ദുരിതമനുഭവിക്കുന്നവര്‍ക്ക് 15 കോടിയുടെ സഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആര്‍പി ഫൗണ്ടേഷന്‍

109

5 കോടി രൂപ നോര്‍ക റൂട്‌സിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിന്.
10 കോടി രൂപയുടെ സഹായം ആര്‍പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക പ്രയാസമുള്ള കുടുംബങ്ങള്‍ക്കും പെണ്‍കുട്ടികളുടെ വിവാഹത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കും വിധവകള്‍ക്കും.
ആര്‍പി ഫൗണ്ടേഷന്‍ ഇതുവരെ 85 കോടി രൂപ ചെലവഴിച്ചു.
250 രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള കോവിഡ് ചികിത്സാ കേന്ദ്രമൊരുക്കി.

 

ജലീല്‍ പട്ടാമ്പി

ദുബൈ: കോവിഡ് 19 മൂലം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് സഹായ ഹസ്തവുമായി ആര്‍പി ഫൗണ്ടേഷന്‍. ആഗോള തലത്തില്‍ ലക്ഷങ്ങളുടെ ജീവനെടുക്കുകയും ബിസിനസ് മേഖലയുടെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്ത കോവിഡ്, പ്രവാസികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് മലയാളികളുടെ ജീവഹാനിക്കും തൊഴില്‍ നഷ്ടത്തിനും ഇടയാക്കിയത് വേദനാജനകമാണെന്ന് പ്രവാസി വ്യവസായിയും ആര്‍പി ഗ്രൂപ് ചെയര്‍മാനുമായ ഡോ. ബി.രവി പിള്ള പറഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മാതാപിതാക്കള്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ നിലനില്‍പ്പിനായുള്ള അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ടും ആര്‍പി ഫൗണ്ടേഷന്‍ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം സൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
”കോവിഡ് പ്രതിസന്ധി തുടങ്ങിയതു മുതല്‍ ആര്‍പി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അനേകം കുടുംബങ്ങള്‍ക്ക് യാത്രാ സഹായം ഉള്‍പ്പെടെ ഒട്ടേറെ സാമ്പത്തിക സഹായങ്ങള്‍ നല്‍കി വരികയുമാണ്. ഇതുകൂടാതെ, കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് ചവറ ശങ്കരമംഗലം സ്‌കൂളില്‍ 250 രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള കോവിഡ് ചികിത്സാ കേന്ദ്രമൊരുക്കി. ഈ ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവര്‍ക്കൊരു കൈത്താങ്ങാവാനും നമുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവര്‍ക്ക് താങ്ങും തണലുമാവാന്‍ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യമായി കരുതുന്നു” -രവി പിള്ള പറഞ്ഞു.
ഈ സാഹചര്യത്തില്‍, കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അര്‍ഹരായ പരമാവധി ആളുകള്‍ക്ക് എത്രയും പെട്ടെന്ന് ആര്‍പി ഫൗണ്ടേഷന്‍ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതില്‍ അഞ്ചു കോടി രൂപ നോര്‍ക റൂട്‌സിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് വേണ്ടി വിതരണം ചെയ്യും.
10 കോടി രൂപ ആര്‍പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക പ്രയാസമുള്ള കുടുംബങ്ങള്‍ക്കും, പെണ്‍കുട്ടികളുടെ വിവാഹത്തിനും, ചികിത്സാ ആവശ്യങ്ങള്‍ക്കും, വിധവകളായ സ്ത്രീകള്‍ക്കുള്ള സഹായമായും വിതരണം ചെയ്യും.
കോവിഡ് നിമിത്തം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആര്‍പി ഫൗണ്ടേഷന്‍ ലക്ഷ്യം വക്കുന്നതെന്നും രവി പിള്ള പറഞ്ഞു.
രവി പിള്ളയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ആര്‍പി ഫൗണ്ടേഷനിലൂടെ നടത്തുന്നത്. ഫൗണ്ടേഷന്റെ കീഴില്‍ ഇതു വരെ നൂറുകണക്കിന് വിവാഹങ്ങള്‍ നടത്തിക്കൊടുക്കുകയും അവര്‍ക്കാവശ്യമായ ജോലിയും മറ്റു സഹായങ്ങളും നല്‍കുകയും ചെയ്തു. ഭവന രഹിതര്‍ക്കായി നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കുകയും നിര്‍ധനരായ അനവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ചെയ്തു വരുന്നു. നിലവില്‍ ഇന്ത്യയിലും വിദേശത്തുമായി അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷന്‍ നടത്തി വരികയുമാണ്. ഇതു വരെ 85 കോടി രൂപയിലേറെയാണ് ഇതിനായി ചെലവഴിച്ചത്.
ഈ സഹായം ലഭിക്കാന്‍ അര്‍ഹരായ ആളുകള്‍ സ്ഥലം എംപി/മന്ത്രി/എംഎല്‍എ/ജില്ലാ കലക്ടര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആര്‍പി ഫൗണ്ടേഷന്റെ താഴെ പറയുന്ന വിലാസത്തില്‍ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് ഡോ. രവി പിള്ള അറിയിച്ചു.
വിലാസം: ആര്‍പി ഫൗണ്ടേഷന്‍, പി.ബി നമ്പര്‍: 23, ഹെഡ് പോസ്റ്റ് ഓഫീസ്, കൊല്ലം-1, കേരള, ഇന്ത്യ.
ഇമെയില്‍: rpfoundation@drravipillai.com.