ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജൂണ്‍ 23 മുതല്‍ ദുബൈയില്‍ പ്രവേശിക്കാം

യുഎഇ അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരും യുഎഇ റെസിഡെന്‍സി വിസയുമുള്ളവരുമാവണം

ജലീല്‍ പട്ടാമ്പി
ദുബൈ: യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസ് എടുത്ത, യുഎഇ റെസിഡെന്‍സി വിസയുള്ള ഇന്ത്യയില്‍ നിന്നടക്കമുള്ള യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് പ്രവേശിക്കാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം തലവനായ ദുബൈയിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (എസ്‌സിസിഡിഎംഡി) അനുമതി നല്‍കി. ഇന്ത്യ കൂടാതെ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും അനുമതിയുണ്ട്. ഈ മാസം 23 മുതലാണ് അനുമതി പ്രാബല്യത്തിലാവുക.
എന്നാല്‍, ഇതനുസരിച്ച് ദുബൈയിലെത്തുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പെടുത്ത പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതേസമയം, ഇതില്‍ യുഎഇ പൗരന്മാര്‍ക്ക് ഇളവുണ്ട്. ക്യുആര്‍ കോഡുള്ള നെഗറ്റീവ് പിസിആര്‍ ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഇതിനും പുറമെ, ഇന്ത്യയില്‍ നിന്നും ദുബൈയിലേക്കുള്ള യാത്രക്ക് നാലു മണിക്കൂര്‍ മുന്‍പെടുത്ത റാപിഡ് പിസിആര്‍ ടെസ്റ്റ് കൂടി നടത്തേണ്ടതുണ്ട്. ദുബൈയിലെത്തുമ്പോള്‍ മറ്റൊരു പിസിആര്‍ ടെസ്റ്റ് കൂടി നടത്തണം. തുടര്‍ന്ന്, പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട്‌
സ്വീകരിക്കുന്നതു വരെ (24 മണിക്കൂറിനകം) ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകണം.
ദക്ഷിണാഫ്രിക്കയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും ഇതേ പ്രൊട്ടോകോളുകള്‍ ബാധകമാണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍ അന്തിമ വിമാനത്താവളത്തിലെ പ്രവേശന ചട്ടങ്ങളാണ് പാലിക്കേണ്ടത്.
ഏറ്റവും പുതിയ രാജ്യാന്തര നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലുകലുകളടക്കമുള്ള പരിഷ്‌കരിച്ച യാത്രാ ചട്ടങ്ങള്‍ കൊണ്ടു വരുന്നതെന്നും ഒരാഗോള വാണിജ്യ നഗരമെന്ന നിലക്കുള്ള ദുബൈയുടെ സുരക്ഷിതമായ നിലനില്‍പ്പിനായാണ് അപ്പപ്പോഴുള്ള നീക്കങ്ങളെന്നും എസ്‌സിസിഡിഎംഡി പ്രസ്താവനയില്‍ വ്യക്തമാക്കി.