ദുബൈ യാത്ര: ട്രാവല്‍ ഏജന്‍സികളില്‍ അന്വേഷണ വിളി പ്രവാഹം

ജലീല്‍ പട്ടാമ്പി
ദുബൈ: ഇന്ത്യയടക്കം തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബൈയിലേക്ക് പ്രവേശനം അനുവദിച്ച് ഒരു ദിവസം പിന്നിട്ടിരിക്കെ, യാത്രക്കായി ട്രാവല്‍ ഏജന്‍സികളിലേക്ക് അന്വേഷണ വിളികളുടെ പ്രവാഹം. യാത്രയും പിസിആര്‍ ടെസ്റ്റും അടക്കമുള്ള കാര്യങ്ങളുടെ നടപടിക്രമങ്ങളും മറ്റും തിരക്കിയാണ് അന്വേഷണങ്ങളിലേറെയും. ഒട്ടേറെ അവ്യക്തതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് സംശയ നിവാരണത്തിനായി ഇത്രയധികം അന്വേഷണങ്ങളെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.
യാത്രക്ക് നാലു മണിക്കൂര്‍ മുന്‍പുള്ള റാപിഡ് പിസിആര്‍ ടെസ്റ്റ് സംബന്ധിച്ചാണ് വലിയ അളവില്‍ അന്വേഷണമുള്ളതെന്ന് സ്മാര്‍ട് ട്രാവല്‍ എംഡി അഫി അഹ്മദ് പറഞ്ഞു. ജിഡിആര്‍എഫ്എ അംഗീകാരം ആവശ്യമാണോ, ക്വാറന്റൈന്‍ നടപടികള്‍ എന്തെല്ലാം, ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലേക്ക് ഇപ്പോഴത്തെ അനുമതി മുഖേന പ്രവേശിക്കാനാകുമോ, അടുത്തിടെ വിസാ കാലാവധി തീര്‍ന്നവര്‍ക്ക് വരാന്‍ പറ്റുമോ, യുഎഇ അംഗീകരിച്ച വാക്‌സിന്‍ ഏത്, കുട്ടികളായ യാത്രക്കാരാണെങ്കില്‍ വാക്‌സിന്‍ എടുക്കാന്‍ പറ്റുമോ തുടങ്ങിയ അന്വേഷണങ്ങളാണ് ധാരാളമായി ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അധികൃതരില്‍ നിന്നും ലഭിക്കേണ്ടവയാണ്. വ്യക്തത ആവശ്യമുള്ളവയുമാണ്. ട്രാവല്‍ ഏജന്‍സികളെന്ന നിലയില്‍ തങ്ങളും ഇക്കാര്യങ്ങളിലെ വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും അഫി പറഞ്ഞു.

സ്മാര്‍ട് ട്രാവല്‍ എംഡി അഫി അഹ്മദ്

ദുബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പല കമ്പനികളും ഇതിനകം ഇഷ്യൂ ചെയ്തതായിരുന്നു. ഇതനുസരിച്ച്, ജൂണ്‍ 24ന് കൊച്ചി-ദുബൈ നിരക്ക് 855 ദിര്‍ഹമും കോഴിക്കോട്-ദുബൈ നിരക്ക് 879 ദിര്‍ഹമുമായിരുന്നു. എന്നാല്‍, ഞായറാഴ്ച വൈകുന്നേരത്തോടെ ഈ നിരക്കുകള്‍ പിന്‍വലിച്ചു. ഇനി തിങ്കളാഴ്ച രാവിലെയോടെ ഇത്തരം കാര്യങ്ങള്‍ക്കെല്ലാം വ്യക്തത വരുന്നതോടെ പുതിയ നിരക്കും ആകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ ഇപ്പോള്‍ അനുവദിച്ച പ്രവേശന നടപടികളനുസരിച്ച്, ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പുറത്തുവിട്ട വ്യവസ്ഥകളില്‍ പ്രധാനപ്പെട്ടത്, യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസ് എടുത്ത യുഎഇ റെസിഡെന്‍സ് വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പെടുത്ത പിസിആര്‍ ടെസ്റ്റിന്റെ ക്യുആര്‍ കോഡുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ്. ദുബൈക്ക് പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പ് റാപിഡ് പിസിആര്‍ ടെസ്റ്റ് നടത്തണമെന്നതും ദുബൈയിലിറങ്ങുമ്പോള്‍ മറ്റൊരു പിസിആര്‍ ടെസ്റ്റ് നടത്തണമെന്നതും 24 മണിക്കൂറിനകം ലഭിക്കുന്ന പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് ലഭിക്കുന്നതു വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്നതും പുതിയ പ്രൊട്ടോകോളില്‍ പെടുന്നു.

ഇന്ത്യക്കാരുടെ പ്രവേശനം:
യുഎഇ വിപണിയില്‍ ഉണര്‍വിന്റെ ലക്ഷണങ്ങള്‍
ഒരിടവേളക്ക് ശേഷം ഇന്ത്യക്കാര്‍ക്ക് ദുബൈയിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നതോടെ യുഎഇ വിപണിയിലും അത് ഉണര്‍വ് പകരുമെന്ന് വ്യാപാര മേഖലയിലുള്ളവര്‍ പറയുന്നു. എത്രയോ വര്‍ഷങ്ങളായി ഇന്ത്യ യുഎഇയുടെ ശക്തമായ വ്യാപാര പങ്കാളിയാണ്. 2019ല്‍ യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. ഇന്ത്യയുമായുള്ള എണ്ണ ഇതര വ്യാപാരത്തില്‍ 41.43 ബില്യന്‍ ഡോളറിന്റെ വരുമാനമാണ് 2019ല്‍ യുഎഇക്ക് ലഭിച്ചത്.
യുഎഇയിലെ ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമൊബൈല്‍സ്, ഇലക്‌ട്രോണിക്‌സ്, ഫുഡ് സ്റ്റഫ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നിര്‍ണായക പങ്കാളിയായി തുടരുകയാണ്. രാജ്യത്തെ ജനസംഖ്യയിലും സമ്പദ് വ്യവസ്ഥയിലും ഇന്ത്യക്കാരും ഇന്ത്യന്‍ സ്ഥാപനങ്ങളും വഹിക്കുന്ന സ്ഥാനം അദ്വിതീയമാണ്. കോവിഡ് 19ന് ശേഷം ലോകമെങ്ങുമുണ്ടായ വെല്ലുവിളിയുടെ അനുരണനങ്ങള്‍ ഇവിടെയുമുണ്ടെങ്കിലും, യുഎഇയുടെ വ്യാപാര രംഗത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യമാണ് പ്രത്യാശ പകരുന്നത്. ഈ പ്രതിസന്ധിക്കാലയളവില്‍ അനേകം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നിട്ടുണ്ടെങ്കിലും, ഇന്ത്യക്കാരുടെ ഒട്ടേറെ സ്ഥാപനങ്ങള്‍ വൈവിധ്യവത്കരണത്തിലൂടെയും മറ്റു മാര്‍ഗേണയും പിടിച്ചു നില്‍ക്കുന്നതും മുന്നേറുന്നതും യുഎഇ അധികൃതരില്‍ പ്രതീക്ഷ പകരുന്നതാണ്. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിലച്ചത് വഴിയുണ്ടായ താത്കാലിക ബിസിനസ് മാന്ദ്യത്തിന് ഇപ്പോഴത്തെ പ്രവേശനാനുമതി ഉന്മേഷം പകരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.