രാജ്യാന്തര ഉച്ചകോടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി നസ്‌റിനും

തൃശ്ശൂര്‍: വിമന്‍ ഇന്‍ടെക് ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തുന്ന രാജ്യാന്തര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് അവസരം. തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട് ഒ.എം ബ്രദേഴ്‌സിലെ നസ്‌റിന്‍ നസീറാണ് ഈ അപൂര്‍വാവസരത്തിന് അര്‍ഹത നേടിയത്. രാജ്യാന്തര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സ്‌കോളര്‍ഷിപ് നല്‍കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നസ്‌റിന്‍ ഓണ്‍ലൈനില്‍ അപേ ക്ഷിച്ചത്.
ടെക്‌നോളജി മേഖലയിലെ സ്ത്രീകളുടെ രാജ്യാന്തര കൂട്ടായ്മയായ വിമന്‍ടെക് ഇന്റര്‍നാഷണല്‍ ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ നിന്നും നടത്തിയ തെരഞ്ഞെടുപ്പില്‍ നസ്‌റിന്‍ നസീര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുകയായിരുന്നു.
ജൂണ്‍ 22-24 തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്നത് മഹീന്ദ്ര ഗ്രൂപ് സിഐഒ റുച്ചാ നാനാവതി, ഐബിഎം സിടിഒ ഗാര്‍ഗ് ദാസ് ഗുപ്ത, മൈക്രോസോഫ്റ്റ് ഇന്ത്യാ സിടിഒ രോഹിണി ശ്രീവാസ്തവ എന്നീ വിവിധ മേഖലകളിലെ പ്രഗല്‍ഭരാണ്. ആലുവ മാറമ്പള്ളി എംഇഎസ് കോളജില്‍ ബി.എസ്‌സി മൈക്രോ ബയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ നസ്‌റിന്‍ നസീര്‍ വടക്കേകാട് ‘അഭയ’ത്തോടൊപ്പം കോളജിലെ പാലിയേറ്റീവ് പ്രവര്‍ത്തനത്തിലും എന്‍എസ്എസ് ഉന്നത് ഭാരത് അഭിയാന്‍, മെട്സ്റ്റാര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ തന്നെയുണ്ട്.
അഭയം പാലിയേറ്റീവ് യുഎഇ കോഓര്‍ഡിനേറ്റര്‍ നസീര്‍ ഒ.എമ്മിന്റെയും ഫൗസിയയുടെയും മകളാണ് ഈ മിടുക്കി.
വന്നേരി കമറുദ്ദീന്‍-സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് അജ്മലിന്റെ സഹധര്‍മിണിയായ നസ്‌റിനെ വടക്കേകാട് അഭയം പാലിയേറ്റീവ് ആദരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.