ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കലാ പ്രദര്‍ശനം

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് എക്‌സിബിഷന്‍ സീരീസ്' കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയും ദുബൈ കള്‍ചര്‍ ആന്റ് ആര്‍ട്‌സ് അഥോറിറ്റി ഫൈന്‍ ആര്‍ട്ട് ഡയറക്ടര്‍ ഖലീല്‍ അബ്ദുല്‍ വാഹിദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് എക്‌സിബിഷന്‍ സീരീസ്’ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയും ദുബൈ കള്‍ചര്‍ ആന്റ് ആര്‍ട്‌സ് അഥോറിറ്റി ഫൈന്‍ ആര്‍ട്ട് ഡയറക്ടര്‍ ഖലീല്‍ അബ്ദുല്‍ വാഹിദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ‘ഇന്ത്യ@75’ ആസാദി കാ അമൃത് മഹോത്‌സവ് ഭാഗമായി ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും കലകളുടെയും പൈതൃകത്തിന്റെയും വ്യത്യസ്ത ഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കാനായാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
കോണ്‍സുലേറ്റില്‍ ലഭിച്ച 650 എന്‍ട്രികളില്‍ നിന്നും തെരഞ്ഞെടുത്ത 9 സൃഷ്ടികളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത-ആധുനിക ഇന്ത്യന്‍ കല ഇവിടെ കാണാം. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ആര്‍ട്ടിസ്റ്റുകളെ ഡോ. അമന്‍ പുരി അഭിനന്ദിച്ചു. ഇന്ത്യാ-യുഎഇ സാംസ്‌കാരിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഇത്തരം പരിപാടികളെന്ന് ഖലീല്‍ അബ്ദുല്‍ വാഹിദ് അഭിപ്രായപ്പെട്ടു.
ദുബൈ ഗുരുകുല്‍ സ്റ്റുഡിയോ വിദ്യാര്‍ത്ഥിനികളുടെ കഥക് നൃത്താവതരണവുമുണ്ടായിരുന്നു. നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ജൂലൈ 19 മുതല്‍ സെപ്തംബര്‍ 8 വരെ പ്രതിവാരം മൂന്നു ദിവസം (തിങ്കള്‍, ചൊവ്വ, ബുധന്‍) പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനം ഉച്ച 2 മുതല്‍ വൈകുന്നേരം 6 വരെ കോണ്‍സുലേറ്റില്‍ ഉണ്ടാകും.

കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി സംസാരിക്കുന്നു