ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കല്‍: സംരക്ഷിക്കപ്പെടുന്നത് ഉപയോക്താവിന്റെ അവകാശം

20

എം.പി അഹമ്മദ്
(ചെയര്‍മാന്‍ ആന്റ് സിഇഒ, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്)

ചെലവഴിക്കുന്ന പണത്തിന് നൂറ് ശതമാനം മൂല്യം ലഭിക്കുകയെന്നത് ഒരു ഉപയോക്താവിന്റെ അവകാശമാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഉപയോക്തൃ സംരക്ഷണ നിയമം ഉപയോക്താക്കളുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കാന്‍ കെല്‍പ്പുള്ളതാണ്.
ഉപയോക്താക്കളുടെ സംരക്ഷണത്തിനായി കാലാനുസൃതമായ പല നിയമങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ക്ക് ജൂ 16 മുതല്‍ ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്. സ്വര്‍ണം വാങ്ങുമ്പോള്‍ പലപ്പോഴും ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം രാജ്യത്ത് നിലവിലുണ്ട്. വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്താന്‍ ഉപയോക്താവിന് എല്ലായ്‌പ്പോഴും കഴിയാത്ത സ്ഥിതിയുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനായാണ് ഹാള്‍ മാര്‍ക്കിംഗ് ഇന്ത്യയില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. സര്‍ക്കാറിന്റെ സുപ്രധാന നടപടിയായി തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ പ്രധാനമായും നിക്ഷേപത്തിനും പാരിതോഷികങ്ങള്‍ നല്‍കാനുമാണ് ആളുകള്‍ സ്വര്‍ണം വാങ്ങുന്നത്. സ്വര്‍ണാഭരണങ്ങളുടെ ഗുണനിലവാരത്തിന്റെയും പരിശുദ്ധിയുടെയും കാര്യത്തില്‍ ഉപയോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുകയെത് സര്‍ക്കാറിന്റെ കടമയാണ്. ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത് ഇതിനുള്ള ഏറ്റവും നല്ല ഉപാധിയാണ്. ഇത് സ്വര്‍ണത്തിന്റെ പേരിലുള്ള തട്ടിപ്പ് കുറക്കാനും സഹായിക്കും.
സ്വര്‍ണാഭരണങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോവാതിരിക്കാനായി വെള്ളി, ചെമ്പ്, സിങ്ക് ഉള്‍പ്പെടെയുള്ള മറ്റ് ലോഹങ്ങള്‍ സ്വര്‍ണത്തോടൊപ്പം ചേര്‍ക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണത്തെ 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിങ്ങനെ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിജപ്പെടുത്തിയിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്താനായി ഒരു ഗ്രാമില്‍ 91.6 ശതമാനം സ്വര്‍ണം ഉണ്ടായിരിക്കണം. 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനവും 14 ഗ്രാം സ്വര്‍ണത്തില്‍ 58.5 ശതമാനവും സ്വര്‍ണം ഉണ്ടായിരിക്കണമൊണ് നിബന്ധന.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിശ്ചയിച്ച പരിശുദ്ധി സ്വര്‍ണാഭരണങ്ങള്‍ക്ക് ഉറപ്പാക്കാനായാണ് ബിഐഎസ് ഹാള്‍ മാര്‍ക്കിംഗ് നടത്തുന്നത്. ഇതിനായി രാജ്യത്ത് നിരവധി സ്വകാര്യ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ കര്‍ശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഹാള്‍ മാര്‍ക്കിംഗ് നടത്തിയ ആഭരണത്തില്‍ ബിഐഎസ് മുദ്ര, സ്വര്‍ണത്തിന്റെ പരിശുദ്ധി, ഹാള്‍ മാര്‍ക്കിംഗ് ഏജന്‍സിയുടെ മുദ്ര, ജ്വല്ലറിയുടെ മുദ്ര എന്നിവ രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ട്, തട്ടിപ്പ് നടത്തിയാല്‍ ഇതിലൂടെ കണ്ടെത്താന്‍ കഴിയും. ഭാവിയില്‍ ബിഐഎസ് മുദ്ര, സ്വര്‍ണത്തിന്റെ പരിശുദ്ധി എന്നിവയക്ക് പുറമെ, ആറക്ക ഹാള്‍ മാര്‍ക്കിംഗ് യുണീക് ഐഡിയായിരിക്കും സ്വര്‍ണാഭരണത്തില്‍ രേഖപ്പെടുത്തുക.
ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നതിലൂടെ മൂന്ന് തരത്തിലുള്ള നേട്ടങ്ങളാണ് ഉപഭോക്താവിന് ലഭിക്കുക. താന്‍ വാങ്ങുന്ന സ്വര്‍ണാഭരണം പരിശുദ്ധിയുള്ളതാണെന്ന് ഉറപ്പിക്കാനാകുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. വാങ്ങിയ സ്വര്‍ണം എപ്പോള്‍ വില്‍ക്കേണ്ടി വന്നാലും തേയ്മാനവും മറ്റും ഒഴികെ അതിന്റെ മൂല്യത്തില്‍ കുറവ് വരുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. അതായത് പരിശുദ്ധി കുറവാണ് എന്ന് പറഞ്ഞു കൊണ്ട് പഴയ സ്വര്‍ണത്തിന് വില കുറയ്ക്കാന്‍ കഴിയില്ലെന്നര്‍ത്ഥം. ഉപഭോക്താക്കള്‍ വാങ്ങുന്ന സ്വര്‍ണത്തിന് നിയമപരമായ പരിരക്ഷ ലഭിക്കുന്നുവെന്നതാണ് മൂാമത്തെ നേട്ടം.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി സ്വര്‍ണ വില്‍പന രംഗത്തുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ആഭരണത്തിന്റെ പരിശുദ്ധിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് എനിക്ക് പറയാനാകും. ഒരു കാരണവശാലും ഉപഭോക്താക്കളെ വഞ്ചിക്കരുതെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 21 വര്‍ഷമായി 100 ശതമാനം ഹാള്‍ മാര്‍ക്കിംഗ് നടത്തിയ ആഭരണങ്ങള്‍ മാത്രമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ വില്‍പന നടത്തുന്നത്. ഇതിലൂടെ കമ്പനിക്ക് വലിയ തോതിലുള്ള ബിസിനസ് പുരോഗതി നേടാനും കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇപ്പോഴും മുപ്പത് ശതമാനത്തോളം സ്വര്‍ണ വ്യാപാരികള്‍ മാത്രമേ ഹാള്‍ മാര്‍ക്കിംഗ് നടത്തിയ സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തുുള്ളൂ. മാത്രമല്ല, വ്യാജ ഹാള്‍ മാര്‍ക്കിംഗ് നടത്തി ഉപയോക്താക്കളെ വഞ്ചിക്കുന്നുമുണ്ട്. ഇതിനായി നിരവധി വ്യാജ ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ആഭരണന്ന നിര്‍മാതാക്കള്‍, വില്‍പനക്കാര്‍, ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍ എിവര്‍ക്ക് ഹാള്‍ മാര്‍ക്കിംഗ് നടത്തുന്നതില്‍ തുല്യ ഉത്തരവാദിത്തം ഏര്‍പ്പെടുത്തുകയും ഇത് ലംഘിക്കുന്നുണ്ടോയെനന് കര്‍ശന പരിശോധന നടത്തുകയും വേണം.
ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ അത് നടത്തുന്നതിന് വേണ്ടത്ര കേന്ദ്രങ്ങള്‍ ഇല്ലെന്ന പരാതിയുമായി ചിലര്‍ രംഗത്തെത്തുന്നുണ്ട്. അത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. രാജ്യത്ത് നിലവില്‍ 965 ഹാള്‍ മാര്‍ക്കിംഗ് സെന്ററുകളാണുള്ളത്. ഇതില്‍ നല്ലൊരു ഭാഗം സെന്ററുകളുടെയും സേവനം ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഇത് ഉപയോഗപ്പെടുത്തിയാല്‍ ഹാള്‍ മാര്‍ക്കിംഗ് നടത്തുന്നതിന് യാതൊരു പ്രയാസവും ഉണ്ടാവില്ല.
വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണ കള്ളക്കടത്ത് നടക്കുന്നുണ്ട്. ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും ഉള്‍പ്പെടെ 13.75 ശതമാനം നികുതിയാണ് ഈടാക്കുന്നത്. നികുതി വെട്ടിച്ച് കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വര്‍ണം അനധികൃത ആഭരണ നിര്‍മാണ ശാലകളിലെത്തിച്ച് ആഭരണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് മാഫിയകളും ഭീകര സംഘടനകളുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ സമാന്തര സാമ്പത്തിക വ്യവസ്ഥ അവര്‍ സൃഷ്ടിക്കുകയാണ്. ആഭരണ നിര്‍മാണ ശാലകളില്‍ നിന്ന് തന്നെ ഹാള്‍ മാര്‍ക്കിംഗിന് വിധേയമാക്കുകയും ഇ-ഗവേണന്‍സ്, ട്രാക്കിംഗ് സംവിധാനങ്ങള്‍ വഴി ഇത് ഉറപ്പ് വരുത്താനും സര്‍ക്കാര്‍ തയാറായാല്‍ എല്ലാ ആഭരണങ്ങള്‍ക്കും പരിശുദ്ധി ഉറപ്പാക്കാന്‍ കഴിയും. ഭാവിയില്‍ ആറക്ക ഹാള്‍ മാര്‍ക്കിംഗ് യുണീക് ഐഡി വരുന്നതോടെ ഇതുപയോഗിച്ച് സ്വര്‍ണാഭരണങ്ങളുടെ ഹാള്‍ മാര്‍ക്കിംഗ് സംബന്ധിച്ച എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.
ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത് സ്വര്‍ണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. പരിശുദ്ധിയുള്ള സ്വര്‍ണം നല്‍കി ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജിക്കാനും അതിലൂടെ ബിസിനസ് വര്‍ധിപ്പിക്കാനും കഴിയും. സര്‍ക്കാര്‍ തീരുമാനത്തെ മുഴുവന്‍ സ്വര്‍ണ വ്യാപാരികളും പിന്തുണക്കുകയാണ് ചെയ്യേണ്ടത്.