പ്രവാസത്തിന്റെ കയ്പും മധുരവുമറിഞ്ഞ 40 വര്‍ഷം; കെ.പി മൂസ നാടണയുന്നു

130
നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാടണയുന്ന ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ട് കെ.പി മൂസക്ക് ജില്ലാ കെഎംസിസി ദുബൈ ക്രീക്കിലെ ഉല്ലാസ നൗകയില്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല കെഎംസിസിയുടെ സ്‌നേഹോപഹാരം കൈമാറുന്നു

ദുബൈ: 1982ല്‍ യുഎഇയില്‍ കാലു കുത്തിയ കൊയിലാണ്ടി തിക്കോടിയിലെ കെ.പി മൂസ നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാടണയുന്നു. ബോംബെ വഴി ഷാര്‍ജയില്‍ വന്നിറങ്ങിയ ആദ്യ യാത്ര ഒരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുകള്‍ പേറിയുള്ളതായിരുന്നു.
പ്രത്യേകിച്ച്, ഒരു ജോലി പരിജ്ഞാനവും കയ്യിലില്ലാതെ ആത്മവിശ്വാസത്തിന്റെ കരുത്തിലും എന്ത് ജോലിയും ചെയ്യാനുള്ള സന്നദ്ധതയുമായാണ് മൂസ മരുഭൂമിയില്‍ എത്തിയത്.

കെ.പി മൂസ

കാര്യങ്ങളൊന്നും വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ലെങ്കിലും കഠിന പ്രയത്‌നത്തിലൂടെ ഓരോ ഘട്ടവും കടന്ന് വിജയത്തന്റെയും ആത്മ സംതൃപ്തിയുടെയും വഴിയിലൂടെ നടക്കാന്‍ മൂസക്ക് സാധിച്ചു.
റെസ്റ്റോറന്റിലും സൂപര്‍ മാര്‍ക്കറ്റിലും അറബിയുടെ വീട്ടിലുമായി 25 വര്‍ഷം ക്ഷമയോടെ ജോലി ചെയ്ത് പോന്നപ്പോള്‍, ഒടുവില്‍ ദുബൈ മുനിസിപ്പാലിറ്റിയില്‍ ഓഫീസ് ബോയ് ആയി ജോലി ലഭിച്ചു.
അല്‍ത്വവാറിലെ ഒരു സൂപര്‍ മാര്‍ക്കറ്റിലെ ജോലിക്കിടയില്‍ പരിചയപ്പെട്ട അറബിയുടെ സഹായത്തോടെയാണ് ഈ ജോലി ലഭിച്ചത്. അവിടെ 15 വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ പ്രവാസത്തിന് വിരാമമിടുന്നത്.
തന്നിലേല്‍പ്പിക്കുന്ന ഏത് ജോലിയും കൃത്യതയോടെ സമയ ബന്ധിതമായി ചെയ്യാന്‍ സാധിച്ചതിന്റെ പല അംഗീകാരങ്ങളും കെ.പി മൂസയെ തേടി വന്നിട്ടുണ്ട്.
ജോലി ചെയ്യുന്ന ഓഫീസ് പരിസരത്ത് ഒരു മാവിന്‍ തൈ നട്ട് പിടിപ്പിച്ച് അതിന് വെള്ളവും വളവും മുടങ്ങാതെ നല്‍കി പരിപാലിച്ചു പോന്ന മൂസ അതില്‍ കായ്ച്ച മാങ്ങകള്‍ കണ്‍കുളിര്‍ക്കെ കണ്ടു കൊണ്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ജോലി സമയം കഴിഞ്ഞാല്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്ന മൂസ കെഎംസിസിയുടെ നിരവധി ഘടകങ്ങളില്‍ പല വിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ നേതൃപരമായ ചുമതലകള്‍ നിര്‍വഹിച്ച കെ.പി മൂസ മറ്റ് വിവിധ പ്രാദേശിക കൂട്ടായ്മകളുടെയും സാരഥിയാണ്.
ഷഫീക്കത്ത് (ഭാര്യ), ഷംന, തഹദീര്‍, ഷജീഹ എന്നീ മക്കളും ഈ വര്‍ഷത്തെ ദുബൈ ഗ്‌ളോബല്‍ വില്ലേജ് ഫോട്ടോഗ്രഫി അവാര്‍ഡ് ജേതാവ് അഫ്‌സല്‍ ശ്യാം, റമീസ് (ആന്‍ഡമാന്‍) മരുമക്കളുമായ കുടുംബത്തിന്റെ സന്തോഷമായി ഇനി കെ.പി മൂസ നാട്ടിലുണ്ടാകും.

കെ.പി മൂസ ജോലി ചെയ്യുന്ന ഓഫീസ് പരിസരത്ത് നട്ടുവളര്‍ത്തിയ മാവ്

കെഎംസിസി യാത്രയയപ്പ് നല്‍കി

പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ.പി മൂസക്ക് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ദുബൈ ക്രീക്കിലെ ഉല്ലാസ നൗകയില്‍ ഒരുക്കിയ ചടങ്ങ് ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല കെഎംസിസിയുടെ സ്‌നേഹോപഹാരം ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ കെ.പി മൂസക്ക് കൈമാറി. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി ഹസന്‍ ചാലില്‍, ഹംസ പയ്യോളി, നജീബ് തച്ചംപൊയില്‍, നാസര്‍ മുല്ലക്കല്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തു അരൂര്‍, എ.പി മൊയ്തീന്‍ കോയ ഹാജി, എം.പി അഷ്‌റഫ്, മുഹമ്മദ് മൂഴിക്കല്‍, മജീദ് കൂനഞ്ചേരി, വി.കെ.കെ റിയാസ്, ഇസ്മായില്‍ ചെരുപ്പേരി, ഹാഷിം എലത്തൂര്‍, മൂസ കൊയമ്പ്രം, അഷ്‌റഫ് ചമ്പോളി പ്രസംഗിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഹംസ കാവില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതം പറഞ്ഞു.