കെയര്‍ ഫോര്‍ കേരള: നോര്‍ക റൂട്‌സ് നേതൃത്വത്തില്‍ 4 കോടിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കെഎംഎസ്‌സിഎല്ലിന് കൈമാറി

20

ദുബൈ: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള കേരള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനമനുസരിച്ച് നോര്‍ക റൂട്‌സ് നേതൃത്വത്തില്‍ യുഎഇയിലെ പ്രവാസി സമൂഹം ഏറ്റെടുത്ത ‘കെയര്‍ ഫോര്‍ കേരള’ പദ്ധതി അതിന്റെ വിജയകരമായ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നു. ഓക്‌സിജന്‍ പ്‌ളാന്റുകള്‍ മുതല്‍ മെഡിക്കല്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറുകളും പള്‍സ് ഓക്‌സി മീറ്ററുകളും അടങ്ങുന്ന നാല് കോടിയോളം രൂപയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇതിനോടകം കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎംഎസ്‌സിഎല്‍ന് കൈമാറാനും അവയുടെ വിതരണം നടത്താനും കെയര്‍ ഫോര്‍ കേരളക്ക് സാധിച്ചതായി നോര്‍ക റൂട്‌സ് ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പനും ഒ.വി മുസ്തഫയും അറിയിച്ചു. സമാനമായ രീതിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കെയര്‍ ഫോര്‍ കേരള പ്രവാസികളുടെ സഹകരണത്തോടെ വിജയകരമായി നടപ്പാക്കിയതായും അവര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ കോവിഡ്19 രണ്ടാം തരംഗം രൂക്ഷമാവുകയും കേരളത്തിലടക്കം മെഡിക്കല്‍ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുകയും ചെയ്തപ്പോള്‍ യുഎഇയിലെ മലയാളി പ്രവാസി ക്ഷേമ സംഘടനകളും കമ്യൂണിറ്റി ഗ്രൂപ്പുകളും ബിസിനസ് സംരംഭകരും വ്യക്തികളുമെല്ലാം നോര്‍ക റൂട്‌സ് നേതൃത്വത്തില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് മാതൃരാജ്യത്തേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കാന്‍ സജീവമായി പ്രയത്‌നിച്ചുവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സിഎംഡിയും നോര്‍ക റൂട്‌സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍
നോര്‍ക റൂട്‌സ് ഡയറക്ടര്‍ ഒ.വി മുസ്തഫ

”ഈ മഹത്തായ ഉദ്യമത്തിനു വേണ്ടി മുന്നണിയിലും പിന്നണിയിലുമായി പ്രവര്‍ത്തിച്ച എല്ലാവരെയും ഈയവസരത്തില്‍ അഭിനന്ദിക്കുന്നു. നോര്‍ക റൂട്‌സ് ഡയറക്ടര്‍, ആസ്റ്റര്‍ വളണ്ടിയേഴ്‌സിന് നേതൃത്വം നല്‍കുന്ന വ്യക്തി എന്നീ നിലകളിലും ഈ സദുദ്യമത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നു. കേരളത്തിലെ അര്‍ഹരായ ജനങ്ങളിലേക്ക് ഈ സഹായ ഹസ്തം എത്തുകയും അത് അവര്‍ക്ക് വലിയ ഉപകാരമായി മാറുകയും ചെയ്യും” -ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

കെയര്‍ ഫോര്‍ കേരള ടീം ആസ്റ്റര്‍ വളണ്ടിയര്‍മാരോടൊപ്പം

മൂന്നു ഷിപ്‌മെന്റുകളായാണ് ഇത്രയും ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ യുഎഇയില്‍ നിന്ന് നാട്ടിലെത്തിച്ചതെന്ന് കെയര്‍ ഫോര്‍ കേരള പദ്ധതിക്ക് നേതൃത്വം വഹിച്ച നോര്‍ക റൂട്‌സ് ഡയറക്ടര്‍ ഒ.വി മുസ്തഫ അറിയിച്ചു.
”ഒരു ഓക്‌സിജന്‍ പ്ാന്റും 1 മെഡിക്കല്‍ വെന്റിലേറ്ററുകളും 85 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 376 ഓക്‌സിജന്‍ സിലിണ്ടറുകളും (40 ലിറ്ററും) 5005 പള്‍സ് ഓക്‌സി മീറ്ററുകളുമാണ് കെയര്‍ ഫോര്‍ കേരളയിലൂടെ യുഎഇയില്‍ നിന്ന് ഇതു വരെ സമാഹരിച്ചത്. ഒന്നാമത്തെ ഷിപ്‌മെന്റ് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ സൗജന്യമായി നാട്ടിലെത്തിച്ചപ്പോള്‍ രണ്ടാം ഷിപ്‌മെന്റ് കേരളത്തിലെത്തിച്ചത് എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ-ഡിഎച്ച്എല്‍ സഹകരണത്തോടെയാണ്. എയര്‍ അറേബ്യയാണ് മൂന്നാം ഷിപ്‌മെന്റ് പൂര്‍ണമായും സൗജന്യമായി കേരളത്തില്‍ എത്തിച്ചത്. ഓക്‌സിജന്‍ പ്‌ളാന്റുകളും മെഡിക്കല്‍ വെന്റിലേറ്ററുകളും അവരുടെ ഇന്ത്യയിലുള്ള വിതരണക്കാരില്‍ നിന്നും നേരിട്ട് വാങ്ങി കെഎംഎസ്‌സിഎല്‍ എത്തിക്കുകയായിരുന്നു. കെയര്‍ ഫോര്‍ കേരള പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയ ദുബൈ ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി അധികൃതരോടും, എന്നും പ്രവാസികളോട് അനുഭാവപൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ച യുഎഇ ഭരണാധികാരികളോടും പ്രവാസി സമൂഹത്തിന്റെ പേരിലും നോര്‍ക റൂട്‌സിന്റെ പേരിലും കൃതജ്ഞത അറിയിക്കുന്നു.
നോര്‍ക ഡയറക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കെയര്‍ ഫോര്‍ കേരളയുടെ രൂപീകരണത്തിനും സംഘാടനത്തിനും മുന്നണിയില്‍ പ്രവര്‍ത്തിച്ചത് ബദറുദ്ദീന്‍ പനക്കാട്ട്, മുഹമ്മദ് റാഫി, ശ്യാം തൈക്കാട്, ബിന്ദു നായര്‍, അയ്യൂബ് ചേക്കിന്റകത്ത് എന്നിവരാണ്.
അതോടൊപ്പം, ഈ പദ്ധതിയുടെ പ്രൊക്യൂര്‍മെന്റ് & ലോജിസ്റ്റിക്‌സ് ഏകോപനം നിര്‍വഹിക്കുന്നതില്‍ സ്തുത്യര്‍ഹവും കാര്യക്ഷമവുമായ സേവനമാണ് പി.എ ജലീലിന്റെ നേതൃത്വത്തില്‍ നിഹാദ് അബ്ദുന്‍ നാസിര്‍, മുഹമ്മദ് സുഹൈല്‍, അബു സബ ഹസന്‍ എന്നിവരടങ്ങിയ ആസ്റ്റര്‍ വളണ്ടിയര്‍ സംഘം നിര്‍വഹിച്ചത്.
കെയര്‍ ഫോര്‍ കേരളയുടെ ക്രിയേറ്റിവ് പങ്കാളിയായത് ടെന്‍ പോയിന്റ് മീഡിയയും കമ്യൂണികേഷന്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ചത് ലിസ തോമസുമാണ്. കെയര്‍ ഫോര്‍ കേരളക്ക് പിന്തുണയുമായി വന്ന എല്ലാ പ്രവാസി സംഘടനകളോടും സ്ഥാപനങ്ങളോടും വ്യക്തികളോടും പദ്ധതിയെ ജനകീയമാക്കാന്‍ സഹകരിച്ച എല്ലാ മുഖ്യധാരാ മാധ്യമങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു”.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ ഐഎഎസ്, കൃഷ്ണ തേജ ഐഎഎസ്, നോര്‍ക വൈസ് ചെയര്‍മാന്‍ വരദരാജന്‍, സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത തല ദൗത്യ സംഘമാണ് കെയര്‍ ഫോര്‍ കേരളയുടെ പ്രവര്‍ത്തനങ്ങളെ കേരള സര്‍ക്കാരുമായി ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്.
കെയര്‍ ഫോര്‍ കേരള(യുഎഇ)യുമായി നിരവധി പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സഹകരിച്ചിട്ടുണ്ട്. അവരോടും ബന്ധപ്പെട്ടവര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

കെയര്‍ ഫോര്‍ കേരള ടീം ആസ്റ്റര്‍ വളണ്ടിയര്‍മാരോടൊപ്പം