ദുബൈ കെഎംസിസി കെ.പി മൂസക്ക് യാത്രയയപ്പ് നല്‍കി

ദുബൈ: 40 വര്‍ഷത്തെ ദുബൈയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസിസി വൈസ് പ്രസിഡണ്ട് കെ.പി മൂസ കൊയിലാണ്ടിക്ക് ദുബൈ കെഎംസിസിസി യാത്രയയപ്പ് നല്‍കി. കെഎംസിസിയുടെ സംഘടനാ രംഗത്ത് പ്രവര്‍ത്തകനായി വന്നത് മുതല്‍ ആത്മാര്‍ത്ഥത പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട മൂസക്കയായി മാറുകയായിരുന്നു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളാല്‍ ദുബൈ കെഎംസിസി നടത്തിയ നാഷനല്‍ ഡേ, ഹോളി ഖുര്‍ആന്‍ പരിപരിപാടി, ക്‌ളീന്‍ അപ് ദി വേള്‍ഡ് തുടങ്ങിയ ജനകീയമായ ഒട്ടനവധികള്‍ പരിപാടികള്‍ വിജയിപ്പിക്കാന്‍ കെ.പി മൂസയുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി, കോഴിക്കോട് സിഎച്ച് സെന്റര്‍, കൊയിലാണ്ടി മണ്ഡലം കെഎംസിസി, കൊയിലാണ്ടി കൂട്ടായ്മ തുടങ്ങിയ നിരവധി പ്രവാസി കൂട്ടായ്മകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയപ്പുകള്‍ നല്‍കിയിരുന്നു. ദുബൈ കെഎംസിസിയുടെ ഉപഹാരം ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ് ചെര്‍ക്കള, ആക്ടിംഗ് ജന.സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. യാത്രയയപ്പ് സംഗമത്തില്‍ ഭാരവാഹികളായ ഹംസ തൊട്ടി, ഒ.കെ ഇബ്രാഹിം, റയീസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പില്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ഷുക്കൂര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഒ.മൊയ്തു, കെ.പി.എ സലാം, ഹസ്സന്‍ ചാലില്‍ ആശംസ നേര്‍ന്നു. യാത്രയയപ്പിന് കെ.പി മൂസ നന്ദി പറഞ്ഞു.