പുതിയ ഉടമസ്ഥാവകാശം വിസാ നിയമങ്ങള്‍ നിക്ഷേപക ആത്മവിശ്വാസം തിരിച്ചു പിടിക്കാന്‍ ദുബൈയെ സഹായിച്ചു

റിസ്‌വാന്‍ സാജന്‍ ഇന്‍ഡെക്‌സ് എക്‌സിബിഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

ദുബൈ: പുതിയ ഉടമസ്ഥാവകാശവും വിസാ നിയമങ്ങളും, ബിസിനസ് സൗഹൃദപരമായ അന്തരീക്ഷം, ഏറ്റവും അനുകൂലമായ വായ്പാ രീതികള്‍, ഉയര്‍ന്ന വിജയമുള്ള കോവിഡ് 19 വാക്‌സിനേഷന്‍ യജ്ഞം തുടങ്ങിയവ ദുബൈക്ക് നിക്ഷേപക ആത്മവിശ്വാസം തിരിച്ചു പിടിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് ഡാന്യൂബ് ഗ്രൂപ് സ്ഥാപക ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍. ദുബൈ വേള്‍ഡ് ട്രേഡ് എക്‌സിബിഷന്‍ സെന്ററില്‍ നടന്നു വരുന്ന നിര്‍മാണ മേഖലയിലെ പ്രദര്‍ശനമായ ഇന്‍ഡെക്‌സിനോടനുബന്ധിച്ച് ഡാന്യൂബ് സ്റ്റാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ പ്രോപര്‍ടി മേഖലയില്‍ ‘വന്‍ ഉയര്‍ച്ച’യാണ് എക്‌സ്‌പോ 2020 പശ്ചാത്തലത്തില്‍ വിശേഷിച്ചും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം നേടിയെടുക്കാന്‍ പല തവണ പ്രതിസന്ധികള്‍ നേരിട്ടിട്ടുള്ള ദുബൈക്ക് കഴിഞ്ഞിട്ടുണ്ട്. പൂര്‍വസ്ഥിതി പ്രാപിക്കാനുള്ള ദുബൈയുടെ ശേഷി പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സ്‌പോ അടുത്തു വന്നു കൊണ്ടിരിക്കുന്നു. അടുത്ത രണ്ടു-മൂന്നു മാസങ്ങള്‍ക്കകം റിയല്‍ എസ്‌റ്റേറ്റ് മൂല്യം ഉയരുമെന്നാണ് കരുതുന്നത്. പുതിയ അപാര്‍ട്‌മെന്റുകളുടെയും വില്ലകളുടെയും നിര്‍മാണമാരംഭിക്കാന്‍ ഡെവലപര്‍മാര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗോള്‍ഡന്‍ വിസ പോലെയും 100 ശതമാനം ഉടമസ്ഥത പോലെയും ദുബൈ ഭരണകൂടം നടപ്പാക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് സ്വന്തം ജന്മനാടെന്ന പോലെയുള്ള അനുഭൂതി സൃഷ്ടിക്കുകയാണ്. ഇത് വലിയ അനുഗ്രഹമാണെന്നാണ് തന്റെ അഭിപ്രായമെന്നും റിസ്‌വാന്‍ സാജന്‍ പറഞ്ഞു. ദുബൈയില്‍ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമായ നയങ്ങളാണ് ഇവയെനന് കാണാമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇതു കൂടാതെ, കോവിഡ് 19 പ്രതിസന്ധിയെ ദുബൈ കൈകാര്യം ചെയ്തത് ദുബൈ ബിസിനസിന് സജ്ജമാണെന്ന ശക്തമായ സന്ദേശമാണ് ലോകത്തിന് നല്‍കിയത്. ഇന്ത്യയില്‍ നിന്നും നിരവധി നിക്ഷേപകര്‍ ദുബൈയിലെത്തി ബിസിനസ് ആരംഭിക്കുന്നത് നാം നേരിട്ട് കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍-ചൈനീസ് നിക്ഷേപകരും ബിസിനസിലേക്ക് യഥേഷ്ടം കടന്നു വരുന്നുണ്ടെന്നും പ്രോപര്‍ടികള്‍ വാങ്ങുന്നുണ്ടെന്നും എമിറേറ്റിലെ പ്രോപര്‍ടി മേഖലയില്‍ നിക്ഷേപിക്കാന്‍ പറ്റിയ മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മാണ മേഖലയിലുള്ള അസംഖ്യം ഉല്‍പന്നങ്ങളുമായാണ് ഡാന്യൂബ് ഇന്‍ഡെക്‌സ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. ദുബൈ വേള്‍ഡ് ട്രേഡ് എക്‌സിബിഷന്‍ സെന്റര്‍ 3, 4 ഹാളുകളില്‍ മെയ് 31ന് തുടങ്ങിയ പ്രദര്‍ശനം ജൂണ്‍ 2ന് സമാപിക്കും. ബുധനാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രദര്‍ശനം നടക്കുന്നത്.

ഇന്‍ഡെക്‌സ് എക്‌സിബിഷനിലെ ഡാന്യൂബ് പവലിയന്‍