ഷാര്‍ജ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ ജൂലൈ 3 വരെ ദുക്‌റാന തിരുനാള്‍

ഷാര്‍ജ സെന്റ് മൈക്കിള്‍ കത്തോലിക്കാ ദേവാലയത്തില്‍ മാര്‍ തോമാ ശ്‌ളീഹായുടെ ഓര്‍മ തിരുനാള്‍ ഇടവക വികാരി ഫാ.മുത്തുവിന്റെ നേതൃത്വത്തില്‍ കൊടിയേറ്റോടെ ആരംഭിച്ചപ്പോള്‍. ഫാ.ജോസ് വട്ടുകുളത്തില്‍, ഫാ.അരുണ്‍ രാജ് തുടങ്ങിയവര്‍ സമീപം

ഷാര്‍ജ: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാ ശ്‌ളീഹായുടെ ഓര്‍മ തിരുനാള്‍ സെന്റ് മൈക്കിള്‍ കത്തോലിക്കാ ദേവാലയത്തില്‍ കോവിഡ് 19 മാനദണ്ഡങ്ങളനുസരിച്ച് നടത്തുന്നു. ജൂണ്‍ 24ന് ഇടവക വികാരി ഫാ.മുത്തുവിന്റെ നേതൃത്വത്തില്‍ കൊടിയേറ്റോടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കൊടിയേറ്റിനോടനുബന്ധിച്ച് ഫാ.ജോസ് വട്ടുകുളത്തിലിന്റെയും ഫാ.അരുണ്‍ രാജിന്റെയും നേതൃത്വത്തില്‍ ദിവ്യബലിയുമുണ്ടായിരുന്നു. ജൂലൈ മൂന്ന് വരെ എല്ലാ ദിവസവും ദേവാലയ മുറ്റത്ത് നൊവേന ഉണ്ട്.
മുഖ്യ തിരുനാള്‍ ദിവസമായ ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഫാ.അലക്‌സ് വാച്ചാപറമ്പിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് ഫാ.പീറ്റര്‍ പി.എം നയിക്കുന്ന വചന പ്രസംഗവുമുണ്ടായിരിക്കും. ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളില്‍ ഫാ.വര്‍ഗീസ് കോഴിപ്പാടന്‍, ഫാ.അനൂപ് പൗലോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രത്യേക കുര്‍ബാനകള്‍ അര്‍പ്പിക്കുന്നതാണ്.
അധികാരികള്‍ നല്‍കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കൃത്യ അകലം പാലിച്ച് ദേവാലയത്തിലും പാരീഷ് ഹാളിലും മറ്റുമായായിരിക്കും തിരുനാള്‍ പരിപാടികള്‍ നടത്തുകയെന്ന് ഫാ.ജോസ് വട്ടുകുളത്തില്‍ അറിയിച്ചു. ദൈവാലയത്തില്‍ എത്തി തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കൊച്ചു കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി തിരുനാള്‍ ദിവസങ്ങളില്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്നും അച്ചന്‍ അറിയിച്ചു.
മലയാളം പാരീഷ് കമ്മിറ്റിയും ഇടവകയിലെ സീറോ മലബാര്‍ സമൂഹവും സംയുക്തമായാണ് മാര്‍തോമാ ശ്‌ളീഹായുടെ ഓര്‍മ പുതുക്കുന്ന ദുക്‌റാന തിരുന്നാള്‍ ആഘോഷിക്കുന്നത്.