ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്; നാസ്ഡാക് ദുബൈ പ്രൈവറ്റ് മാര്‍ക്കറ്റില്‍ അംഗത്വം

29
മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് നാസ്ഡാക് ദുബൈ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കി തുടക്കം കുറിച്ചപ്പോള്‍. ഡിഐഎഫ്‌സി ഗവര്‍ണറും ഡിഎഫ്എം ചെയര്‍മാനുമായ ഈസ കാസിം, മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, നാസ്ഡാക് ദുബൈ സിഇഒയും ഡിഎഫ്എം ഡെപ്യൂട്ടി സിഇഒയുമായ ഹാമിദ് അലി, ഇരു സ്ഥാപനങ്ങളുടെയും മറ്റ് ഉന്നത വ്യക്തിത്വങ്ങള്‍ സമീപം

ദുബൈ: ആഗോള തലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലേക്ക് (ഡിഐഎഫ്‌സി) കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി. കമ്പനിയുടെ അന്താരാഷ്ട്ര ഓപറേഷന്‍സ് ഓഹരികള്‍ നാസ്ഡാക് ദുബൈയിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയില്‍ (സിഎ്‌സ്ഡി) രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പെടുത്താനുള്ള സുപ്രധാന നടപടിയാണിത്, ഒപ്പം ഓഹരിയുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനിക്ക് സുതാര്യവും മികച്ച രീതിയില്‍ നിയന്ത്രിതവും കാര്യക്ഷമവും സുരക്ഷിതവുമായ മാര്‍ഗവും ഇത് ഒരുക്കുന്നു.
ഈ സന്തോഷകരമായ മുഹൂര്‍ത്തത്തിന്റെ ഭാഗമായി മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് നാസ്ഡാക് ദുബൈ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കി തുടക്കം കുറിച്ചു. ഡിഐഎഫ്‌സി ഗവര്‍ണറും ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് (ഡിഎഫ്എം) ചെയര്‍മാനുമായ ഈസ കാസിം, മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, നാസ്ഡാക് ദുബൈ സിഇഒയും ഡിഎഫ്എം ഡെപ്യൂട്ടി സിഇഒയുമായ ഹാമിദ് അലി എന്നിവരെ കൂടാതെ, ഇരു സ്ഥാപനങ്ങളുടെയും മറ്റ് ഉന്നത വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
എമിറേറ്റ്‌സ് ഇഎന്‍ബിഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോകറേജ് കമ്പനികള്‍ വഴി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ മുന്നൂറിലധികം അന്താരാഷ്ട്ര ഓപറേഷന്‍സ് ഓഹരി ഉടമകള്‍ക്ക് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ് പ്രവേശിച്ചിരിക്കുന്നത്. മലബാറിന്റെ ഇന്റര്‍നാഷനല്‍ ഓപറേഷന്‍സിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം നാസ്ഡാക് ദുബൈയിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിലൂടെ (സിഎസ്ഡി) സുരക്ഷിതമായി നടക്കും. അതേസമയം, വ്യാപാരം എക്‌സ്‌ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയില്‍ തുടരുകയും ചെയ്യും.
”മിഡില്‍ ഈസ്റ്റിലെ സുപ്രധാനമായ മികവിന്റെ കേന്ദ്രവും അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രവുമെന്ന നിലയില്‍ വിവിധ കമ്പനികള്‍ക്ക് മൂലധന വിപണിയിലെ നേട്ടങ്ങള്‍ കരസ്ഥമാക്കാനും വളര്‍ച്ച സുശക്തമാക്കാനും അവസരമൊരുക്കാന്‍ ദുബൈ പ്രതിജ്ഞാബദ്ധമാണ്. പുതിയ കമ്പനികള്‍ സ്ഥാപിക്കാനും നിലവിലുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഡിഐഎഫ്‌സിയിലേക്ക് മാറ്റാനും, അതുമല്ലെങ്കില്‍ മൂലധന വിപണി ഇടപാടുകള്‍ നടത്താനും സാഹചര്യമൊരുക്കി ലോകമെമ്പാടുമുള്ള നിരവധി മുന്‍നിര ബിസിനസുകളെ തുടര്‍ച്ചയായി ആകര്‍ഷിക്കുന്നതില്‍ ഡിഐഎഫ്‌സിയുടെ ലോകോത്തര ബിസിനസ് അന്തരീക്ഷവും നാസ്ഡാക് ദുബൈയുടെ അടിസ്ഥാന സൗകര്യങ്ങളും മാനദണ്ഡങ്ങളും ഒരു പ്രധാന വിജയ ഘടകമായി നിലകൊളളുന്നു” -അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 300 കോടി ജനസംഖ്യയുള്ള, 72 രാജ്യങ്ങളും 7.7 ട്രില്യണ്‍ യുഎസ് ഡോളര്‍ ജിഡിപിയും ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (എംഇഎഎസ്എ) മേഖലയിലെ മുന്‍നിര ഫിനാന്‍ഷ്യല്‍ ഹബ്ബാണ് ഡിഐഎഫ്‌സി.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആഗോള തലത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ സുതാര്യത, ചട്ടങ്ങള്‍, എന്നീ തലങ്ങളില്‍ വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഡിഐഎഫ്‌സി പോലുള്ള ഒരു അധികാര പരിധിയിലാണ് ഹോള്‍ഡിംഗ് കമ്പനി പ്രവര്‍ത്തിക്കേണ്ടതെന്ന് ഈ അവസരത്തില്‍ സംസാരിച്ച മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. രജിസ്ട്രാര്‍ ഓഫ് ഷെയേഴ്‌സ് ആയി നാസ്ഡാക് ദുബൈ പോലുള്ള ഒരു സ്വതന്ത്ര റെഗുലേറ്ററി അഥോറിറ്റിയുടെ ആവശ്യകത ഡയറക്ടര്‍ ബോര്‍ഡ് തിരിച്ചറിയുകയും അത് അംഗീകരിക്കുകയും ചെയ്തുവെന്നും എം.പി അഹമ്മദ് വ്യക്തമാക്കി.
നാസ്ഡാക് ദുബൈ പ്രൈവറ്റ് മാര്‍ക്കറ്റില്‍ ചേര്‍ന്നതിന് മലബാറിനോട് നന്ദി പറയുന്നതായി നാസ്ഡാക് ദുബൈ സിഇഒ ഹാമിദ് അലി പറഞ്ഞു. ബിസിനസ് സംരംഭകര്‍ക്ക് സ്വന്തം നിലയില്‍ തന്നെ പൊതു വിപണികളിലൂടെയോ സ്വകാര്യമായോ നിലവിലുള്ള നിക്ഷേപകര്‍ക്കായി കൂടുതല്‍ പങ്കാളിത്ത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അത് സാധ്യമാക്കാനും നാസ്ഡാക് ദുബൈ പ്രൈവറ്റ് മാര്‍ക്കറ്റ് സഹായിക്കുന്നു. പുതിയ നിക്ഷേപകര്‍ വരികയും ഓഹരിയുടമകളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തെ മുന്നില്‍ കണ്ട് ഷെയര്‍ രജിസ്റ്റര്‍ മികച്ച രീതിയില്‍ സൂക്ഷിക്കുന്ന നിലയിലേക്ക് പ്രൈവറ്റ് മാര്‍ക്കറ്റ് വികസിപ്പിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലായി 260ലധികം ഷോറൂമുകള്‍, 14 മൊത്ത വ്യാപാര യൂണിറ്റുകള്‍, 14 ജ്വല്ലറി നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെ ഗ്രൂപ്പിന്റെ ഓപ്പറേറ്റിംഗ് ബിസിനസായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് നിലവില്‍ 4.51 ബില്യണ്‍ യുഎസ് ഡോളര്‍ വാര്‍ഷിക വിറ്റു വരവ് നേടുന്നുണ്ട്. ആഗോള തലത്തില്‍ റീടെയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനായി 220 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കില്‍ ഇന്ത്യയിലുടനീളം 40 ഷോറൂമുകളും അന്താരാഷ്ട്ര തലത്തില്‍ 16ഉം അടക്കം ആകെ 56 ഷോറൂമുകള്‍ 2021-’22 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കാനുള്ള പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചത്, ഭാവിയില്‍ ജ്വല്ലറി വിപണിയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്ന ഗ്രൂപ്പിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നതാണ്.