പ്രവാസികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം: കെഎംസിസി

ദുബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഗള്‍ഫിലെ തൊഴില്‍ മേഖലയില്‍ വലിയ തിരിച്ചടിയാണ് പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്നത്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു.
പതിറ്റാണ്ടുകളുടെ പ്രവാസത്തിനിടയില്‍ ശിഷ്ടകാല ജീവിതത്തിനായി ഒന്നും കരുതി വെക്കാത്തവരാണ് അതിലധികവും.
കേരളത്തിന് പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്ത സമയത്തും കരുതലായി നിന്നവരാണ് പ്രവാസികള്‍. എന്നാല്‍, കോവിഡ് വ്യാപനം മൂലം പല കമ്പനികളും സ്ഥാപനങ്ങളും നടപ്പാക്കിയ ചെലവ് ചുരുക്കല്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമാക്കിയത്. അതുമൂലം നിര്‍ബന്ധാവസ്ഥയില്‍ നാട്ടില്‍ എത്തിയവര്‍ക്ക് അന്തസ്സായ ജീവിത സാഹചര്യം ഒരുക്കുന്നതിന് സഹായകമായ ഒരു പാക്കേജ് പ്രവാസികള്‍ക്കായി നടപ്പാക്കണം. യാത്രാ വിലക്ക് കാരണം തൊഴിലിടങ്ങളില്‍ നിശ്ചിത സമയത്ത് തിരികെ പ്രവേശിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു കൊണ്ടിരിക്കുന്നു.
ഇവരെയെല്ലാം മുന്നില്‍ കണ്ടുള്ള കരുതല്‍ നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ജില്ലാ കെഎംസിസി ആവശ്യപ്പെട്ടു.
യുഎഇയിലേക്ക് മടങ്ങാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് നയതന്ത്ര തലത്തിലുള്ള ഇടപെടലിലൂടെ ഇനിയും കാലദൈര്‍ഘ്യം ഇല്ലാതെ യാത്രാനുമതി ലഭിക്കുന്നതിന് ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 2016ല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യ സന്ദര്‍ശന വേളയില്‍ ദുബൈയില്‍ പിണറായി വിജയന്‍ നടത്തിയ ഒരു പ്രഖ്യാപനമായിരുന്നു തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 6 മാസം സര്‍ക്കാര്‍ വക ആശ്വാസ ശമ്പളം ലഭ്യമാക്കുമെന്നത്. എന്നാല്‍, അത്തരത്തിലുള്ള ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇതു വരെ ഉണ്ടായിട്ടില്ലെന്നും കെഎംസിസി കുറ്റപ്പെടുത്തി.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയില്‍, നാസര്‍ മുല്ലക്കല്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തു അരൂര്‍, കെ.പി മൂസ്സ, ഹംസ കാവില്‍, എ.പി മൊയ്തീന്‍ കോയ ഹാജി, എം.പി അഷ്‌റഫ്, മുഹമ്മദ് മൂഴിക്കല്‍, വി.കെ.കെ റിയാസ്, ഇസ്മായില്‍ ചെരുപ്പേരി, അഹമ്മദ് ബിച്ചി, മജീദ് കൂനഞ്ചേരി സംസാരിച്ചു. ജന.സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതവും സെക്രട്ടറി മൂസ കൊയമ്പ്രം നന്ദിയും പറഞ്ഞു.