ഒന്നിച്ചു പഠിച്ച മൂന്നു ഡോക്ടര്‍മാര്‍ക്ക് ഒരേ ദിവസം ഗോള്‍ഡന്‍ വിസ ലഭിച്ചു

1. ഡോ. ഷാന്‍ മുഹമ്മദും ഡോ. റമീസ ഷാനും, ഡോ. അസ്ഹറും (2) ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനില്‍ നിന്ന് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നു

ദുബൈ: സഹപാഠികളും സുഹൃത്തുക്കളുമായ മൂന്നു ഡോക്ടര്‍മാര്‍ക്ക് ദുബൈ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇവരില്‍ രണ്ടു പേര്‍ (ഡോ. ഷാന്‍ മുഹമ്മദ്, ഡോ. റമീസ ഷാന്‍) ദമ്പതികളും മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശികളുമാണ്. മൂന്നാമന്‍ കോഴിക്കോട് വടകര സ്വദേശി ഡോ. അസ്ഹര്‍ ഒറ്റപ്പിലാക്കൂല്‍ ആണ്. വൈദ്യ ശാസ്ത്ര രംഗത്തെ സേവനത്തിനുള്ള അംഗീകാരമായാണ് മൂവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചത്.
ഒന്നിച്ചു പഠിച്ച തങ്ങള്‍ മൂവര്‍ക്കും ഒരേ ദിവസം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് കെയര്‍ ഓണ്‍ ബോര്‍ഡ് ഹോം ഹെല്‍ത് ഗ്രൂപ് എംഡിയായ ഡോ. അസ്ഹര്‍ പറഞ്ഞു.
ദുബൈയില്‍ ജോലി ചെയ്യുന്നത് അനുഗ്രഹമായി കാണുന്നു തങ്ങള്‍ മൂവരുമെന്നും ഡോക്ടര്‍മാരുടെ പരിശ്രമം തിരിച്ചറിഞ്ഞ് അംഗീകാരം നല്‍കിയതിന് യുഎഇ ഭരണകര്‍ത്താക്കളോട് നന്ദി അറിയിക്കുന്നുവെന്നും വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റല്‍ എംഡിയായ ഡോ. ഷാനും, ഈ മഹാമാരിക്കാലത്ത് വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അംഗീകാരം ഏറെ പ്രചോദനം പകരുന്നുവെന്ന് മെഡ്‌സ്റ്റാര്‍ ഇസ്‌തെറ്റിക്‌സ് ക്‌ളിനിക് ഡെര്‍മറ്റോളജിസ്റ്റായ ഡോ. റമീസയും അഭിപ്രായപ്പെട്ടു.