ലൂത്ത ഗ്രൂപ് ആരോഗ്യ പരിചരണ മേഖലയിലേക്ക്

ദുബൈ: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലൂത്ത ഗ്രൂപ് ആരോഗ്യ പരിചരണ മേഖലയിലേക്ക് പ്രവേശിക്കുന്നു. യുഎഇയിലും ഇതര ഗള്‍ഫ് മേഖലയിലുമായി ഹോളിസ്റ്റിക് ഹെല്‍ത് സെന്ററുകള്‍ സ്ഥാപിക്കാന്‍ പ്രമുഖ ആയുര്‍വേദ പരിചരണ ശൃംഖലയായ ശാന്തിഗിരി ആയുര്‍വേദ ആന്റ് സിദ്ധ ഹെല്‍ത് കെയറുമായി ചേര്‍ന്നാണ് ധാരണയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഒരു ആയുര്‍വേദ കഫെ അവതരിപ്പിച്ചു കൊണ്ട് ഹോളിസ്റ്റിക് ചികില്‍സകളുടെയും വെല്‍നസ് തെറാപികളുടെയും സവിശേഷമായ ശ്രേണിയോടെ ആദ്യ കേന്ദ്രം ദുബൈയിലാണ് ആരംഭിക്കാനുദ്ദേശിക്കുന്നത്.

Ibrahim Saeed Ahmed Lootah

ലോകാരോഗ്യ സംഘടനയുടെ 2023ലെ ഭാവി ലക്ഷ്യങ്ങളില്‍ പറയുന്ന പരമ്പരാഗത, പരിപൂരക, സമാന്തര ചികില്‍സകളെ (ട്രഡീഷനല്‍, കോംപ്‌ളിമെന്ററി ആന്റ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ -ടിസിഎഎം) സംയോജിപ്പിച്ചു കൊണ്ടുള്ള നിര്‍ദേശമനുസരിച്ചാണ് പുതിയ കേന്ദ്രം ദുബൈയില്‍ തുടങ്ങാന്‍ പോകുന്നത്. ഇതുപ്രകാരം, ടിസിഎഎമ്മിലെ എല്ലാ സ്‌പെഷ്യാലിറ്റികളും ഒരു കുടക്കീഴില്‍ വരും. ആദ്യ കേന്ദ്രം ദുബൈ മോട്ടോര്‍ സിറ്റിയിലാണ് ആരംഭിക്കുക. ജൂണ്‍ മാസത്തില്‍ തന്നെ ഔദ്യോഗിക സമാരംഭം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്. ആയുര്‍വേദം മുഖ്യമായ ചികില്‍സാ രീതിയില്‍, ഹോമിയോപതി, അക്യുപംങ്ചര്‍, ഒസ്റ്റിയോപതി, ചിരോപ്രാക്ടിക്, ന്യൂട്രീഷന്‍, യോഗാ, മെഡിറ്റേഷന്‍ തുടങ്ങിയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിട്ടുമാറാത്ത അസുഖങ്ങള്‍ക്കുള്ള ചികില്‍സയും മറ്റു സൗഖ്യ പരിചരണങ്ങളും ഉണ്ടാകും. യുഎഇയിലെ സമാന്തര തെറാപികളുടെ വിപുലമായ ശ്രേണിയാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ലൂത്ത ഗ്രൂപ് ചെയര്‍മാന്‍ ഇബ്രാഹിം സഈദ് അഹ്മദ് ലൂത്ത പറഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്കകം ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും ഓരോ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.