തുടര്‍ച്ചയായി 16 വര്‍ഷം രക്തദാന കാമ്പയിന്‍ സംഘടിപ്പിച്ച് ജോയ് ആലുക്കാസ്

27
ജോയ് ആലുക്കാസിന്റെ ആഗോള സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 117ാം രക്തദാന കാമ്പയിനില്‍ നിന്ന്

117ാം കാമ്പയിന്‍ ശ്രദ്ധേയമായി

ദുബൈ: ജോയ് ആലുക്കാസ് ലോക രക്തദാന ദിനത്തില്‍ വിപുലമായ രക്തദാന കാമ്പയിന്‍ സംഘടിപ്പിച്ചു. ജോയ് ആലുക്കാസിന്റെ ആഗോള സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ ദൗത്യം മികച്ച വിജയമായതിനൊപ്പം, പൊതു സമൂഹത്തോടുള്ള ജോയ് ആലുക്കാസിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതുമായി.
2005ല്‍ ആരംഭിച്ച ജോയ് ആലുക്കാസ് രക്തദാന ഫോറം ആഭിമുഖ്യത്തില്‍ കഴിഞ്ഞ 16 വര്‍ഷമായി നടത്തി വരുന്ന ദൗത്യങ്ങളില്‍ 117-ാമത്തെ രക്തദാന കാമ്പയിനാണിതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ‘രക്തദാനം ചെയ്യുക, നായകനാവുക’ എന്ന മാര്‍ഗദര്‍ശന വാക്യമുള്‍ക്കൊണ്ടാണ് ഫോറത്തിന്റെ പ്രവര്‍ത്തനം. ”ഞങ്ങളുടെ ഈ രക്തദാന ഫോറം ഇന്ത്യയിലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. രക്തം ദാനം ചെയ്യുന്നത് നന്മ നിറഞ്ഞ ഒരു പ്രവര്‍ത്തിയാകുന്നതിനൊപ്പം തന്നെ, ജീവന്‍ രക്ഷിക്കാനും മറ്റുള്ളവരെ അവരുടെ ജീവിതം നയിക്കാന്‍ സഹായിക്കാനുമുള്ള ഒരവസരമാണ്. രക്തദാനത്തിലെ ഈ നന്മയുള്ള ഘടകം തന്നെയാണ് ദാതാക്കള്‍ക്ക് അങ്ങേയറ്റം സംതൃപ്തി നല്‍കുന്നതും” -അദ്ദേഹം വ്യക്തമാക്കി.
2005ലാണ് ലോകാരോഗ്യ സംഘടന ജൂണ്‍ 14 ലോക രക്തദാതാക്കളുടെ ദിനമായി പ്രഖ്യാപിച്ചത്. അതേ വര്‍ഷം തന്നെ ജോയ് ആലുക്കാസ് രക്തദാന ഫോറം ആരംഭിച്ചുവെന്നതും ശ്രദ്ധേയമാണ്. 35 തവണയില്‍ കൂടുതല്‍ രക്തം ദാനം ചെയ്ത ദാതാക്കളടക്കം, ഒരു വലിയ സന്നദ്ധ ദാതാക്കളുടെ നിരയുണ്ട് എന്നത് തന്നെയാണ് തങ്ങളുടെ ഗ്രൂപ്പിന്റെ വിജയമെന്നും അദേഹം അവകാശപ്പെട്ടു.
അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളുമായും ദുബൈയിലെ ദുബൈ രക്തദാന കേന്ദ്രവുമായും സഹകരിച്ച് യുഎഇയില്‍ കഴിഞ്ഞ 16 വര്‍ഷമായി വളരെ സുസ്ഥിര രീതിയില്‍ ഈ രക്തദാന ദൗത്യങ്ങള്‍ തുടരാന്‍ ജോയ് ആലുക്കാസ് കഴിഞ്ഞു. ആഗോള തലത്തില്‍ 11 രാജ്യങ്ങളില്‍ രക്തദാന കാമ്പയിന്‍ വിജയകരമായി നടന്നു വരികയാണ്. ‘രക്തദാനമാണ് ആത്യന്തിക ദാനം’ എന്നത് നമ്മുടെ എല്ലാ രക്തദാന ദൗത്യങ്ങളുടെയും പിന്നിലെ മാര്‍ഗ നിര്‍ദേശ ചിന്തയാണ്. ജോയ് ആലുക്കാസ് ജീവനക്കാര്‍ മാത്രമല്ല, നിരവധി പൊതുജനങ്ങളും ഈ ദൗത്യങ്ങളില്‍ രക്തം ദാനം സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ടെന്നും ജോയ് ആലുക്കാസ് വ്യ്ക്തമാക്കി.
ഈ വര്‍ഷത്തെ കാമ്പയിന്‍ ജൂണ്‍ 15ന് രാവിലെ 9 മുതല്‍ ഉച്ച 2 വരെ ദുബൈ ലത്തീഫ ഹോസ്പിറ്റലിലുള്ള ദുബൈ രക്തദാന കേന്ദ്രത്തില്‍ നടത്തി. ഈ നന്മ നിറഞ്ഞ സംരംഭത്തിന്റെ ഭാഗമാവാന്‍ മുന്നോട്ടു വന്ന ധാരാളം സന്നദ്ധ ദാതാക്കളുണ്ട്. വിലയേറിയ ജീവന്‍ രക്ഷിക്കാനായി എല്ലാ ബിസിനസ് സ്ഥാപനങ്ങളോടും ആരോഗ്യമുള്ള വ്യക്തികളോടും സ്വയം സന്നദ്ധരായി മുന്നോട്ട് വന്ന് രക്തം ദാനം ചെയ്യണമെന്ന് ആഭ്യര്‍ത്ഥിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നതായും ജോയ് ആലുക്കാസ് അഭ്യര്‍ത്ഥിച്ചു.