മുസ്‌ലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കണം: കെഎംസിസി

ദുബൈ: രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളില്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാരാണ് പാലോളി കമീഷനെ നിയമിച്ചത്. കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഭരണഘടനാനുസൃതമായി നല്‍കിയ ക്ഷേമ പദ്ധതികള്‍ 100 ശതമാനവും മുസ്‌ലിംകള്‍ക്ക് തന്നെ ലഭിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മുസ്‌ലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.
കേരള സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ മുസ്‌ലിം-ക്രിസ്ത്യന്‍ അനുപാതം റദ്ദാക്കിയ കേടതി വിധിക്കെതിരെ അപ്പീല്‍ പോകണം. ഹൈക്കോടതി വിധിയില്‍ തന്നെയുള്ള വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യയുടെ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനുള്ള ഉത്തരവ് പ്രകാരം മുസ്‌ലിംകളുടെ വികസന ആവശ്യങ്ങളും അവകാശങ്ങളും പഠിച്ചു നടപ്പാക്കാനാണ് മുസ്‌ലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കേണ്ടത്. കെഎംസിസിയുടെ യുഎഇ നാഷണല്‍ കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
”കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭരണഘടനാപരമായ അവരുടെ അവകാശങ്ങള്‍ മുഴുവന്‍ ലഭിക്കുന്ന സാഹചര്യമുണ്ടാവാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മുസ്‌ലിം സമുദായത്തിന് പാലോളി കമ്മീഷന്‍ ശിപാര്‍ശ ചെയ്ത മുഴുവന്‍ ക്ഷേമ പദ്ധതികളും ലഭിക്കണം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ നിയമിച്ച ജസ്റ്റിസ് കോശി കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ക്ഷേമ പദ്ധതികള്‍ പൂര്‍ണമായും ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും ലഭിക്കണം. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഇനിയെങ്കിലും മുസ്‌ലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കാനും സര്‍ക്കാര്‍ തയാറാകണം” -പ്രസ്താവനയില്‍ വ്യക്തമാക്കി.
ഓരോ സമുദായത്തിനും ലഭിക്കേണ്ട നൂറ് ശതമാനം ആനുകൂല്യങ്ങള്‍ ലഭിക്കണം. മുസ്‌ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുത്തെന്ന പ്രചാരണം തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ഏതെങ്കിലും സമുദായം അനര്‍ഹമായി നേടിയ ആനുകൂല്യങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ തിരിച്ചെടുക്കുകയും വേണം. അസംബന്ധവും അയഥാര്‍ത്ഥവുമായ കണക്കുകളും വ്യാജ പ്രചാരണങ്ങളും നടത്തി വര്‍ഗീയ ധ്രുവീകരണം നടത്തുന്നവര്‍ ന്യൂനപക്ഷ സഹോദര സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതി അവസാനിപ്പിക്കണം. മദ്രസാധ്യാപകര്‍ക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ വിതരണം ചെയ്തുവെന്ന തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ഇത്തരം വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ചര്‍ച്ചകള്‍ക്ക് അറുതി വരുത്താന്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വ്യക്തമാക്കുന്ന ധവള പത്രം പ്രസിദ്ധീകരിക്കണം. ഈ ആവശ്യങ്ങളുമായി കെഎംസിസി മുഖ്യമന്ത്രിയെ സമീപിച്ച് പ്രവാസലോകത്തു നിന്നുള്ള പ്രവര്‍ത്തകര്‍ ഒപ്പു വെച്ച മെമ്മോറാണ്ഡം സമര്‍പ്പിക്കും. ഇന്ത്യക്കകത്തും പുറത്തും വിവിധ ജിസിസി രാജ്യങ്ങളിലുമുള്ള മുഴുവന്‍ കെഎംസിസി കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിക്കും.
ഇപ്പോള്‍ നടക്കുന്ന തര്‍ക്കം സാമൂഹിക നീതിയുമായി ബന്ധപ്പെട്ടതാണ്. അതില്‍ വ്യക്തത വരുത്തണമെന്നത് എല്ലാ ജനാധിപത്യ-മതേതര വിശ്വാസികളുടെയും ആവശ്യമാണ്. പ്രവാസ ലോകത്തും ഈ വിവാദങ്ങള്‍ പരസ്പര വിശ്വാസത്തിനും സൗഹൃദത്തിനും ഭീഷണിയാകും. സമുദായ മൈത്രിക്ക് കോട്ടം തട്ടാതെ ഈ വിവാദം അവസാനിപ്പിക്കണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദേശാനുസരണമാണ് മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയത്. ഇതര ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം 2011 ഫെബ്രുവരിയില്‍ മുസ്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 20 ശതമാനം ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് കൂടി നീക്കി വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശകളുടെ അന്ത:സത്തക്ക് നിരക്കാത്ത നടപടിയായിരുന്നു ഇത്. ഈ പശ്ചാത്തലം മറച്ചു വെച്ച് ഒരു വിഭാഗം നടത്തിയ പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിലുണ്ടായ ജാഗ്രതക്കുറവിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ കോടതി വിധി. പാലോളി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള ധാര്‍മിക ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാറിനുണ്ട്. അതുകൊണ്ടു തന്നെ, മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ അടിയന്തിരമായി മുസ്‌ലിം വികസന കോര്‍പറേഷന്‍ രൂപികരിക്കുകയാണ് വേണ്ടത്. മുഴുവന്‍ മുസ്‌ലിം ക്ഷേമപദ്ധതികളും കോര്‍പറേഷന് കീഴില്‍ കൊണ്ടുവരണം. കേരളത്തില്‍ പതിറ്റാണ്ടുകളായി പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വികസന കോര്‍പറേഷന്‍, നായര്‍-നമ്പൂതിരി-മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി മുന്നാക്ക വികസന കോര്‍പറേഷന്‍, എസ്‌സി/എസ്ടി വിഭാഗത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, കോര്‍പറേഷനുകള്‍ എന്നിവയെല്ലാമുണ്ട്. മുസ്‌ലിംകള്‍ക്ക് മാത്രമാണ് കോര്‍പറേഷനോ വകുപ്പോ ഇല്ലാത്തത്. 2008ലാണ് ഒരു ന്യൂനപക്ഷ സെല്‍ പോലുമുണ്ടായത്. കേരളത്തിലെ മുസ്‌ലിംകള്‍ മറ്റു വിഭാഗങ്ങളെക്കാള്‍ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ ഏറെ പിന്നിലാണ്. വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയും അത് മെച്ചപ്പെടുത്തേണ്ട ആവശ്യവും വിവിധ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ നിര്‍ദേശിച്ചതാണ്. ഈ നിര്‍ദേശങ്ങള്‍ തര്‍ക്കമില്ലാതെ നടപ്പാക്കാന്‍ മുസ്‌ലിം സമുദായത്തിന്റെ വികസനത്തിനായി പ്രത്യേക വികസന കോര്‍പറേഷനാണ് വേണ്ടത്. ഈയാവശ്യം നേടാന്‍ വിവിധ സമുദായ സംഘടനകളുമായി യോജിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും
യുഎഇ കെഎംസിസിക്കു വേണ്ടി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, ജന.സെക്രട്ടറി അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര എന്നിവര്‍ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.