ലുലു ഹൈപര്‍ മാര്‍ക്കറ്റിന് ദുബൈ സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ്

14

ദുബൈ: ഈ വര്‍ഷത്തെ ദുബൈ സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി യുഎഇയിലെ മുന്‍നിര റീടെയിലറായ ലുലു ഹൈപര്‍ മാര്‍ക്കറ്റ്. ദുബൈ ഡിപാര്‍ട്‌മെന്റ് ഓഫ് എകണോമിയാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ഹൈപര്‍ മാര്‍ക്കറ്റ് മേഖലയില്‍ എക്‌സലന്‍സ് അവാര്‍ഡ് നേടുന്ന ഏക ഹൈപര്‍ മാര്‍ക്കറ്റാണ് ലുലു. ദുബൈ മാള്‍, റാക് ബാങ്ക്, അറേബ്യന്‍ ഓട്ടോമൊബൈല്‍സ് എന്നിവരാണ് വിവിധ വിഭാഗങ്ങളില്‍ ബഹുമതി കരസ്ഥമാക്കിയ മറ്റ് സ്ഥാപനങ്ങള്‍.
ഒരു വര്‍ഷം നീളുന്ന കര്‍ശന നിരീക്ഷണത്തിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ ദുബൈ എകണോമി കണ്ടെത്തുന്നത്. ഉപഭോക്തൃ സേവനങ്ങള്‍, സ്ഥാപനങ്ങളിലെ സൂക്ഷ്മ പരിശോധന, മിസ്റ്ററി ഷോപ്പിംഗ്, ശുചിത്വം, സുരക്ഷ എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങള്‍ പിന്നിട്ടാണ് ജേതാക്കളെ വിലയിരുത്തുന്നത്.
ദുബൈ സര്‍ക്കാറിന്റെ ഈ ബഹുമതി ലുലുവിന്റെ മികച്ച സേവനങ്ങളുടെ അംഗീകാരവും ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം നല്‍കുന്നതില്‍ ഉയര്‍ന്നതും സ്ഥിരതയുമുള്ള മികവ് നേടാന്‍ ഈ അംഗീകാരം കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.