ആസ്റ്ററിന്റെ 300ലധികം ഡോക്ടര്‍മാരെ യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു

44
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍

319 ആസ്റ്റര്‍ ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 750ലധികം പേര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു

ദുബൈ: രാജ്യത്തെ ആരോഗ്യ പരിചരണ, മെഡിസിന്‍ മേഖലകളില്‍ തുടര്‍ന്നു വരുന്ന മികച്ച സേവനങ്ങള്‍ പരിഗണിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ യുഎഇയിലെ ആസ്റ്റര്‍, മെഡ്‌കെയര്‍ ഹോസ്പിറ്റലുകളുടെയും ക്‌ളിനിക്കുകളുടെയും ശൃംഖലയില്‍ നിന്നുമുള്ള 319 ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല റെസിഡന്‍സി വിസാ പദ്ധതിയായ ഗോള്‍ഡന്‍ വിസ അനുവദിക്കപ്പെട്ടു.
ജിസിസിയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ ശൃംഖലങ്ങളിലൊന്നും യുഎഇയില്‍ ആരംഭിച്ച ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡുമായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ കഴിഞ്ഞ 34 വര്‍ഷമായി രാജ്യത്ത് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ പ്രാദേശികമായി ലഭ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഗോള്‍ഡന്‍ വിസ ആദരം ലഭിച്ച ആസ്റ്റര്‍ ഡോക്ടര്‍മാരില്‍ പലരും പത്ത് വര്‍ഷത്തിലേറെയായി യുഎഇയില്‍ രോഗികളെ സേവിക്കുന്നവരാണ്.
”സമൂഹത്തിന് നല്‍കിയ സമഗ്ര സേവനങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ ഞങ്ങളുടെ ഡോക്ടര്‍മാരെ ആദരിച്ചത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്. കൂടാതെ, യുഎഇയിലെ ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഇതിലൂടെ ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യുന്നു” -ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മെഡിക്കല്‍ മികവിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി ഈ മേഖലയെ മാറ്റാനാവശ്യമായ ശാസ്ത്രം, ചികിത്സാ മികവ്, മെഡിക്കല്‍ ഗവേഷണം, ഗുണനിലവാരമുളള ആരോഗ്യ സേവനങ്ങള്‍ എന്നിവയുള്‍ക്കുന്ന ഒരു വിദഗ്ധരുടെ കേന്ദ്രം സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതിലും വളരെയധികം സഹായകമാകുന്ന ഈ സവിശേഷ ഉദ്യമത്തിന് യുഎഇയുടെ ദീര്‍ഘ വീക്ഷണം നിറഞ്ഞ ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നു. മികവുറ്റ സേവനത്തിന് ഈ വിലയേറിയ അംഗീകാരം ലഭിച്ച ആസ്റ്റര്‍, മെഡ്‌കെയര്‍ ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 34 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ യുഎഇയിലെ ആരോഗ്യ പരിചരണ രംഗത്തെ ഇന്നത്തെ നിലയിലേക്ക് രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചതിനുള്ള അംഗീകാരമായി പത്മശ്രീ പുരസ്‌കാര ജേതാവായ ഡോ. ആസാദ് മൂപ്പനെ 2019ല്‍ യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു. യുഎഇയുടെ അഭിമാനകരമായ ഈ ദീര്‍ഘകാല റെസിഡന്‍സി വിസ അനുവദിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംരംഭകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഇതിനെ തുടര്‍ന്ന് യുഎഇയിലെ ആരോഗ്യ സംരക്ഷണ രംഗത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി എംഡി അലീഷാ മൂപ്പനെയും രാജ്യം ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു.
1987ല്‍ ദുബായിലെ ഒരു ക്‌ളിനിക്കില്‍ നിന്ന് ആരംഭിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ഇന്ന് 7 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 27 ആശുപത്രികളും 115 ക്‌ളിനിക്കുകളും 223 ഫാര്‍മസികളും ഉള്‍പ്പെടെ 365ലധികം യൂണിറ്റുകളുള്ള ഒരു അന്താരാഷ്ട്ര ആരോഗ്യ പരിചരണ ശൃംഖലായി മാറിയിരിക്കുന്നു. 2900ത്തിലധികം ഡോക്ടര്‍മാരും 6500 ലധികം നഴ്‌സുമാരുമുള്‍പ്പെടെ 21,900 ജീവനക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. മികച്ച ഗുണനിലവാരമുളള ആരോഗ്യ പരിചരണം ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും അനായാസം പ്രാപ്യമായ രീതിയില്‍ ഉറപ്പാക്കി മുന്നോട്ടുള്ള പ്രയാണം തുടരുകയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍.