ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ഷാര്‍ജ: ലഹരി വിരുദ്ധ ബോധവത്കരണ ഭാഗമായി ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജ ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സെക്കന്‍ഡറി-ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്ന് ആയിരത്തി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കാളികളായ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒരേസമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും വിദ്യാര്‍ത്ഥികള്‍ പരിപാടികളില്‍ സംബന്ധിച്ചു. കൗമാരപ്രായത്തില്‍ കുട്ടികളില്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള ലഹരിയോടുള്ള അഭിനിവേശം ഇല്ലാതാക്കാനും കുട്ടികളുടെ മാനസികവും ആരോഗ്യപരവുമായ വികാസത്തിനും പര്യാപ്തമാവും വിധമുള്ള പരിപാടികളാണ് സ്‌കൂള്‍ ആവിഷ്‌കരിച്ചത്. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ നിര്‍ദേശാനുസരണം സംഘടിപ്പിച്ച പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, വൈസ് പ്രിന്‍സിപ്പാല്‍ ത്വാഹിര്‍ അലി, സൂപര്‍വൈസര്‍മാരായ ഇജാസ്, ലക്ഷ്മി സുപ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.