ഖാദര്‍ കുന്നില്‍ നിര്യാതനായി

ഖാദര്‍ കുന്നില്‍

ഷാര്‍ജ: യുഎഇ കെഎംസിസി സ്ഥാപക നേതാക്കളില്‍ പ്രമുഖനും ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റുമായ ഖാദര്‍ കുന്നില്‍ നാട്ടില്‍ ചികിത്സയിലിരിക്കെ നിര്യാതനായി. നേരത്തെ, യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ഓര്‍ഗ.സെക്രട്ടറി ഉള്‍പ്പെടെ നിരവധി പദവികളില്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗമായും ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെമനാട് സിഎച്ച് സെന്റര്‍ ഷാര്‍ജ കമ്മിറ്റി പ്രസിഡന്റാണ്.
കാസര്‍കോട് ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശിയായ ഖാദര്‍ കുന്നില്‍, ഷാര്‍ജ റോള കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വരികയായിരുന്നു. വൃക്ക സംബന്ധമായ അസുഖം കാരണം ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. അഹമ്മദ് കുന്നിലാണ് പിതാവ്. മാതാവ്: ആയിഷ. ഭാര്യ: സാറ. മക്കള്‍: അഹമ്മദ് നൗഫല്‍, അഹമ്മദ് നവാഫ്, ഡോ. ആയിഷത്ത് സര്‍ഫാന, അഹമ്മദ് മുസമ്മില്‍, അഹമ്മദ് ജസീല്‍, അഹമ്മദ് ആഷിഖ്. സഹോദരങ്ങള്‍: പരേതരായ ബഷീര്‍, മുഹമ്മദ്, ബീഫാത്തിമ, ജമീല, താഹിറ, റംല.