കാര്യപ്രാപ്തിക്ക് മാര്‍ഗങ്ങള്‍ തേടുകയും വേണം

അചഞ്ചലമായ വിശ്വാസത്തോടൊപ്പം മാര്‍ഗങ്ങള്‍ തേടിയാല്‍ മാത്രമേ ലക്ഷ്യത്തിലെത്തുകയുള്ളൂ. മാര്‍ഗ തേട്ടമില്ലാതെ കേവലമായി ദൈവത്തില്‍ ഭരമേല്‍പ്പിക്കുന്നതിന് (തവക്കുല്‍) പ്രസക്തിയില്ല. ദൈവഹിതമുണ്ടാകുമെന്ന ദൃഢനിശ്ചയത്തോടൊപ്പം, അതിനായി കിണയുകയും വേണം. പൂര്‍വ പ്രവാചകന്മാരും പണ്ഡിതന്മാരും സൂരികളും തത്ത്വജ്ഞാനികളുമെല്ലാം ലക്ഷ്യ സാക്ഷാത്കാരത്തിനായി അല്ലാഹു ഒരുക്കിയ മാര്‍ഗങ്ങള്‍ തേടി അത്യന്തം പരിശ്രമിക്കുന്നവരായിരുന്നു. അങ്ങനെയാണവര്‍ ജനതയെ പ്രബോധനം ചെയ്ത് വഴികേടില്‍ നിന്നും മാര്‍ഗഭ്രംശത്തില്‍ നിന്നും രക്ഷിച്ചത്.
നൂഹ് നബി(അ)യെ അല്ലാഹു നിരുപാധികം മഹാ പ്രളയത്തില്‍ നിന്ന് രക്ഷിച്ചതല്ല. അതില്‍ നിന്നുള്ള രക്ഷ നേടാനുള്ള മാര്‍ഗമായി കപ്പല്‍ നിര്‍മിക്കാന്‍ കല്‍പിക്കുകയായിരുന്നു. ആ ദൈവാജ്ഞ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: നമ്മുടെ മേല്‍നോട്ടത്തിലും ബോധനമനുസരിച്ചും താങ്കള്‍ ജലയാനം പണിയുക (സൂറത്തുല്‍ മുഅ്മിനൂന്‍ 27). അങ്ങനെ, ദൈവകല്‍പന നടപ്പിലാക്കിക്കൊണ്ടുള്ള മാര്‍ഗത്തിലൂടെയാണ് നൂഹ് നബി(അയും സത്യവിശ്വാസികളും രക്ഷപ്പെട്ടത്.
ദുല്‍ഖര്‍നൈനി(റ)ക്ക് അല്ലാഹു മാര്‍ഗങ്ങള്‍ കാണിച്ചു കൊടുത്ത പ്രകാരം ജനങ്ങളുടെ സഹായത്തോടെ കഠിനാധ്വാനം നടത്തി ശക്തമായ പ്രതിരോധ മതില്‍ പണിത ചരിത്രം ഖുര്‍ആന്‍ കഥനം ചെയ്യുന്നുണ്ട്: നിശ്ചയം, അദ്ദേഹത്തിന് നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും സര്‍വ കാര്യങ്ങള്‍ക്കുമുള്ള വഴികള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു (സൂറത്തുല്‍ കഹ്ഫ് 84, 85). മഹാനവര്‍കള്‍ അവരോട് മാര്‍ഗ നടത്തിപ്പിന് സഹായം തേടിയിട്ടുമുണ്ട്: ശാരീരിക ശക്തി കൊണ്ട് നിങ്ങളെന്നെ സഹായിക്കുക. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ബലിഷ്ഠ മതില്‍ നിര്‍മിച്ചു തരാം (സൂറത്തുല്‍ കഹ്ഫ് 95). ദുര്‍ഖര്‍നൈനി (റ)യുടെ അപാര ജ്ഞാനവും വേറിട്ട ത്രാണിയും ജനങ്ങളുടെ സഹായത്തോടെ മാര്‍ഗമാക്കിയപ്പോഴാണ് രക്ഷയായി ലോഹ മതില്‍ സാധ്യമായത്. (മാര്‍ഗം എന്ന അര്‍ത്ഥത്തിന് കാരണം എന്നര്‍ത്ഥമാക്കുന്ന സബബ് എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്).
കാര്യങ്ങള്‍ നടത്താന്‍ ഭൗതികവും ആത്മീയവുമായ മാര്‍ഗങ്ങള്‍ തേടണമെന്നാണ് നബി (സ്വ) സ്വഹാബികളെ പഠിപ്പിച്ചത്. ഒട്ടകത്തെ കയറൂറി വിട്ട് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണോ, അല്ലെങ്കില്‍ കെട്ടിയിട്ട് ഭരമേല്‍പ്പിക്കണോ എന്ന് ചോദിച്ച അനുയായിയോട് നബി (സ്വ) പറഞ്ഞത്, അതിനെ കെട്ടിയിട്ട് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം (ഹദീസ് ഇബ്‌നു ഹിബ്ബാന്‍ 831) എന്നാണ്. മറ്റൊരു ഹദീസില്‍ വേറൊളോട് നബി (സ്വ) പറഞ്ഞതായി കാണാം: നീ നിനക്ക് ഉപകാരപ്രദമായത് ആഗ്രഹിക്കുക, എന്നിട്ട് അതിനായി അല്ലാഹുവിനോട് ചോദിക്കുക, അശക്തനാവരുത് ( ഹദീസ് മുസ്‌ലിം 2664). കാര്യപ്രാപ്തിക്കുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും ഇടക്ക് നിരാശനായി പിന്മാറരുതെന്നുമാണ് അശക്തനാവരുതെന്നത് കൊണ്ടുള്ളതിന്റെ പൊരുള്‍.
രോഗം പിടിപെട്ടാല്‍ ചികിത്സിക്കണം. രോഗം തന്ന അല്ലാഹു തന്നെ രോഗശമനവും ഏകുമെന്ന് കരുതി വെറുതെ ഇരുന്നാല്‍ പോരാ. അതിനുള്ള മാര്‍ഗമായ ചികിത്സ തേടണം. ചികിത്സിക്കണോ എന്നു ചോദിച്ച സ്വഹാബികളോട്, ”അതേ, അല്ലാഹുവിന്റെ അടിമകളേ.., നിങ്ങള്‍ ചികിത്സിക്കുക” എന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് അബൂ ദാവൂദ് 3855, ബുഖാരി അദബുല്‍ മുഫ്‌റദ് 291). മഹാമാരി കാലത്ത് രോഗ പ്രതിരോധത്തിന്റെയും ചികിത്സയുടെയും ഭാഗമായി ആരോഗ്യ വകുപ്പും അധികാരികളും നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കല്‍ ഓരോരുത്തരുടെയും മതപരവും ദേശീയവുമായ ബാധ്യതയാണ്. അതും മാര്‍ഗമാണ്.