മൂന്നര പതിറ്റാണ്ടിന്റെ പ്രവാസാനുഭവ സമ്പത്തുമായി റഷീദ് മുതുകാട് നാടണയുന്നു

65
റഷീദ് മുതുകാട്

ദുബൈ: ജീവിത പ്രാരബ്ധങ്ങളില്‍ നിന്ന് കരകയറാനായി 1986ല്‍ 18ാം വയസ്സില്‍ യുഎഇയിലെത്തിയ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം നന്നംമുക്ക് സ്വദേശി റഷീദ് മുതുകാട് നീണ്ട മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസത്തിനൊടുവില്‍ നാടണയുകയാണ്. വിവിധ കമ്പനികളിലായി വ്യത്യസ്ത തസ്തികകളില്‍ ജീവനക്കാരനാവാന്‍ സാധിച്ചതിലൂടെ ലഭ്യമായ അനുഭവ സമ്പത്തുമായാണ് റഷീദിന്റെ നാട്ടിലേക്കുള്ള മടക്കം.
1986 സെപ്തംബറില്‍ അബുദാബിയിലെത്തി ഒരു പ്രമുഖ അറബ് കടുംബത്തിന് സേവനം ചെയ്തു കൊണ്ട് പ്രവാസത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന്, സൈഫ് ബിന്‍ ദര്‍വീസ് അബുദാബി, യൂറോപ് റെന്റ് എ കാര്‍, അബുദാബി മുനിസിപ്പാലിറ്റി, സുമിസാറ്റ് ദുബൈ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച റഷീദ് കഴിഞ്ഞ 12 വര്‍ഷമായി സുമിത്ത് സ്റ്റീല്‍ ദുബൈ എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരുന്നു. സമയ കൃത്യനിഷ്ഠത, വിശ്വാസ്യത, ആത്മാര്‍ത്ഥത എന്നീ മൂന്നു സവിശേഷതകളും ഇക്കാലമത്രയും ജോലികളില്‍ പുലര്‍ത്താന്‍ സാധിച്ചുവെന്നതാണ് റഷീദിന്റെ പ്രവാസ ജീവിതത്തിനിടയിലെ ഏറ്റവും വലിയ സംതൃപ്തി. ഒപ്പം, സന്തോഷകരമായ കുടുംബ ജീവിതം നല്‍കാന്‍ സാധിച്ചതും. തിരക്ക് പിടിച്ച ജോലികള്‍ക്കിടയിലും സാമൂഹിക പ്രതിബദ്ധതയോടെ സേവന പ്രവര്‍ത്തനങ്ങളിലും റഷീദ് പങ്കാളിയായിരുന്നു. നിലവില്‍ യുഎഇ-മുതുകാട് നന്മ കള്‍ചറല്‍ ഫോറം കമ്മിറ്റി പ്രസിഡന്റും മുതുകാട് ഗ്‌ളോബല്‍ കെഎംസിസി രക്ഷാധികാരിയുമാണ്. കൂടാതെ, യുഎഇ-മുതുകാട് മഹല്ല് കമ്മിറ്റി, എസ്എസ്എഫ്, എസ്‌വൈഎസ് എന്നീ കമ്മിറ്റികളിലും സജീവ സാന്നിധ്യമാണ് റഷീദ്.
മൂക്കുതല ചേലക്കടവ് സ്വദേശിനി സീനത്താണ് റഷീദിന്റെ ജീവിത പങ്കാളി. റഷാ തബസ്സും, മുഹമ്മദ് ഷിബില്‍, മുഹമ്മദ് സിനാന്‍ മക്കളാണ്.