സന്നദ്ധ സേവനത്തിന് ദൈവിക നന്ദി

ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ നബി (സ്വ) നടന്നു പോകുമ്പോള്‍ ജനങ്ങള്‍ ഒരു കിണറില്‍ നിന്ന് വെള്ളം കോരി പാത്രങ്ങളില്‍ ഒഴിക്കുകയായിരുന്നു. വെള്ളമെടുക്കാന്‍ അവരെ സഹായിക്കുന്ന സന്നദ്ധ സേവകരെ നബി (സ്വ) കണ്ടു. അവരോട് പറഞ്ഞു: നിങ്ങളീ പ്രവര്‍ത്തനം തുടരുക. കാരണം, നിങ്ങള്‍ ചെയ്യുന്നത് പുണ്യ കര്‍മമാണ്. നബി (സ്വ) തുടര്‍ന്നു: ജനങ്ങള്‍ തിരക്ക് കൂട്ടി നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കില്‍ ഞാനും പാനമാത്രം മുതുകിലേറ്റി നിങ്ങളോടൊപ്പം ഇറങ്ങുമായിരുന്നു (ഹദീസ് ബുഖാരി 1635). പ്രസ്തുത ഹദീസ് സന്നദ്ധ സേവന(വളണ്ടിയറിംഗ്)ത്തെ പ്രോത്സാഹിപ്പിക്കുന്നതും അതിന്റെ മഹത്വമറിയിക്കുന്നതുമാണ്. സന്നദ്ധ സേവകന്‍ പുണ്യം ചെയ്തവന്‍ തന്നെയാണ്. അവന് നന്ദിയായി അല്ലാഹു പ്രതിഫലമേകുന്നതാണ്. അല്ലാഹു പറയുന്നു: ഒരാള്‍ സ്വയം നന്മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അല്ലാഹു അതിന് നന്ദിയായി പ്രതിഫലം നല്‍കുന്നവനും സര്‍വജ്ഞനുമാകുന്നു (സൂറത്തുല്‍ ബഖറ 158).
ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്ത് ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതാണ് സന്നദ്ധ സേവനം. പ്രവാചകാനുയായികളായ സ്വഹാബികളും സ്വഹാബിയ്യത്തുകളും സന്നദ്ധ ജനസേവകരായിരുന്നു. ആണുങ്ങള്‍ സമൂഹത്തിലിറങ്ങി ഓരോരുത്തര്‍ക്കും ആവശ്യമായത് ചെയ്തു കൊടുത്തിരുന്നുവെങ്കില്‍ സത്രീകള്‍ വൈദ്യവും മറ്റു പരിജ്ഞാനങ്ങളും കരസ്ഥമാക്കി രോഗികളെ ചികിത്സിക്കുകയും മറ്റു സഹായങ്ങളെത്തിക്കുകയും ചെയ്യുമായിരുന്നു. ഓരോരുത്തരും തങ്ങളുടെ കഴിവും പരിചയവും സമൂഹ നന്മക്കായി വിനിയോഗിക്കുമായിരുന്നു. തന്നാല്‍ സമൂഹത്തിലെ ഒരാള്‍ക്ക് സഹായമുണ്ടായാല്‍ പോലും അത് നിസ്തുലമായിരിക്കും. അക്കാര്യമാണ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്, ഒരാളെ കൊലയില്‍ നിന്ന് മുക്തനാക്കിയാല്‍ മനുഷ്യരെ മുഴുവന്‍ അതില്‍ നിന്ന് രക്ഷിച്ചത് പോലെയാണെന്ന് (സൂറത്തുല്‍ മാഇദ 32). സമൂഹത്തിലെ ഒരംഗത്തെ സഹായിച്ചാല്‍ പോലും ഏറെ പ്രതിഫലാര്‍ഹമെന്ന് സാരം.
ഒരു സന്നദ്ധ സേവകന്റെ ചരിത്രകഥ നബി (സ്വ) വിവരിക്കുന്നുണ്ട്: ഒരാള്‍ നടന്നു പോകുമ്പോള്‍ വഴിയില്‍ മുള്ളുള്ള കമ്പ് കണ്ടു. അയാളത് നീക്കം ചെയ്തു. അത് കാരണം അല്ലാഹു അയാള്‍ക്ക് നന്ദി ഉപചാരമായി ദോഷങ്ങള്‍ പൊറുത്തു കൊടുത്തു (ഹദീസ് ബുഖാരി, മുസ്‌ലിം). ജനങ്ങളെയും നാടിനെയും സേവിക്കുന്ന സാമൂഹിക സേവകര്‍ക്ക് അല്ലാഹുവിങ്കല്‍ എണ്ണമറ്റ പ്രതിഫലവും ജനമനസ്സുകളില്‍ ആദരവും അംഗീകാരവും സ്വന്തമായിരിക്കും.