ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി ഷാര്‍ജ ഇന്ത്യാ ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിന്ന്

ഷാര്‍ജ: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി ഇന്ത്യാ ഇന്റര്‍ നാഷനല്‍ സ്‌കൂളും വൈവിധ്യമാര്‍ന്ന പരിപടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. കെജി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തി നടത്തിയ പരിസ്ഥിതി ബോധവത്കരണ പരിപാടികളില്‍ ഭാവി തലമുറ ആവേശപൂര്‍വം പങ്കാളിയായി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രമേയമാക്കി സംഘടിപ്പിച്ച ചിത്രരചന, മുദ്രാവാക്യ നിര്‍മാണം, പെയിന്റിംഗ്, പരിസര ശുചീകരണം, വൃക്ഷത്തൈ നടല്‍, പരിസ്ഥിതി ബോധവത്കരണം തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി. പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള അവബോധം വിദ്യാര്‍ത്ഥികള്‍ക്ക് പകരാന്‍ പര്യാപ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. നമ്മുടെ മണ്ണും വിണ്ണും പുഴയും കരയും മലിനീകരിക്കപ്പെടാതെ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച് പെയ്‌സ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബാഹിം ഹാജി വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നടത്തി. പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മജ്ഞു റെജി, വൈസ് പ്രിന്‍സിപ്പല്‍ ത്വാഹിര്‍ അലി, പ്രധാനാധ്യാപകരായ ഷിഫാന മുഈസ്, നാസ്‌നിന്‍ ഖാന്‍, സൂപര്‍വൈസര്‍മാര്‍ നേതൃത്വം നല്‍കി.