തസ്‌നീം അസ്‌ലമിനെ ദുബൈ കെഎംസിസി ആദരിച്ചു

ഷാര്‍ജ അല്‍ഖാസിമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക ശരീഅഃയില്‍ ഒന്നാം റാങ്ക് നേടി 10 വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയ ഹാഫിള തസ്‌നീം അസ്‌ലമിനെ ആദരിക്കാന്‍ ദുബൈ കെഎംസിസി ഒരുക്കിയ ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കളയും ആക്ടിംഗ് ജന.സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റിയും ഉപഹാരം സമ്മാനിക്കുന്നു. അസ്‌ലം, ഒ.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, മൊയ്തു ചപ്പാരപ്പടവ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസന്‍ ചാലില്‍, കെ.പി.എ സലാം, നിസാമുദ്ദീന്‍ കൊല്ലം, മജീദ് മടക്കിമല സമീപം

ദുബൈ: ഷാര്‍ജ അല്‍ഖാസിമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക ശരീഅഃയില്‍ ഒന്നാം റാങ്ക് നേടുകയും അതിലൂടെ പ്രമുഖ വ്യക്ത്തിത്വങ്ങള്‍ക്ക് യുഎഇ നല്‍കുന്ന 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസക്ക് അര്‍ഹമാവുകയും ചെയ്ത ആദ്യ മലയാളി വിദ്യാര്‍ഥിനി ഖുര്‍ആന്‍ മന:പാഠമാക്കിയ ഹാഫിള തസ്‌നീം അസ്‌ലമിനെ ദുബൈ കെഎംസിസി ആദരിച്ചു. തസ്‌നീമിനുള്ള ഉപഹാരം ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കളയും ആക്ടിംഗ് ജന.സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റിയും ചേര്‍ന്ന് സമ്മാനിച്ചു. പഠനത്തിലും പഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായ തസ്‌നിം സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് ജേതാവ് കൂടിയാണ്. തസ്‌നീനിമിനെ അനുമോദിച്ചു കൊണ്ട് ദുബൈ കെഎംസിസി ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടിയില്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം, മറ്റു ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, മൊയ്തു ചപ്പാരപ്പടവ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസന്‍ ചാലില്‍, കെ.പി.എ സലാം, നിസാമുദ്ദീന്‍ കൊല്ലം, മജീദ് മടക്കിമല തുടങ്ങിയവര്‍ സംസാരിച്ചു. പിതാവ് അസ്‌ലമും പരിപാടിയില്‍ സംബന്ധിച്ചു. ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂള്‍ അധ്യാപിക കൂടിയായ തസ്‌നിം ആലപ്പുഴ ചന്തിരൂര്‍ അല്‍സനാബിലില്‍ മുഹമ്മദ് അസ്‌ലമിന്റെയും സുനിതയുടെയും മകളാണ്. ആദരത്തിന് കൃതജ്ഞത രേഖപ്പെടുത്തി തസ്‌നിം സംസാരിച്ചു.