വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

ഷാര്‍ജ: മുംബൈ സ്വദേശിയായ ഖാസി സമീര്‍ അബ്ദുലിന്റെ മകനും ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയുമായ അബ്ദുല്ല സമീര്‍ ഖാസി മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം ഷാര്‍ജ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മെയ് 24ന് രാവിലെയാണ് നാഷനല്‍ പെയിന്റ്‌സ് ഏരിയയില്‍ അബ്ദുല്ല സമീര്‍ ഖാസി താമസിക്കുന്ന ഫ്‌ളാറ്റിന്റെ താഴെ കളിച്ചു കൊണ്ടിരിക്കെ സംഭവിച്ച ദാരുണമായ വാഹനാപകടമാണ് അബ്ദുല്ല സമീറിന്റെ മരണത്തിന് വഴിയൊരുക്കിയത്.
അബ്ദുല്ല സമീറിന്റെ മരണത്തില്‍ പെയ്‌സ് എജുകേഷന്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്‌റാഹിം ഹാജി അനുശോചിച്ചു. കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും കുടുംബത്തിന് ക്ഷമയും സഹനവും സര്‍വശക്തന്‍ പ്രദാനം ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ചെയര്‍മാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, അധ്യാപകര്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.