ദുല്‍ഹിജ്ജയിലെ പത്തു ദിനങ്ങള്‍

46

പുണ്യ മാസമായ ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങള്‍ പാവനമാണ്. ആ പത്തു രാവുകള്‍ മഹത്തരമാണ്. അല്ലാഹു അവയെ സത്യം ചെയ്ത് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്:
”പ്രഭാതം, പത്ത് രാത്രികള്‍, ഇരട്ടയും ഒറ്റയും, സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാത്രി എന്നിവ തന്നെ സത്യം… ഇവയില്‍ ബുദ്ധിമാന്മാര്‍ക്ക് പര്യാപ്തമായ ശപഥമുണ്ടോ” (ഖുര്‍ആന്‍: സൂറത്തുല്‍ ഫജ്ര്‍ 1, 5)
ദുന്‍യാവിലെ ദിനങ്ങളില്‍ വച്ചേറ്റവും ശ്രേഷ്ഠമാണ് ഈ പത്തു ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ ആരാധനകളും മറ്റു സല്‍കര്‍മങ്ങളും ചെയ്ത് സത്യവിശ്വാസി മുതലാക്കേണ്ടതാണ്.
”ഈ പത്തു ദിനങ്ങളിലെ സല്‍കര്‍മങ്ങളാണ് മറ്റു ദിനങ്ങളെക്കാള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം” (ഹദീസ് തുര്‍മുദി 757).
പൂര്‍വ സൂരികളെല്ലാം ഈ ദിനങ്ങളില്‍ ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, തക്ബീര്‍, സുന്നത്ത് നമസ്‌കാരങ്ങള്‍, ദാനധര്‍മങ്ങള്‍, പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുമായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ഹജ്ജ് 28ാം സൂക്തത്തില്‍ അല്ലാഹു നിര്‍ണിത നാളുകളിലുള്ള ബലിയറവിനെ പരാമര്‍ശിക്കുന്നുണ്ട്. ആ നാളുകള്‍ ദുല്‍ഹിജ്ജ മാസത്തെ ദശദിനങ്ങളെന്നാണ് ഖുര്‍ആന്‍ പണ്ഡിതന്‍ കൂടിയായ ഇബ്‌നു അബ്ബാസ് (റ) അഭിപ്രായപ്പെട്ടിരിക്കുന്നത്.
അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തരവും പ്രിയങ്കരവുമായ ഈ ദിനങ്ങളില്‍ തഹ്‌ലീല്‍, തക്ബീര്‍, തഹ്മീദ് എന്നിവ അധികരിപ്പിക്കണമെന്നും നബി (സ്വ) അറിയിച്ചിട്ടുണ്ട് (ഹദീസ് അഹ്മദ് 5575).
ഈ ദിനങ്ങളിലും രാവുകളിലും ശരീരം ആരാധനകളാല്‍ സജീവമാകണം. നാവ് ദിക്‌റുകളാല്‍ ചലിച്ചു കൊണ്ടിരിക്കണം. നിരന്തരം ചെയ്തു കൊണ്ടിരിക്കേണ്ട കാര്യമെന്തെന്ന് ചോദിച്ചയാളോട് ദൈവ സ്മരണകളായ ദിക്‌റുകള്‍ ഉരുവിട്ടു കൊണ്ട് നാവിനെ ഓജസ്സുറ്റതാക്കണമെന്നാണ് നബി (സ്വ) ഉപദേശിച്ചത് (ഹദീസ് തുര്‍മുദി 3375, ഇബ്‌നു മാജ 3793).