മാനവികതയുടെ അറഫാ സംഗമം

അറഫാ ദിനത്തിലാണ് അല്ലാഹു പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം പ്രഖ്യാപിക്കുന്നത്: ഇന്ന് ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു (സൂറത്തുല്‍ മാഇദ 03).
അതായത്, അറഫയിലെ ചരിത്ര സംഗമത്തിലാണ് ഇസ്‌ലാമിലെ അനുവദനീയങ്ങളും നിഷിദ്ധങ്ങളുമടങ്ങിയ മത സംഹിത പരിപൂര്‍ണമായി അവതരിപ്പിച്ചതും ശ്രേഷ്ഠ സ്വഭാവങ്ങള്‍ സമ്പൂര്‍ണമായി പരിചയപ്പെടുത്തിയതും. സ്വഭാവ വൈശിഷ്ട്യങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കാന്‍ നിയോഗിതരായവരാണ് നബി(സ്വ)യെന്ന് തങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, അദബുല്‍ മുഫ്‌റദ് 273).
ഇസ്‌ലാം മഹിത സ്വഭാവ ഗുണങ്ങളുടെ സത്‌സരണിയാണ്. ദൈവ സ്മരണ മനുഷ്യന് ദുഷ്ടത്തരങ്ങളില്‍ നിന്നുള്ള കവചമാണൊരുക്കുന്നത്. അല്ലാഹു നിരീക്ഷിക്കുന്നുവെന്ന ഭയം എപ്പോഴുമുണ്ടാകും. ദൈവ കല്‍പനകളായ ആരാധനകള്‍ യഥാവിധി നിര്‍വഹിക്കാനും കുടുംബക്കാരോടും ബന്ധുക്കളോടും അയവാസികളോടും അങ്ങനെ സമൂഹത്തിലെ സകലരോടും സദ്ഗുണരായി ഇടപഴകാനും പ്രേരണയേകും.
ക്യത്യതയോടെയുള്ള നമസ്‌കാര നിര്‍വഹണം നന്മകള്‍ ചെയ്യാനും തിന്മകള്‍ വെടിയാനും പ്രോത്സാഹിപ്പിക്കുന്നതാണ്. അല്ലാഹു പറയുന്നു, ”നമസ്‌കാരം യഥായോഗ്യം നിര്‍വഹിക്കുക. നീച വൃത്തികളിലും നിഷിദ്ധ കര്‍മങ്ങളിലും നിന്ന് തീര്‍ച്ചയായും നമസ്‌കാരം തടയുന്നതാണ്” (സൂറത്തുല്‍ അന്‍കബൂത് 45).
വ്രതം പരിചയായി ദോഷങ്ങളില്‍ നിന്ന് തട്ടി മാറ്റുന്നതാണ്. വ്രതാനുഷ്ഠാനിയുടെ നാവും മറ്റു അവയവങ്ങളും സൂക്ഷ്മത പാലിക്കുന്നതായിരിക്കും.
ഹജ്ജ് മാനവികത വിളിച്ചോതുന്ന ആരാധനയാണ്. ഇസ്‌ലാം മതത്തിന്റെ ദാര്‍ശനിക മൂല്യങ്ങള്‍ ഹജ്ജ് കര്‍മത്തില്‍ വെളിവാകുന്നുണ്ട്. ഹജ്ജാജിമാരെല്ലാം ഒരൊറ്റ മനസ്സോടെ ഒരൊറ്റ ദൈവത്തോട് വിളിക്ക് ഉത്തരം നല്‍കിയെന്ന് വിളിച്ചോതി അറഫാ മണ്ണില്‍ സംഗമിക്കും. പരസ്പരം സഹകരിച്ചും സഹായിച്ചും മത ചിഹ്‌നങ്ങളെ ബഹുമാനിച്ചും ഭയഭക്തിയിലും പാരസ്പര്യ ബോധത്തിലും അവര്‍ സൗയൂജ്യമടഞ്ഞവരായിരിക്കും. വിശിഷ്ട സ്വഭാവങ്ങള്‍ സിദ്ധിച്ചവരുമായിരിക്കും. അറഫാ ദിനത്തില്‍ അല്ലാഹു വിളംബരം ചെയ്ത സത്യവിശ്വാസ പൂര്‍ണത കൈവരിക്കാന്‍ ഈ മാനവിക മൂല്യങ്ങളെല്ലാം സത്യവിശ്വാസിക്ക് അനിവാര്യമായുമുണ്ടായിരിക്കേണ്ടതാണ്. ”സ്വഭാവ മേന്മയുള്ളവര്‍ സത്യവിശ്വാസത്തില്‍ സമഗ്രത നേടിയവരായിരിക്കും” (ഹദീസ് അബൂ ദാവൂദ് 4682) എന്നാണ് നബി (സ്വ) പറഞ്ഞത്.
അറഫാ ദിനത്തില്‍ അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക കരുണാ കടാക്ഷമുണ്ടായിരിക്കുന്നതാണ്. ആ ദിനത്തില്‍ ശരീരാവയവങ്ങള്‍ ദോഷങ്ങളില്‍ പെടാത സൂക്ഷിച്ചവര്‍ക്ക് പാപമോചനമാണ് അല്ലാഹുവിന്റെ ഉറപ്പ്. നബി (സ്വ) പറഞ്ഞിരിക്കുന്നു, ”അറഫാ ദിനത്തില്‍ കണ്ണും കാതും നാവും സൂക്ഷിച്ചവര്‍ പാപ മോചിതരായിരിക്കും” (ഹദീസ് മുസ്‌നദു അഹ്മദ് 3097). ”അറഫാ ദിനത്തിലെ വ്രതാനുഷ്ഠാനം കഴിഞ്ഞ വര്‍ഷത്തെ ദോഷങ്ങളില്‍ നിന്ന് പാപ മോചനവും വരാനിരിക്കുന്ന വര്‍ഷത്തെ ദോഷങ്ങളില്‍ നിന്ന് പാപ സുരക്ഷയും നല്‍കുന്നതാണ്” (ഹദീസ് മുസ്‌ലിം 1162). അറഫാ ദിനം പശ്ചാത്താപത്തിനും പ്രാര്‍ത്ഥനക്കും ദിക്‌റിനും പറ്റിയ ദിവസമാണ്. അല്ലാഹുവില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നതായിരിക്കും. ”അറഫാ ദിനത്തിലെ പ്രാര്‍ത്ഥന ഏറ്റവും നല്ല പ്രാര്‍ത്ഥന”(തുര്‍മുദി 3585)യെന്നും ഹദീസുണ്ട്.