബെക്‌സ് കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു.
2012 സെപ്തംബര്‍ ഏഴിനായിരുന്നു ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. ജോലി സംബന്ധമായി അബുദാബി മുസഫയിലേക്ക് പോകുമ്പോള്‍ ബെക്‌സ് ഓടിച്ച കാറിടിച്ച് ഒരു സുഡാനി ബാലന്‍ മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണ ശേഷം യുഎഇ സുപ്രീം കോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ കാത്ത് ജീവിതത്തിലെ സര്‍വ പ്രതീക്ഷകളും അസ്തമിച്ച് അല്‍വത്ബ ജയിലില്‍ കഴിയവേയാണ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി ബെക്‌സ് കൃഷ്ണന്റെ രക്ഷകനായി എത്തിയത്.

മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദാക്കാന്‍ കോടതി വഴി സാധിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തതു വഴിയാണ് മോചനം ലഭിച്ചത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ടുവന്ന് താമസിപ്പിക്കേണ്ടി വന്നിട്ടുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്റെ ജയില്‍ വാസത്തിന് വിരാമമായത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ ആ തുക കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്.
എം.എ യൂസഫലിയോട് തനിക്കും കുടുംബത്തിനും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അത്രക്കും വലിയ സഹായമാണ് അദ്ദേഹം നല്‍കിയതെന്നും ബെക്‌സ് നിറകണ്ണുകളോടെ പറഞ്ഞു. തന്റെയും കുടുംബത്തിന്റെയും ആശ്വാസത്തിനും സന്തോഷത്തിനും ഇപ്പോള്‍ അതിരില്ലെന്നും യൂസുഫലി സാഹിബിനോടുള്ള അവളറ്റ കടപ്പാടിന് തന്റെ ജീവിതം തന്നെയാണ് സാക്ഷ്യമെന്നും സര്‍വശക്തനായ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ബെക്‌സ് കൃഷ്ണന്‍ പറഞ്ഞു.