ഏറ്റവും മികച്ച അധ്യയന ഇടങ്ങളുമായി ഗ്‌ളോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ദുബൈയിലെ പുതിയ കാമ്പസില്‍

ജിഐഐഎസ് പ്രിന്‍സിപ്പല്‍ ആന്റണി കോശി

ദുബൈ: ഗ്‌ളോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളി(ജിഐഐഎസ്)ന്റെ പുതിയ കാമ്പസ് അടുത്തിടെ ദുബൈ നഗരത്തിലെ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ദുബൈ നഗരത്തിന്റെ ഹൃദയ ഭാഗമായ മെയ്ദാന്‍ സ്ട്രീറ്റിലെ ഈ കാമ്പസ് ദുബൈയില്‍ സിബിഎസ്ഇ കരിക്കുലം ഏറ്റവും മികവാര്‍ന്ന നിലയില്‍ സമഗ്രവും സമന്വയാധിഷ്ഠിതവുമായി നടപ്പാക്കിയ ഇടം കൂടിയാണ്. ലോക നിലവാരത്തിലുള്ള പാഠ്യ പദ്ധതിക്ക് പുറമെ, അധ്യാപകര്‍ക്കും സംയോജിത വിശകലനത്തിനും പിന്തുണയാകുന്ന, എല്ലാ ക്‌ളാസുകള്‍ക്കും അനുഗുണമായ നിരവധി അധ്യയന രീതികള്‍ ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു.


എല്ലാ പ്രായത്തിലും പെട്ട കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസത്തോടൊപ്പം, പാരിസ്ഥിതികവും സാമൂഹികവുമായ ജീവിതം കൂടി മനസ്സിലാക്കുന്ന വിധത്തിലാണ് ഇവിടെ സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ നടപ്പാക്കി വിജയിച്ച ശൈലികളും രീതികളും ഒപ്പം, പുതിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ അധ്യയനം വേറിട്ടതാക്കിയിരിക്കുന്നത്. ഒരുപക്ഷേ, മിഡില്‍ ഈസ്റ്റില്‍ തന്നെ ഈ വിധത്തില്‍ ബഹുവിധ സൗകര്യങ്ങളോടെ ഇങ്ങനെ പരിഷ്‌കരിക്കപ്പെട്ട സ്‌കൂളുകള്‍ മറ്റെവിടെയെങ്കിലുമുണ്ടോയെന്ന് സംശയമാണ്.
ഔട്ട്‌ഡോര്‍ അധ്യയനവും ഗവേഷണാടിസ്ഥാനത്തിലുള്ള വികസിത സ്ട്രീം സംരംഭവും ഇവിടത്തെ പഠനത്തിന്റെ സവിശേഷതകളാണ്. കൂടുതല്‍ അവസരങ്ങളോടെ, അധ്യയനത്തിനും വളരാനും മുന്നേറാനും വേദികള്‍ സൃഷ്ടിച്ച് കുട്ടികളെ ശാക്തീകരിക്കുകയാണീ വിദ്യാലയമെന്ന് പ്രിന്‍സിപ്പല്‍ ആന്റണി കോശി പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി അവന്റെ/അവളുടെ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ ആര്‍ജിക്കേണ്ട കഴിവുകളും വൈദഗ്ധ്യങ്ങളും നേടിയെടുക്കാന്‍ സ്‌കൂള്‍ പ്രാപ്തമാക്കുന്നിവെന്നിടത്താണ് ഈ വിദ്യാലയം വ്യതിരിക്തമാകുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.


അക്കാദമിക മികവ്, കായിക മികവ്, ദൃശ്യ-അരങ്ങ് കലാ രൂപങ്ങള്‍, വ്യക്തിത്വ വികാസം, ഇന്നൊവേഷനും ക്രിയേറ്റിവിറ്റിയും, സംരഭക-നേതൃ ശേഷികള്‍, സാമൂഹിക കാഴ്ചപ്പാട്, നൈപുണ്യ വികസനം എന്നീ അഞ്ച് രത്‌ന തുല്യമായ തത്ത്വങ്ങളെ ആധാരമാക്കിയാണ് ഈ സ്‌കൂള്‍ ചലിക്കുന്നത്.
താങ്ങാനാകുന്ന ഫീസും മികച്ച പഠന നിലവാരവും മറ്റെങ്ങും ലഭിക്കാത്ത അനുപമമായ സൗകര്യങ്ങളും സാഹചര്യങ്ങളുമാണ് ജിഐഐഎസിനെ ലോക വിദ്യാലയ ശൃംഖലകളിലേക്ക് വളര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂര്‍, മലേഷ്യ, ജപ്പാന്‍, തായ്‌ലാന്റ്, യുഎഇ, വിയറ്റ്‌നാം, ഇന്ത്യ എന്നീ രാജ്യങ്ങളിലെ 23 കാമ്പസുകളിലായി 15,000ത്തിലധികം വിദ്യാര്‍ത്ഥികളുമായി ജിഐഐഎസ് ഇന്ന് ലോകോത്തര ശൃംഖലയുള്ള സ്‌കൂള്‍ എന്ന അവാര്‍ഡ് നേടിയ വിദ്യാലയമായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. 2002ല്‍ സ്ഥാപിതമായ ജിഐഐഎസ് കെജി മുതല്‍ 12ാം ക്‌ളാസ് വരെ രാജ്യാന്തര-ഇന്ത്യന്‍ കരിക്കുലങ്ങള്‍ അടിസ്ഥാനമാക്കിയാണ് അധ്യയനം സംഘടിപ്പിച്ചിരിക്കുന്നത്.