100,000 കോവിഡ് 19 സൗജന്യ വാക്‌സിനുകളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്‌

ദുബൈ: പത്ത് രാജ്യങ്ങളിലായി 260ലധികം ഔട്‌ലെറ്റുകളുടെ ശക്തമായ റീടെയില്‍ ശൃംഖലയുള്ള ആഗോള മുന്‍നിര ജ്വല്ലറി റീടെയിലറായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്ത്യയില്‍ 100,000 കോവിഡ് 19 വാക്‌സിനുകള്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. രോഗബാധയുണ്ടാവാന്‍ സാധ്യതയേറെയുളള, എന്നാല്‍ വാക്‌സിന്‍ ലഭിക്കാന്‍ പ്രയാസപ്പെടുന്ന സമൂഹത്തിലെ അര്‍ഹര്‍ക്കും ആഭരണ നിര്‍മാണ തൊഴിലാളികള്‍ക്കും ഗ്രൂപ്പിന് കീഴിലുള്ള ജീവനക്കാര്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇത് ഉപയോഗപ്പെടുത്തും. കോവിഡ് 19 മഹാമാരിയുടെ സമയത്ത് ബ്രാന്‍ഡിന്റെ സിഎസ്ആര്‍ ഉദ്യമങ്ങളെ ശക്തിപ്പെടുത്താന്‍ നടത്തിവരുന്ന നിരവധി പ്രവര്‍ത്തനങ്ങളിലൊന്നാണ് ഈ ദൗത്യം. ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്ത വാക്‌സിനേഷന്‍ ഡ്രൈവ് ഉദാരവത്കരണ നടപടികളെ പിന്തുടര്‍ന്നാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ടു പോകുന്നത്.
കോവിഡ് 19 കേസുകളുടെ രണ്ടാം തരംഗത്തിനോട് ഇന്ത്യ പോരാടുമ്പോള്‍, പ്രതിരോധ കുത്തിവെയ്പ് നടത്തുന്നത് ഏറെ സുപ്രധാനമാണ്. ദേശീയ വാക്‌സിനേഷന്‍ ദൗത്യത്തെ പിന്തുണച്ചുകൊണ്ടുള്ള ഞങ്ങളുടെ ആദ്യ ചുവടു വെയ്പ്പാണ് ഈ ഉദ്യമമെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ സേവനങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് രോഗബാധയുണ്ടാവാന്‍ ഏറ്റവും സാധ്യതയുള്ളവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കാന്‍ ഈ വാക്‌സിനേഷന്‍ ഡ്രൈവ് ഉപയോഗിക്കും. പ്രായമായവരും വിട്ടു മാറാത്ത രോഗങ്ങളുള്ളവരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അവരെ ചാരിറ്റബിള്‍ അസോസിയേഷനുകളിലൂടെയും സമാന ചിന്താഗതിയുള്ള സംഘടനകളുടെ നിര്‍ദേശ പ്രകാരവും തിരിച്ചറിയും. ടീം അംഗങ്ങളെയും പാര്‍ട്ണര്‍ ശൃംഖലയിലുള്ളവരെയും പൊതുസമൂഹത്തെയും പരിരക്ഷിക്കാനായുള്ള എല്ലാ കാര്യങ്ങളും മലബാര്‍ ഗ്രൂപ് ചെയ്യുമെന്നും എം.പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തന മേഖലയില്‍ എപ്പോഴും ഒരു മാതൃകാ സ്ഥാപനമായി നിലകൊള്ളാനും അത്തരം പ്രവര്‍ത്തനങ്ങളിലൂടെ മുന്നില്‍ നിന്ന് നയിക്കാനുമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ആഗ്രഹിക്കുന്നത്. രോഗബാധയുണ്ടാവാന്‍ സാധ്യത ഏറെയുള്ള സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ചാരിറ്റബിള്‍ അസോസിയേഷനുകളിലൂടെയും സമാന ചിന്താഗതിയുള്ള സംഘടനകളിലൂടെയും തിരിച്ചറിയാനും അവര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കാനുമുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. സ്ഥാപനത്തിന്റെ പരിസരത്തും മുന്‍നിര ആശുപത്രികളുമായി ചേര്‍ന്നുമാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്‌സിനുകള്‍ നല്‍കുക. വാക്‌സിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പുറമെ, വാക്‌സിനേഷന്‍ ഡ്രൈവിനെ പിന്തുണക്കാനായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് നിരവധി ദൗത്യങ്ങളാണ് നടത്തി വരുന്നത്. ജീവനക്കാര്‍ക്കിടയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരുന്നത് സംബന്ധിച്ചും ബോധവത്കരണം നടത്തുന്നതിനൊപ്പം, അവരുടെ ആശങ്കകള്‍ പരിഹരിക്കാനും വാക്‌സിനേഷന്‍ പ്രക്രിയ ലളിതമാക്കാനും അത് പൂര്‍ത്തീകരിക്കാനുമുള്ള വിവരങ്ങള്‍ പങ്കു വെയ്ക്കുക, തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിക്കുന്ന കമ്പനികളാണ് ഏറ്റവും വിജയകരമായതെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വിശ്വസിക്കുന്നു. പ്രവര്‍ത്തിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ലാഭത്തിന്റെ 5% സ്ഥാപനം മാറ്റി വച്ചിരിക്കുന്നു.